വിമുക്തഭടന്‍മാര്‍ക്കെതിരായ അക്രമം അനുവദിച്ച് കൊടുക്കില്ല: പൂര്‍വ്വ സൈനിക സേവാപരിഷത്ത്

Tuesday 26 September 2017 11:04 pm IST

കണ്ണൂര്‍: പൂര്‍വ്വസൈനികര്‍ക്കെതിരായി ജില്ലയില്‍ നിരന്തരമായി നടക്കുന്ന അക്രമങ്ങള്‍ അനുവദിച്ച് കൊടുക്കില്ലെന്ന് പൂര്‍വ്വസൈനിക സേവാപരിഷത്ത് സംസ്ഥാന പ്രസിഡണ്ട് കേണല്‍ രാംദാസ്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി ജീവന്‍ നല്‍കാന്‍ തയ്യാറാകുന്നവരാണ് സൈനികന്‍മാര്‍. ആവശ്യമങ്കില്‍ പൂര്‍വ്വസൈനികരുടെ ജീവന്‍രക്ഷിക്കാനും എന്തും ത്യജിക്കാന്‍ തയ്യാറാണ്. പൂര്‍വ്വസൈനികര്‍ക്കെതിരെ അക്രമം തുടര്‍ന്നാല്‍ കയ്യും കെട്ടി നോക്കിനില്‍ക്കില്ല. പൂര്‍വ്വ സൈനികര്‍ക്കെതിരെ സിപിഎം നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് പൂര്‍വ്വസൈനിക സേവാപരിഷത്ത് നടത്തിയ കലക്‌ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഏത് ദിശയിലേക്കാണ് പോകുന്നതെന്ന് വ്യക്തമാക്കുന്നതാണ് വിമുക്തഭടന്‍മാര്‍ക്ക് നേരെയുള്ള അക്രമം. കേരളത്തില്‍ വാദിയെ പ്രതിയാക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. അക്രമികളെ അമര്‍ച്ചചെയ്യുന്നതിന് പകരം അവരെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നും കേണല്‍ രാംദാസ് പറഞ്ഞു. പ്രവര്‍ത്തനമാരംഭിച്ചതുമുതല്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ദേശവിരുദ്ധ നിലപാടുകളാണ് സ്വീകരിച്ച് വന്നതെന്ന് തുടര്‍ന്ന് സംസാരിച്ച ഒ.എം.സജിത്ത് പറഞ്ഞു. ഇന്ത്യന്‍ സൈനികര്‍ക്കെതിരയും ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്‌ക്കെതിരയുമുള്ള നിലപാടുകളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എപ്പോഴും സ്വീകരിച്ചത്. ഇന്ത്യ-ചൈന യുദ്ധ സമയത്ത് ചൈനയെ സഹായിക്കുന്ന നിലപാടുകളാണ് കമ്മ്യൂണിസ്റ്റുകള്‍ സ്വീകരിച്ചത്. ഇപ്പോള്‍ ചൈനയ്ക്ക് വേണ്ടി പാക്കിസ്ഥാനെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ദേശദ്രോഹനിലപാട് വ്യക്തമാക്കുന്നതാണെന്ന് സജിത്ത് പറഞ്ഞു. ജില്ലാ പ്രസിഡണ്ട് പി.ആര്‍.രാജന്‍ അധ്യക്ഷത വഹിച്ചു. സി.കെ.മോഹനന്‍ സ്വാഗതവും കെ.എ.തമ്പാന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.