എസ്.എം.എസ് വിവാദം: കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

Saturday 16 July 2011 5:20 pm IST

തിരുവനന്തപുരം: എസ്‌.എം.എസ്‌ വിവാദത്തില്‍ പി.ജെ ജോസഫിനെതിരെയുള്ള ഗൂഢാലോചന അന്വേഷിക്കണമെന്ന കേരള കോണ്‍ഗ്രസ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ്‌ ജോര്‍ജിന്റെ പ്രസ്താവനയ്ക്കെതിരെ ചിഫ് വിപ്പ് പി.സി ജോര്‍ജ് രംഗത്ത്‌ വന്നു. ഫ്രാന്‍സിസ്‌ ജോര്‍ജിന്റെ പ്രസ്താവന വിവരക്കേടെന്ന്‌ പി.സി ജോര്‍ജ് പറഞ്ഞു. തൊടുപുഴയിലെ ഒരു യുവതിയുടെ മൊബൈല്‍ ഫോണിലേക്ക് പി.ജെ ജോസഫിന്റെ മൊബൈല്‍ നമ്പറില്‍ നിന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന പരാതിയാണ് വിവാദത്തിന് കാരണം. ഇതിന് പിന്നില്‍ പി.സി ജോര്‍ജിന് പങ്കുണ്ടെന്ന് കഴിഞ്ഞ ദിവസം ആരോപണം ഉയര്‍ന്നിരുന്നു. ജോര്‍ജിനെതിരെ പരോക്ഷ വിമര്‍ശനവുമായി ഫ്രാന്‍സിസ് ജോര്‍ജും ആന്റണി രാജുവും രംഗത്തെത്തിയിരുന്നു. ജോസഫിനെതിരായ ഗൂഢാലോചന സംബന്ധിച്ച്‌ അന്വേഷണം നടത്തണമെന്നാണ്‌ ഫ്രാന്‍സിസ്‌ ജോര്‍ജ്‌ പറഞ്ഞത്‌. കേസില്‍ പി.സി. ജോര്‍ജിന്റെ പങ്ക്‌ സംബന്ധിച്ച്‌ കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ അക്കാര്യം പാര്‍ട്ടിയില്‍ ഉന്നയിക്കും. സാക്ഷിയായ ജയ്‌മോന്‍ മജിസ്ട്രേറ്റിന്‌ മുന്നില്‍ നല്‍കിയ മൊഴിയില്‍ കേസിന്‌ പിന്നില്‍ പി.സി. ജോര്‍ജും ക്രൈം എഡിറ്റര്‍ നന്ദകുമാറുമാണെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക കേസെടുത്ത്‌ അന്വേഷിക്കണമെന്നും ഫ്രാന്‍സിസ്‌ ജോര്‍ജ്‌ ഇടുക്കിയില്‍ പറഞ്ഞു. എന്നാല്‍ ജോസഫിനെതിരെ ഉയര്‍ന്ന വിവാദത്തില്‍ തെളിവുകള്‍ക്കായി ശ്രമിക്കുകയോ ഏതെങ്കിലും തരത്തില്‍ നീക്കങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ലെന്ന് പി.സി ജോര്‍ജ് വ്യക്തമാക്കി. ജോസഫിനെതിരെ തെളിവു ലഭിച്ചാല്‍ ഒരുത്തനേയും വെറുതെവിടില്ലെന്നും ജോര്‍ജ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.