കൊല്ലം നിലമേലില്‍ ഷോപ്പിംഗ് കോംപ്ലക്സില്‍ വന്‍ അഗ്നിബാധ

Monday 3 September 2012 12:17 pm IST

നിലമേല്‍: കൊല്ലം ജില്ലയിലെ നിലമേല്‍ ജംഗ്ഷനിലെ പെട്രോള്‍ പമ്പിനോട് ചേര്‍ന്ന ഷോപ്പിംഗ് കോംപ്ലക്‌സ് ഇന്ന് പുലര്‍ച്ചെയുണ്ടായ വന്‍ അഗ്‌നിബാധയില്‍ കത്തിനശിച്ചു. പമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു സ്വകാര്യബസും മൂന്ന് ബൈക്കുകളും പൂര്‍ണമായും അഗ്‌നിക്കിരയായി. ആളപായമില്ല. രണ്ട്‌ കോടിരൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. പമ്പിനു മുന്നില്‍ കിടന്നിരുന്ന ഇന്ധനം നിറച്ച ഒരു ലോറിയുടെ ഗ്ലാസ്‌ തകര്‍ത്ത്‌ ഫയര്‍ഫോഴ്സ്‌ ജീവനക്കാര്‍ ലോറി സുരക്ഷിതസ്ഥാനത്തേക്ക്‌ മാറ്റിയത്‌ വന്‍ദുരന്തം ഒഴിവാക്കി. ഗള്‍ഫ്‌ വ്യവസായിയായ സിയാവുദീനാണ്‌ കെട്ടിടം വാടകയ്ക്കെടുത്ത്‌ സൂപ്പര്‍ മാര്‍ക്കറ്റ്‌ നടത്തിവന്നത്‌. ഷോപ്പിംഗ് കോംപ്ലക്‌സില്‍ ഉണ്ടായ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എം.സി റോഡരികിലെ ഫൗസിയ ഷോപ്പിംഗ് സെന്ററും അതില്‍ പ്രവര്‍ത്തിക്കുന്ന ഫൗസിയ സൂപ്പര്‍മാര്‍ക്കറ്റുമാണ് പൂര്‍ണമായും അഗ്‌നിക്കിരയായത്. പുലര്‍ച്ചെ മൂന്നിന് പത്രവണ്ടിക്കാരാണ് ഷോപ്പിംഗ് സെന്ററില്‍ തീ ആളിക്കത്തുന്നത് കണ്ടത്. ഇവര്‍ ചടയമംഗലം പൊലീസില്‍ വിവരം അറിയിച്ചു. ഉടമ തന്നെ പൊലീസ് കടയ്ക്കല്‍ ഫയര്‍ ഫോഴ്‌സിനെ അറിയിച്ചു. എന്നാല്‍ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ക്ക് ആദ്യം അവിടേക്ക് അടുക്കാനായില്ല. പെട്രോള്‍ പമ്പിന് തീപിടിച്ചുവെന്നാണ് ആദ്യം കരുതിയത്. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന 'ത്രിവേണി' എന്ന സ്വകാര്യബസില്‍ ഈ സമയം തീ പടര്‍ന്നു പിടിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സംഘം ജെ.സി.ബി ഉപയോഗിച്ച് കത്തിക്കൊണ്ടിരുന്ന ബസ് വലിച്ച് പമ്പിന് പുറത്തേക്കിട്ട ശേഷമാണ് തീകെടുത്താന്‍ തുടങ്ങിയത്. പെട്രോള്‍ പമ്പില്‍ രണ്ട് ടാങ്കറുകളും പാര്‍ക്ക് ചെയ്തിരുന്നു. ഇതില്‍ ഒരെണ്ണത്തില്‍ നിറയെ പെട്രോളും ഉണ്ടായിരുന്നു. ബസില്‍ നിന്ന് തീ ടാങ്കറിലേക്ക് പടര്‍ന്നിരുന്നുവെങ്കില്‍ വന്‍ദുരന്തത്തില്‍ കലാശിക്കുമായിരുന്നു. പുനലൂര്‍, കൊട്ടാരക്കര, വര്‍ക്കല, കൊല്ലം, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ നിന്നായി 11 യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി രാവിലെ 6.30 ഓടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വാഹനങ്ങള്‍ കത്തിനശിച്ചവര്‍ക്ക്‌ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന്‌ ചടയമംഗലം എം.എല്‍.എ മുല്ലക്കര രത്നാകരന്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.