രണ്ടു ദിവസം10 ലക്ഷം സ്മാര്‍ട്ട് ഫോണ്‍

Tuesday 26 September 2017 6:15 pm IST

ഓണ്‍ലൈന്‍ വില്‍പനയില്‍ ഷവോമിയെ വെല്ലാന്‍ ഇന്ന് ഒരു സ്മാര്‍ട്ട് ഫോണുമില്ല. രണ്ടുദിവസത്തിനകം 10 ലക്ഷം സ്മാര്‍ട്ട് ഫോണുകള്‍ വിറ്റാണ് ഷവോമി ചരിത്രം കുറിച്ചത്. ഒരു മിനിറ്റിലെ കച്ചവടം നോക്കിയാല്‍ 300 സ്മാര്‍ട്ട് ഫോണുകള്‍ വിറ്റെന്ന് കാണാം. ഉത്സവ സീസണുകളില്‍ സാധാരണ 18 ദിവസം കൊണ്ടാണ് 10 ലക്ഷം വില്‍പന ഇതിനുമുമ്പ് റെഡ്മി നടത്തിയിട്ടുള്ളൂ. എന്നാല്‍, ഇക്കുറി രണ്ടുദിവസം കൊണ്ടാണ് 10 ലക്ഷം ഫോണുകള്‍ വിറ്റഴിച്ചത്. റെഡ്മി നോട്ട് 4 സ്മാര്‍ട്ട് ഫോണുകള്‍ക്കാണ് ഇവിടെ വലിയ ഡിമാന്റ്. ഷവോമിയുടെ ഫോണുകള്‍ ചൂടാകുന്നുവെന്ന് ആദ്യകാലങ്ങളില്‍ പൊതുവെ പരാതി ഉയര്‍ന്നിരുന്നു. എന്നിട്ടും ആളുകള്‍ അതിനെ ഏറെ ഇഷ്ടപ്പെട്ടു. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഫീച്ചറുകള്‍ നല്‍കിയതു തന്നെ കാരണം. ചൂടിന്റെ പ്രശ്‌നം ഏതാണ്ട് പൂര്‍ണമായും പരിഹരിക്കപ്പെട്ടതോടെ ഷവോമിയെ പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയായി. ചൈനയെന്ന ലേബലില്‍ നിന്ന് മാറി ഇന്ത്യന്‍ ബ്രാന്‍ഡിലും എത്തിത്തുടങ്ങിയതോടെ ഷവോമി കൂടുതല്‍ ജനപ്രിയമായി. ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നീ ഓണ്‍ലൈന്‍ ചന്തകളില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്നത് ഷവോമിയുടെ സ്മാര്‍ട്ട് ഫോണുകളാണ്. റെഡ്മി നോട്ട് 4 കഴിഞ്ഞാല്‍ റെഡ്മി 4, റെഡ്മി 4 എ, എംഐ എ വണ്‍, എംഐ മാക്‌സ് 2 തുടങ്ങിയ മൊബൈലുകള്‍ക്കാണ് ഏറ്റവും സ്വീകാര്യത. 5999 രൂപ മുതല്‍ 150,000 രൂപ വരെ നല്‍കിയാല്‍ ഐ ഫോണിനെ വെല്ലുന്ന ഫീച്ചറുകള്‍ സ്മാര്‍ട്ട് ഫോണില്‍ കിട്ടുമെന്നതാണ് ഷവോമിയുടെ വിജയരഹസ്യം. ഷവോമി ഫോണ്‍ വാങ്ങാനായി പലവട്ടം ഓണ്‍ലൈനില്‍ ബുക്ക് ചെയ്തിട്ടും കിട്ടാത്തവരുണ്ട്. കാരണം, മിനിറ്റുകള്‍ക്കകം ഫോണുകള്‍ വിറ്റുതീരും. ഈ പ്രശ്‌നം പരിഹരിക്കാനായി ഇപ്പോള്‍ ഓഫ് ലൈന്‍ വില്‍പനയിലേക്കും ഷവോമി കടന്നിരിക്കുകയാണ്. ഇത് ഓഫ് ലൈന്‍ വില്‍പ്പനയില്‍ കുതിക്കുന്ന പല സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ക്കും വെല്ലുവിളിയായിട്ടുണ്ട്. കൂടെ കൂട്ടാം സോണി ഏത് ഇലക്ട്രാണിക് ഉല്‍പന്നം വാങ്ങാനൊരുങ്ങുമ്പോഴും ആദ്യമെത്തുന്ന പേര് സോണിയുടേതാണ്. ഗുണമേന്മയുള്ള ബ്രാന്‍ഡഡ് ഉല്‍പന്നമായി സോണിയെ ആളുകള്‍ കണ്ടതുകൊണ്ടാണിത്. സ്മാര്‍ട്ട് ഫോണുകളുടെ കാര്യത്തിലും സോണിയെ നമുക്ക് ഒപ്പം കൂട്ടാം. പ്രത്യേകിച്ച,് അവരുടെ എക്‌സ്പീരിയ എന്ന മോഡലിനെ. സോണിയുടെ പുതിയ മോഡലാണ് എക്‌സ്പീരിയ എക്‌സ് എ വണ്‍ പ്ലസ്. ഇതിന്റെ പിന്‍ ക്യാമറ മറ്റു പല സ്മാര്‍ട്ട് ഫോണുകളെയും വെല്ലും. 23 എംപി ക്യാമറയില്‍ കലക്കന്‍ പടങ്ങളെടുക്കാം. സെല്‍ഫിയെടുക്കാന്‍ 8 എംപിയുടെ മുന്‍ക്യാമറയുമുണ്ട്. മിഴിവോടെ ചിത്രമെടുക്കാമെന്ന ഈ ഒരൊറ്റ പ്രത്യേകത കൊണ്ടുതന്നെ സോണി വ്യത്യസ്തമാകുന്നു. ആന്‍ഡ്രോയ്ഡ് നൂഗട്ട് ഒഎസിലാണ് പ്രവര്‍ത്തനം. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 16 ജിഗാ ഹെര്‍ട്‌സ് ഒക്ടാകോര്‍ മീഡിയാ ടെക്ഹീലിയോപി 20 പ്രോസസ്സര്‍, 4 ജിബി റാം, 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയാണ് പ്രത്യേകത. 3430 എംഎഎച്ച് ബാറ്ററിയാണ്. വേഗത്തില്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സംവിധാനമുണ്ട്. വില 24,990 രൂപ. ഫിംഗര്‍ പ്രിന്റ് സെന്‍സറും ഇതിനുണ്ട്. 4 ജി സപ്പോര്‍ട്ട് ചെയ്യും. പണം കൈമാറ്റം ;ഇനി ശബ്ദത്തിലൂടെ ഡിജിറ്റല്‍ ഇടപാടുകള്‍ കുതിക്കുകയാണ്. അക്കൗണ്ട് നമ്പറും, ഫോണ്‍ കോണ്‍ടാക്ടും യുപിഐ (യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്‌സ്) നമ്പറും ഉപയോഗിച്ച് പണം കൈമാറിയിരുന്ന കാലം മാറി. ഇപ്പോള്‍ ശബ്ദത്തിലൂടെയും പണം കൈമാറാം. ആഗോള സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ പുറത്തിറക്കിയ ഡിജിറ്റല്‍ ആപ്പിലാണ് ഈ നൂതന സംവിധാനം. തേസ് എന്ന് പേരിട്ട ആപ്പ് ഡിജിറ്റല്‍ ഇടപാടില്‍ പുതിയ മാറ്റത്തിന് വഴിയൊരുക്കും. പണം നല്‍കേണ്ടയാളുടെ ബാങ്ക് അക്കൗണ്ട് നമ്പറോ, ക്യുആര്‍ കോഡോ ഇല്ലാതെ ഓഡിയോ മാച്ചിങ് സംവിധാനത്തിലൂടെ പണം കൈമാറാമെന്നതാണ് ഇതിന്റെ പ്രത്യേക. അതായത് ശബ്ദത്തിലൂടെ പണം കൈമാറാമെന്ന് സാരം. ഓഡിയോ ക്യുആര്‍ എന്ന സാങ്കേതിക വിദ്യയാണ് തേസില്‍. കാഷ് മോഡ് എന്നാണ് ഈ ഫീച്ചറിന് പേര്. പണം കൈമാറുന്നതിനുള്ള രണ്ട് അക്കൗണ്ടുകളെ തിരിച്ചറിയുന്നതും അവയെ തമ്മില്‍ ബന്ധിപ്പിക്കുന്നതും ഫോണുകളില്‍ നിന്നുള്ള ശബ്ദം ഉപയോഗിച്ചാണ്. അള്‍ട്രാസോണിക് ശബ്ദതരംഗമായതിനാല്‍ മനുഷ്യന് കേള്‍ക്കാനാവില്ല. മൈക്കും സ്പീക്കറുമുള്ള ഏത് ഫോണിലും കാഷ് മോഡ് പ്രവര്‍ത്തിക്കും. ഫോണ്‍ ബുക്കിലെ കോണ്‍ടാക്ട് ഗൂഗിള്‍ തേസ് ആപ്പിലും ലഭ്യമാകും. അക്കൗണ്ട് നമ്പറും ഐഎഫ്എസ്ഇ കോഡും ഉപയോഗിച്ചും പണം കൈമാറാം. യുപിഐ ഐഡി, ക്യുആര്‍ കോഡ്, തേസ് ഉപയോഗിക്കുന്ന ഫോണ്‍ നമ്പര്‍ എന്നിവ ഉപയോഗിച്ചും പണം കൈമാറുകയോ സ്വീകരിക്കുകയോ ചെയ്യാം. ആന്‍ഡ്രോയിഡിലും ഐഒഎസിലും ആപ്പ് ഉപയോഗിക്കാം. ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ലഭിക്കും. തേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ ആപ്പില്‍ നല്‍കണം. പിന്നീട് ബാങ്കും തിരഞ്ഞെടുക്കുക. ഫോണ്‍ നമ്പര്‍ ചേര്‍ത്തുകഴിഞ്ഞാല്‍ നിങ്ങളുടെ നമ്പറിലേയ്ക്ക് ആപ്പ് എസ്എംഎസ് അയയ്ക്കും. യുപിഐ ഐഡി ലഭിച്ചാല്‍ ഗൂഗിള്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കും. യുപിഐ ആപ്പില്‍ ബാങ്ക് അക്കൗണ്ട് ചേര്‍ത്തിട്ടുണ്ടെങ്കില്‍ യുപിഐ പിന്‍ നല്‍കുക. ഇതോടെ ആപ്പ് പ്രവര്‍ത്തന സജ്ജമാകും. യുപിഐ വഴി 55 ബാങ്കുകളില്‍ നിന്നുള്ള അക്കൗണ്ടുകളെ ഇതുമായി ബന്ധിപ്പിക്കാം. തേസ് ജനപ്രിയമാക്കാന്‍ ഒട്ടേറെ ഓഫറുകളും ഗൂഗിള്‍ പ്രഖ്യാപിച്ചു. തേസ് ഉപയോഗിക്കാന്‍ ഒരാളെ ക്ഷണിക്കുകയും അയാല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഇടപാട് നടത്തുകയും ചെയ്താല്‍ 51 രൂപ വീതം ഇരുവര്‍ക്കും ക്യാഷ് ബാക്ക് ലഭിക്കും. ഇത്തരത്തില്‍ 9,000 രൂപവരെ നേടാന്‍ അവസരമുണ്ട്. നരേന്ദ്രമോദി പ്രധാനമന്ത്രിയായതോടെ ഇന്ത്യയില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചു. ഗ്രാമീണ ജനങ്ങളെ ഡിജിറ്റള്‍ ഇടപാടുകള്‍ പഠിപ്പിക്കാന്‍ ഒട്ടേറെ പദ്ധതികളും നടപ്പിലാക്കി. ഇന്ന് വീട്ടിലേക്ക് വേണ്ട സാധനങ്ങള്‍ വരെ വാങ്ങാന്‍ സാധാരണക്കാരായ ആളുകള്‍ ഓണ്‍ലൈന്‍ ഇടപാടാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ ഗൂഗിളിന്റെ തേസ് ആപ്പും ഇന്ത്യയിലെ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കുറേക്കൂടി ശക്തിപകരുമെന്നാണ് പ്രതീക്ഷ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.