കണ്ണൂര്‍ കോര്‍പറേഷന്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ വാക്ക്‌പോര്

Tuesday 26 September 2017 9:42 pm IST

കണ്ണൂര്‍: ചട്ടങ്ങളെയും ചട്ടങ്ങളിലെ ഇളവുകളെയും സംബന്ധിച്ച് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്ക് പോര്. മിക്ക അജണ്ടകളിലും ചട്ടങ്ങളും നിയമങ്ങളും കടന്നുവന്നതോടെ പലപ്പോഴും ബഹളത്തില്‍മുങ്ങി. തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ രണ്ടുവര്‍ഷമായി നിലച്ചതു സംബന്ധിച്ച കെ പ്രകാശന്റെ ആദ്യ അജണ്ടയില്‍ മേയര്‍ ഇ പി ലതയുടെ മറുപടിക്കു ശേഷം വീണ്ടും സംസാരിക്കാന്‍ ശ്രമിച്ചത് ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടി മേയര്‍ വിലക്കി. എസ്‌സി പദ്ധതികള്‍ സംബന്ധിച്ച ചോദ്യത്തിന്‍മേലും തുടര്‍ചര്‍ച്ചകള്‍ വേണ്ടെന്നായിരുന്നു മേയറുടെ നിലപാട്. ഇതിനെതിരേ പ്രതിപക്ഷം രംഗത്തെത്തി. തൊഴിലാളികളില്ലാത്തതിനാലാണ് തൊഴിലുറപ്പ് പദ്ധതി നിലച്ചതെന്നും ഇന്റര്‍വ്യൂ ഉള്‍പ്പെടെയുള്ളവ നടന്നുകഴിഞ്ഞെന്നും ആവശ്യമായ കാര്യങ്ങള്‍ ഉടന്‍ ചെയ്യുമെന്നും സെക്രട്ടറി വിശദീകരിച്ചു. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പഠനാവശ്യത്തിനു എസ്‌സി വിദ്യാര്‍ഥികള്‍ക്കു ലഭിക്കേണ്ട ലാപ്‌ടോപ് ലഭിച്ചില്ലെന്നു ആരോപണമുയര്‍ന്നു. ഇതുസംബന്ധിച്ച് പ്രതിപക്ഷ പ്രതിനിധിയും എസ്‌സി പദ്ധതി ചെയര്‍മാനുമായ ധനേഷ്ബാബു മറുപടി നല്‍കുന്നതിനെയും മേയര്‍ വിലക്കി. ചോദ്യങ്ങളെ ഭയക്കുന്നത് എന്തിനെന്നു പറഞ്ഞാണ് പ്രതിപക്ഷം ബഹളംവച്ചത്. ഇതുസംബന്ധിച്ച് യോഗം വിളിച്ചിട്ടുണ്ടെന്നു സെക്രട്ടറി മറുപടി നല്‍കിയതോടെ ഇരുപക്ഷവും ശാന്തമായി. സെന്‍ട്രല്‍ മാര്‍ക്കറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് എട്ടാമത് പാര്‍ട്ടിന്റെ ബില്ലിലെ കുടിശ്ശിക ഇനത്തില്‍ കരാറുകാരനു 8.83 ലക്ഷം രൂപ അനുവദിച്ച വിഷയം പ്രതിപക്ഷ വിയോജിപ്പോടെ അംഗീകരിച്ചു. എടക്കാട് സോണലിലെ വീട്ടമ്മയ്ക്കു അനുവദിച്ച സാധുക്കളായ വിധവകളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹധനസഹായം സംബന്ധിച്ച് പരാതി ഉയര്‍ന്നതിനാല്‍ തിരിച്ചുപിടിക്കണമെന്ന ആവശ്യത്തിന്‍മേലും ചര്‍ച്ച നടന്നു. അപേക്ഷക പുനര്‍വിവാഹിതയാണ് എന്നതിനാല്‍ തുക തിരിച്ചുപിടിക്കണമെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ നിര്‍ദേശം. എന്നാല്‍, പുനര്‍വിവാഹിതയാണെന്നതിനു രേഖകള്‍ ഉണ്ടെങ്കില്‍ മാത്രമേ നടപടിയെടുക്കാവൂ എന്ന് ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. തീരുമാനം പുനപരിശോധിക്കാമെന്നും റിപോര്‍ട്ടിന്‍മേല്‍ അന്വേഷണം നടത്തി തീരുമാനമെടുക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും അടുത്ത കൗണ്‍സിലില്‍ റിപോര്‍ട്ട് ചെയ്യണമെന്നും തീരുമാനിച്ചു. ചര്‍ച്ചകളില്‍ സി.സമീര്‍, എം.പി.മുഹമ്മദലി, ആര്‍.രഞ്ജിത്ത്, പ്രകാശന്‍, അഡ്വ. ലിഷാ ദീപക്, സുമാബാലകൃഷ്ണന്‍, അഡ്വ.പി.ഇന്ദിര, എന്‍.ബാലകൃഷ്ണന്‍, വെള്ളോറ രാജന്‍, കെ.പി. എ.സലീം, ടി.കെ.അശ്‌റഫ്, സി.സീനത്ത്, സി.എറമുള്ളാന്‍, എം.വി.സഹദേവന്‍ സംബന്ധിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.