പൂങ്കാവനത്തിന്റെ പുത്രന്മാര്‍

Tuesday 26 September 2017 6:04 pm IST

കേരളത്തെ സമ്പന്നമാക്കാന്‍ പ്രാപ്തമായ സങ്കേതമാണ് ശബരിമല അയ്യപ്പക്ഷേത്രം. നാലണയുടെ മണിമാലകൊണ്ട് ഇവിടെ ഭക്തന്‍ ഭഗവാനാകുന്നു. സമഭാവനയുടെ പരമോന്നത സങ്കല്‍പമാണ് പൂങ്കാവനമലകളിലൊഴുകുന്നത്. കുബേരനേയും കുചേലനേയും പണ്ഡിതനേയും പാമരനേയും കണ്ടാലറിയാത്ത വേഷം. സ്വയം പ്രേരണയില്‍ സുഖം ത്യജിച്ച് കഠിന വ്രതം നോറ്റ്, മനസ്സിന്റെ, മാലിന്യമകറ്റുന്നവരുടെ പദചലനങ്ങള്‍ പൂര്‍ണ്ണത തേടുന്നത് പമ്പയും കടന്നുള്ള പതിനെട്ടു പടികള്‍ക്കു മുകളിലാണ്. ഭൗതിക ജീവിതത്തിന് ആത്മീയതയുടെ അടിത്തറയേകുന്ന അത്ഭുത സങ്കേതമാണ് ശബരിമല. ദിനം തോറും ഭക്തരുടെ പ്രവാഹം ഏറുന്ന ശബരിമല ക്ഷേത്രം നിലകൊള്ളുന്നത് പൂങ്കാവനമെന്ന വിസ്തൃതമായ 18 മലകളുടെ മധ്യത്തിലാണ്. കേരളത്തില്‍ നിന്നോ ഭാരതത്തിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നോ മാത്രമല്ല ഇവിടേയ്ക്ക് കെട്ടുംകെട്ടി ഭക്തരെത്തുന്നത്. ലോകമെമ്പാടുമുള്ളവര്‍ ഈ കാനനമധ്യത്തിലെ കലിയുഗവരദനെ തേടിയെത്തുകയാണ്. പത്തനംതിട്ടയുടെ കിഴക്കന്‍ മലനിരകളിലെ പൂങ്കാവനത്തിന് പ്രശസ്തിയിലും പ്രസക്തിയിലും പവിത്രമായ പദവിയുണ്ടെങ്കിലും ഈ ഉള്‍വനത്തിന്റെ സ്വന്തം മക്കള്‍ അനാഥരാണ്. സംസ്ഥാനത്തിനു മുഴുവന്‍ സാമ്പത്തിക ഉത്തേജനം നല്‍കുന്ന ഭക്തകോടികള്‍ ഒരാരവമായി വന്നൊഴിയുമ്പോഴും പാറക്കെട്ടുകള്‍ക്കിടയില്‍ പനയോലചാരി അതിനുള്ളില്‍ അന്തിയുറങ്ങുന്ന മനുഷ്യജന്മങ്ങളെ ആരും അറിയുന്നില്ല. പൂങ്കാവനത്തിന്റെ മക്കള്‍ ജനിക്കുന്നതും ജീവിക്കുന്നതും മരിക്കുന്നതും വന്യമായ ഒരു നിഗൂഡതയോടെയാണ്. വിദ്യാഭ്യാസമില്ല, വൈദ്യസഹായം ഇല്ല. കാട്ടിലെ കായും കിഴങ്ങും കഴിച്ച് മഴയും മഞ്ഞുമേറ്റ് പെയ്‌തൊഴിയുന്ന ജീവിതങ്ങള്‍. അവര്‍ക്കായി വാദിക്കാനും വിലപിക്കാനും ആരുമില്ല. ഒരു പടുത കിട്ടിയാല്‍ അവര്‍ക്കു സ്വര്‍ഗം. നനയാതെ കിടന്നുറങ്ങാന്‍ കഴിഞ്ഞാല്‍ സ്വപ്‌നസാക്ഷാത്കാരമായി. ഉഗ്രവിഷം പേറുന്ന പാമ്പും വന്യമൃഗങ്ങളുമൊക്കെ ഇവര്‍ക്ക് സഹജീവികള്‍. ഒന്നിനേയും ഭയമില്ല. എന്തിനു ഭയക്കണം. പുലരി പിറന്നാല്‍ അസ്തമയം വരെ അന്നം തേടിയുള്ള യാത്ര. അതിനപ്പുറം ഒന്നുമറിയാത്ത വലിയ കാട്ടിലെ ചെറിയ മനുഷ്യര്‍. ശബരിമല പൂങ്കാവനത്തില്‍പ്പെട്ട ളാഹ, ചെളിക്കുഴി, തുലാപ്പള്ളി, നിലയ്ക്കല്‍, അട്ടത്തോട്, ചാലക്കയം, മൂഴിയാര്‍, നാല്‍പത്തഞ്ച് ബ്ലോക്ക്, കാക്കാത്തിക്കോളനി, കൊക്കാത്തോട് തുടങ്ങിയ സ്ഥലങ്ങളിലാണ് വനവാസി കോളനികളുള്ളത്. സര്‍ക്കാര്‍ സഹായമെന്ന പ്രഖ്യാപനങ്ങളുടെ പെരുമഴ പത്രത്താളുകളിലൊതുങ്ങുകയാണ്. ഈ കോളനികള്‍ വിട്ട് ഉള്‍വനത്തില്‍ ശരിക്കും വനവാസികളായി ജീവിക്കുന്നവരും നിരവധിയാണ്. അവരുടെ കണക്ക് ആരുടെ പക്കലുമില്ല. ശബരിമല പൂങ്കാവനത്തില്‍ മാത്രം ആയിരത്തിലേറെ കുടുംബങ്ങള്‍ ജീവിക്കുന്നുണ്ട്. അട്ടത്തോട്ടിലാണ് ഏറ്റവും കൂടുതല്‍. 405 കുടുംബങ്ങള്‍. മൂവായിരത്തോളം പേര്‍. മറ്റു കോളനികളില്‍ നൂറും നൂറില്‍ താഴെയും കുടുംബങ്ങള്‍. ഇതില്‍ അട്ടത്തോട്ടില്‍ മാത്രം നാലാം ക്ലാസ് വരെ പഠിക്കാന്‍ സംവിധാനം. മറ്റുള്ള സ്ഥലത്ത് 40 കിലോമീറ്റര്‍ നടന്ന് ആദ്യാക്ഷരം കുറിയ്ക്കണം. പഠിക്കാനറിയാത്ത, ആവശ്യങ്ങളറിയാത്ത, ആഗ്രഹങ്ങളില്ലാത്ത ഒരു ജനവിഭാഗത്തെ സാക്ഷരരാക്കാന്‍ വനവാസിപ്രേമികളെന്നു സ്വയം പ്രഖ്യാപിക്കുന്ന സര്‍ക്കാരുകളൊന്നും ഇവിടെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വനത്തിനുള്ളില്‍ ജനിക്കുന്നതും മരിക്കുന്നതുമായ മനുഷ്യരുടെ കണക്കെടുക്കാന്‍ നമുക്കു സംവിധാനമില്ല. നാലുദിവസം നടന്ന് പഞ്ചായത്തിലെത്തി അതറിയിക്കാനുള്ള വിവരവും അവര്‍ക്കില്ല. അസുഖം വന്നാല്‍ വെറ്റില പാക്ക് വെച്ച് മലദൈവത്തോട് പ്രാര്‍ത്ഥിക്കും. ഫലം എന്തായാലും പരിഭവമില്ല. ഈ വനവാസിക്കൂട്ടങ്ങള്‍ക്കിടയില്‍ ശിശുമരണങ്ങളും പട്ടിണിമരണങ്ങളും ഏറെയാണ്. വിദ്യാഭ്യാസത്തിനും വൈദ്യസഹായത്തിനും സംവിധാനമില്ല. ആനുകൂല്യങ്ങളൊന്നും വേണ്ട. ഒരു നേരമെങ്കിലും അന്നത്തിനുള്ള വക കിട്ടുമോ എന്നാണവര്‍ക്കറിയേണ്ടത്. അയ്യന്റെ മണ്ണില്‍ ലോകം അറിയാതെ ജനിച്ചു മരിക്കുന്ന മനുഷ്യജന്മങ്ങള്‍ക്ക് വെളിച്ചം പകരുന്നതിനായാണ് പെരുനാട് കൂനംകരയില്‍ ശബരി ശരണാശ്രമം ആരംഭിച്ചത്. ശബരിമല പൂങ്കാവനത്തില്‍ കഴിയുന്ന നിര്‍ദ്ധന ബാല്യങ്ങളുടെ ശരണകേന്ദ്രമാണിത്. വനത്തിനുള്ളില്‍ അഷ്ടിക്കുവകയില്ലാതെ പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ 25 ബാല്യങ്ങളെ ശബരി ശരണാശ്രമം ഇന്നു സംരക്ഷിക്കുന്നു. നാലര വയസുകാരന്‍ മുതല്‍ 16 കാരന്‍ വരെയുണ്ട് ഇതില്‍. 2014 നവംബര്‍ 18-ന് ആരംഭിച്ച ഈ ശരണാശ്രമം വനവാസി ബാല്യങ്ങളുടെ സംരക്ഷണവും സ്വയം പര്യാപ്തതയും ലക്ഷ്യമിടുന്നു.ഉള്‍വനത്തില്‍ കഴിയുന്നവരെ കണ്ടെത്തി അവരുടെ ക്ലേശങ്ങളറിഞ്ഞ് ആവശ്യമായ സഹായങ്ങളെല്ലാം ചെയ്യാന്‍ ശബരി ശരാണാശ്രമത്തിന് ഇന്നു കഴിയുന്നുണ്ട്. പൂങ്കാവനത്തിലെ ഉള്‍വന മേഖല ഉള്‍പ്പെടെയുള്ള വനവാസികളെക്കുറിച്ച് ശബരി ശരണാശ്രമം പ്രവര്‍ത്തകര്‍ പഠനറിപ്പോര്‍ട്ട് തയ്യാറാക്കിക്കഴിഞ്ഞു. രോഗബാധിതരായ രക്ഷകര്‍ത്താക്കളുടേയും പഠനം ആഗ്രഹിക്കുന്നവരുടേയും കുട്ടികളെയാണ് ശബരി ശരണാശ്രമത്തിലെത്തിച്ച് ആവശ്യമായ സൗകര്യങ്ങളൊക്കെ നല്‍കിവരുന്നത്. ദശാബ്ദങ്ങളായി ശബരിമലയുടെ ഹൃദയസ്പന്ദനങ്ങറിഞ്ഞ, പൂങ്കാവനത്തിന്റെ പുണ്യമറിഞ്ഞ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലാണ് ശബരി ശരണാശ്രമം ട്രസ്റ്റ് രൂപീകൃതമായി പ്രവര്‍ത്തനം തുടങ്ങിയത്. ശബരിമല പൂങ്കാവനത്തിനു സമീപം പെരുനാട് കൂനംകരയില്‍ 18 ഏക്കര്‍ വിസ്തൃതിയിലുള്ള ശബരി ശരണാശ്രമത്തിലാണ് മണികണ്ഠ ഗുരുകുലം പ്രവര്‍ത്തിക്കുന്നത്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് മുഴുവന്‍ സമയവും അന്നദാനവും വിശ്രമസൗകര്യവും ശരണാശ്രമത്തില്‍ നടത്തിവരുന്നു. മണ്ഡല മകരവിളക്കുകാലത്ത് ദിനംപ്രതി ആയിരങ്ങള്‍ക്കാണ് ഇവിടെ അന്നദാനം നല്‍കുന്നത്. മണികണ്ഠഗുരുകുലത്തിനായി 3000 ചതുരശ്രയടി വിസ്തൃതിയിലുള്ള കെട്ടിടം നിലവിലുണ്ട്. എല്ലാവിധ സൗകര്യങ്ങളോടും കൂടി മണികണ്ഠ ഗുരുകുലത്തിന്റെ തുടര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ശബരി ശരണാശ്രമത്തോടനുബന്ധിച്ച് ഗോശാലയും പച്ചക്കറി കൃഷികളും വിപുലമായി നടത്തുന്നുണ്ട്. പൂങ്കാവനത്തില്‍പ്പെട്ട വനവാസി കേന്ദ്രങ്ങളിലെല്ലാം ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും ആവശ്യമനുസരിച്ച് ശബരി ശരണാശ്രമം ട്രസ്റ്റ് വിതരണം ചെയ്യുന്നു. അട്ടത്തോട്ടിലെ വനവാസികള്‍ക്കായി സാംസ്‌കാരിക കേന്ദ്രമടക്കം വിപുലമായ പദ്ധതികളാണ് ട്രസ്റ്റ് രൂപകല്‍പന ചെയ്ത് നടപ്പാക്കി വരുന്നത്. വി. കെ. വിശ്വനാഥന്‍ പ്രസിഡന്റും, എന്‍. ജി. രവീന്ദ്രന്‍ മാനേജിംഗ് ട്രസ്റ്റിയുമായുള്ള ട്രസ്റ്റ് പൂങ്കാവനത്തിന്റെ മക്കള്‍ക്ക് ശരണമേകുവാന്‍ പ്രതിജ്ഞാബന്ധരായി പ്രവര്‍ത്തനം നടത്തുന്നു. പൂങ്കാവനത്തിലെ സര്‍വ്വര്‍ക്കും ആവശ്യമായ സഹായമേകുക എന്ന ലക്ഷ്യത്തോടെയാണ് ശരണാശ്രമം ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത് സഹായങ്ങള്‍ ക്ഷണിക്കുന്നു ശബരിമലയില്‍ 300 കോടി രൂപ വരുമാനമുണ്ട്. ഏകദേശം അഞ്ച് കോടി ഭക്തന്മാര്‍ തീര്‍ത്ഥാടനം നടത്തുന്നു. പക്ഷേ ഒന്നോര്‍ക്കുക ശബരിമല ക്ഷേത്രത്തിന് തൊട്ടടുത്ത് പൂങ്കാവനത്തില്‍ പഠിക്കാനോ താമസിക്കാനോ ആഹാരം കഴിക്കാനോ നിവൃത്തിയില്ലാതെ പാവങ്ങള്‍ കഷ്ടപ്പെടുന്നു. ധാന്യം, പുതുവസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍, പഠനോപകരണങ്ങള്‍, തൊഴില്‍ പരിശീലന ഉപകരണങ്ങള്‍ എന്നിവ നല്‍കിയും സഹായിക്കാവുന്നതാണ്. സമര്‍പ്പണനിധി ഒരു ദിവസത്തെ ഭക്ഷണ ചെലവ് 5000 ഒരു നേരത്തെ ഭക്ഷണ ചെലവ് 3000 ബാലാശ്രമത്തിലെ ഒരു മാസത്തെ ചെലവ് 75000 വസ്ത്രം & യൂണിഫോം (ഒരു ജോഡി) 1500 ഒരു കുട്ടിയുടെ ഒരു വര്‍ഷത്തെ പഠനചെലവ് 6000 ശബരി ശരണാശ്രമം ട്രസ്റ്റ് പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ്, നമ്പര്‍ കൂനംകര, പെരുനാട്, പത്തനംതിട്ടജില്ല ജവ: 04735 241330, 9446709954 email: sabariproject18@gmail.com, We-b: www.ayyappa.co.inn

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.