പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യയും അമേരിക്കയും

Tuesday 26 September 2017 9:46 pm IST

ന്യൂദല്‍ഹി: ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്ന പാക്കിസ്ഥാന്റെ നിലപാടുകള്‍ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യയും അമേരിക്കയും. യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസിന്റെ ദല്‍ഹി സന്ദര്‍ശനത്തില്‍ പാക്കിസ്ഥാനെതിരായ നിലപാട് ഇന്ത്യയും അമേരിക്കയും കൂടുതല്‍ ശക്തമാക്കി. ഭീകരര്‍ക്ക് സുരക്ഷിത താവളങ്ങളൊരുക്കുന്ന പാക്കിസ്ഥാനെതിരെ പ്രതിഷേധിച്ച ഇരു രാജ്യങ്ങളും അത്തരം കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെടേണ്ടതാണെന്ന് വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ ന്‍ സൈന്യത്തെ അയയ്ക്കില്ലെന്ന നിലപാട് കേന്ദ്രപ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ ആവര്‍ത്തിച്ചു. ഇന്ത്യ സന്ദര്‍ശിക്കുന്ന ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിലെ ആദ്യ അംഗമാണ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്. ന്യൂയോര്‍ക്കിലും ലോകത്തിലെ മറ്റു നഗരങ്ങളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവരാണ് പാക്കിസ്ഥാനില്‍ അഭയം നേടിയിരിക്കുന്നവരെന്ന് കൂടിക്കാഴ്ചയില്‍ നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. അതിര്‍ത്തി കടന്നുള്ള ഭീകരവാദം, ഭീകരരുടെ ഒളിത്താവളങ്ങള്‍ക്ക് പാക് സൈന്യത്തിന്റെ സംരക്ഷണം എന്നീ വിഷയങ്ങള്‍ പാക്കിസ്ഥാനുമായി ചര്‍ച്ച ചെയ്യണം എന്ന ആവശ്യവും ഇന്ത്യ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ മുന്നോട്ടു വെച്ചു. ഭീകരവാദം മൂലം ഏറെ നഷ്ടങ്ങള്‍ സഹിച്ച രാജ്യങ്ങളാണ് ഇന്ത്യയും അമേരിക്കയുമെന്ന് ജെയിംസ് മാറ്റിസ് പറഞ്ഞു. ഭീകരവാദത്തെ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കുന്നതിനുള്ള ശ്രമങ്ങളുമായി ഇന്ത്യയും അമേരിക്കയും സംയുക്തമായി മുന്നോട്ടുപോകുമെന്നും മാറ്റിസ് പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ വികസനത്തിന് ഇന്ത്യ നിര്‍വഹിക്കുന്ന പങ്കിനെ പ്രശംസിച്ച മാറ്റിസ്, അഫ്ഗാന്‍ ജനാധിപത്യം, സുരക്ഷ എന്നിവ ഇന്ത്യ ഏറെ പ്രാധാന്യത്തോടെ കാണുന്നതായും പറഞ്ഞു. അഫ്ഗാന് എല്ലാ സഹായങ്ങളും ചെയ്യാന്‍ ഇന്ത്യ തയ്യാറാണെന്നും ഇതിന് അമേരിക്കയുടെ സഹായം ഏറെ ആവശ്യമാണെന്നും നിര്‍മ്മല സീതാരാമനും പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് കൂടിക്കാഴ്ച നടത്തി. രാവിലെ ഇന്ത്യാ ഗേറ്റിലെ അമര്‍ജവാന്‍ ജ്യോതിയില്‍ പുഷ്പചക്രം സമര്‍പ്പിച്ച യുഎസ് പ്രതിരോധ സെക്രട്ടറിയെ മൂന്നു സൈനിക വിഭാഗങ്ങളും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.