കര്‍ഷകര്‍ക്ക് ഭീഷണിയായി കളകളും കീടങ്ങളും

Wednesday 27 September 2017 8:56 pm IST

കുട്ടനാട്: കര്‍ഷകര്‍ക്ക് ഇരുട്ടടിയായി പാടശേഖരങ്ങളില്‍ കളകളും കീടങ്ങളും വ്യാപകമാകുന്നു. രണ്ടാംകൃഷി താമസിച്ചിറക്കിയ പാടശേഖരങ്ങളിലെ കര്‍ഷകരാണു ദുരിതത്തിലായത്. പീലിക്കവിടയും, വരിയും പാടശേഖരം നിറഞ്ഞുനില്‍ക്കുന്ന അവസ്ഥയില്‍ വിഷമിക്കുകയാണു കര്‍ഷകര്‍. കൂടാതെ ഇലക്കേടും കുട്ടന്‍കുത്തിന്റെ ആക്രമണം രൂക്ഷമായതും പ്രതിസന്ധിയിലാക്കുന്നു. 70 ദിവസത്തോളം പ്രായമായ അടിക്കണ വന്ന ചെടികളിലാണ് എരിച്ചിപ്പുഴുവിന്റെ ആക്രമണം രൂക്ഷമായിരിക്കുന്നത്. മൂന്നു പ്രാവശ്യംവരെ വിഷം തളിച്ചിട്ടും കള നശിക്കാത്തതിനാല്‍ നെല്ലിനേക്കാള്‍ അധികമായി കളകള്‍ നിറഞ്ഞു. അടുത്തിടെ കുട്ടനാട്ടില്‍ പ്രത്യക്ഷപ്പെട്ട പീലിക്കവിടയാണു കൂടുതലായും നശിക്കാതെ നില്‍ക്കുന്നത്. പുളിങ്കുന്ന് കൃഷിഭവന്‍ പരിധിയിലെ തെക്കേമണപ്പള്ളി, ചമ്പക്കുളം കൃഷിഭവന്‍ പരിധിയിലെ നാട്ടായം, മൂലപൊങ്ങമ്പ്ര, കൈനകരി കൃഷിഭവന്‍ പരിധിയിലെ സോമാതുരം, ഇരുമ്പനം, പഴൂര്‍പാടം തുടങ്ങിയ പാടശേഖരങ്ങളില്‍ വരിയുടെയും കളകളുടെയും ശല്യം രൂക്ഷമാണ്. മഴ വര്‍ദ്ധിച്ചപ്പോള്‍ പാടശേഖരങ്ങളില്‍ വെള്ളം കെട്ടിക്കിടന്നതാണ് എരിച്ചില്‍പുഴുവിന്റെ ആക്രമണം ഉണ്ടാകാന്‍ കാരണംമെന്ന് മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രം അധികൃതര്‍ പറയുന്നു. പാടശേഖരങ്ങളിലെ വെള്ളം പൂര്‍ണമായി വറ്റിക്കുക. കരി ഓയില്‍ അറയ്ക്കപ്പൊടിയുമായി കുഴച്ചു കിഴികെട്ടിയോ അല്ലെങ്കില്‍ പച്ചത്തൊണ്ടു മുറിച്ചു കരി ഓയിലില്‍ മുക്കി പാടശേഖരത്തില്‍ വച്ചാലും ഇതിന്റെ ആക്രമണത്തില്‍ നിന്നും ചെടികളെ രക്ഷിച്ചെടുക്കാന്‍ സാധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.