കപ്പലോട്ടം പ്രതിസന്ധിയില്‍

Tuesday 26 September 2017 10:29 pm IST

പള്ളുരുത്തി: കൊച്ചി അഴിമുഖത്ത് മുങ്ങിത്താണ മത്സ്യബന്ധന ബോട്ട് ഉയര്‍ത്താനുള്ള ശ്രമം വീണ്ടും പരാജയപ്പെട്ടു. കഴിഞ്ഞ 19 നാണ് തോപ്പും പടിഫിഷറീസ് ഹാര്‍ബറില്‍ നിന്നും കൊച്ചി സ്വദേശി യേശുദാസന്റെ നീതിമാന്‍ എന്ന ഫിഷിംഗ് ബോട്ട് മത്സ്യ ബന്ധനത്തിനായി പുറപ്പെട്ടത്. ചോര്‍ച്ചയനുഭവപ്പെട്ട ബോട്ടിനെ നടുക്കടലില്‍ നിന്നും മറ്റു രണ്ടു ബോട്ടുകള്‍ കെട്ടിവലിച്ചുകൊണ്ടു വരുന്നതിനിടയില്‍ മൂന്നാംബോയക്കു സമീപം മുങ്ങിത്താഴുകയായിരുന്നു. കൊച്ചി തുറമുഖ ട്രസ്റ്റിന്റെ നേതൃത്യത്തില്‍ ആദ്യഘട്ടത്തില്‍ ബോട്ടുയര്‍ത്താന്‍ ശ്രമം നടന്നുവെങ്കിലും പരാജയപ്പെട്ടു. ഇതിനെ തുടര്‍ന്ന് കൊച്ചി തുറമുഖത്ത് പ്രവര്‍ത്തിക്കുന്ന ലോട്ട്‌സ് ഷിപ്പിംഗ് കമ്പിനിയെ ബോട്ടുയര്‍ത്താനുള്ള ചുമതല ഏല്‍പ്പിക്കുകയായിരുന്നു. 15 മീറ്ററോളം ആഴമുള്ള കപ്പല്‍ ചാലിന്റെ ഒത്ത നടുക്കാണ് ബോട്ട് താഴ്ന്നു കിടക്കുന്നത്. ഇന്നലെ പകല്‍ മൂന്നു മണിയോടു കൂടി വേലിയേറ്റം നിലച്ച സമയത്താണ് തൊഴിലാളികള്‍ ശ്രമം ആരംഭിച്ചത്. റോ റോ യില്‍ ഘടിപ്പിച്ച ക്രെയിനാണ് ബോട്ടുയര്‍ത്താന്‍ ഉപയോഗിച്ചത്. ആറു മുങ്ങല്‍ വിദഗ്ദര്‍ ഒരേ സമയം മുങ്ങിത്താണ് ബോട്ടിന്റെ ആറിടങ്ങളില്‍ കൊളുത്ത് ഘടിപ്പിച്ച ശേഷം ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്ന ജോലിയാണ് ഇന്നലെ പരാജയപ്പെട്ടത്. ആഴത്തില്‍ നിന്നും ഉയര്‍ന്നു പൊങ്ങിയ ബോട്ട് ക്രെയി നില്‍ ഘടിപ്പിച്ച റോപ്പില്‍ നിന്നും വിട്ട് ആഴത്തിലേക്ക് വീണ്ടും പതിക്കുക യായിരുന്നു. വേലിയേറ്റം നിലക്കുന്ന ഒരു മണിക്കൂര്‍ മാത്രമാണ് ശ്രമകരമായ ഈ ജോലി നടത്തേണ്ടത്. കഴിഞ്ഞ നാലു ദിവസം മുന്‍പാണ് ലോട്ട്‌സ് ഷിപ്പിംഗ് കമ്പിനിയെ ബോട്ടുയര്‍ത്താനുള്ള ജോലി ഏല്‍പ്പിച്ചത്. മുന്‍പ് ഒരു തവണ നടത്തിയ ശ്രമം പരാജയപ്പെട്ട സാഹചര്യത്തില്‍ കൂടുതല്‍ സംവിധാനങ്ങളോടെയാണ് ഉയര്‍ത്തല്‍ ജോലികള്‍ ആരംഭിച്ചത്. 27 ടണ്‍ ഭാരമുള്ള ഇരുമ്പു ബോട്ടായതിനാലും പ്രതികൂല സാഹചര്യമായതിനാലും 150 ടണ്‍ ഭാരമുയര്‍ത്താന്‍ ശേഷിയുള്ള ക്രെയിനാണ് ഉയര്‍ത്തല്‍ ജോലികള്‍ക്കായി ഉപയോഗിക്കുന്നത്. ലോട്ട്‌സ് കമ്പിനിയുടെ കരാര്‍ പ്രകാരമുള്ള സമയം കഴിഞ്ഞുവെങ്കിലും കമ്പിനിയെത്തന്നെ കുറച്ചു ദിവസംകൂടി ചുമതലഏല്‍പ്പിക്കുന്നതിനാണ് കൊച്ചി തുറമുഖ ട്രസ്റ്റ് തീരുമാനം ബോട്ടുയര്‍ത്താന്‍ കഴിയാതായതോടെ തുറമുഖത്തേക്ക് വരുന്ന വലിയ കപ്പലുകളുടെ വരവ് നിലച്ചു. അഴിമുഖത്തെ അടിത്തട്ടില്‍ നിന്ന് ബോട്ട് ഉയര്‍ത്തി മാറ്റാതെ വലിയ കപ്പലുകള്‍ ഈ പാതയിലൂടെ സഞ്ചരിക്കുവാന്‍ കഴിയില്ല. ഇതോടെ കാര്‍ഗോ ഇടപാടുകളും പ്രതിസന്ധിയിലായി ബോട്ട് ഉയര്‍ത്തി മാറ്റുന്നതും കാത്ത് പുറംകടലില്‍ ഒരു വിദേശ കപ്പല്‍ നങ്കൂരമിട്ടിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.