പോലീസ് സേനയുടെ നവീകരണ പദ്ധതിക്ക് കേന്ദ്ര അംഗീകാരം

Wednesday 27 September 2017 9:42 pm IST

ന്യൂദല്‍ഹി: പോലീസ് നവീകരണത്തിന് 25,000 കോടി രൂപയുടെ സമഗ്ര പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്‍കി. 2020 വരെ മൂന്നുവര്‍ഷത്തേക്കാണ് പദ്ധതി നടപ്പാക്കുക. 18,636 കോടി രൂപ കേന്ദ്രത്തിന്റേയും 6,424 കോടി രൂപ സംസ്ഥാനങ്ങളുടെയും വിഹിതമായിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെയാണ് തീരുമാനം. ആഭ്യന്തര സുരക്ഷ, ക്രമസമാധാനം, സ്ത്രീ സുരക്ഷ, ആധുനിക ആയുധങ്ങളുടെ ലഭ്യത, പോലീസ് സേനയുടെ ചലനാത്മകത, ചരക്കുനീക്ക സഹായം, ഹെലികോപ്റ്ററുകള്‍ വാടകയ്ക്ക് എടുക്കല്‍, പോലീസ് വയര്‍ലെസിന്റെ നവീകരണം, ദേശീയ ഉപഗ്രഹ ശൃംഖല, സിസിടി എന്‍എസ് പദ്ധതി, ഇ- പ്രിസ പദ്ധതി തുടങ്ങിയവയ്ക്ക് നവീകരണ പദ്ധതിയില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. 10,132 കോടി രൂപ ജമ്മുകാശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ഇടതു തീവ്രവാദ ബാധിത സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ ആഭ്യന്തര സുരക്ഷയ്ക്കായി നീക്കിവെച്ചു. ഇടതു തീവ്രവാദം ഏറ്റവും മോശമായി ബാധിച്ച 35 ജില്ലകള്‍ക്ക് ആദ്യമായി പ്രത്യേക സാമ്പത്തികസഹായം പദ്ധതിയിലൂടെ ലഭ്യമാക്കും. ഈ ജില്ലകളിലെ വികസനപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി 3000 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പോലീസ് പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും, പരിശീലനകേന്ദ്രങ്ങള്‍, അന്വേഷണ സംവിധാനം എന്നിവ ഒരുക്കുന്നതിനുമായി 100 കോടി രൂപയും അനുവദിച്ചു. സംസ്ഥാനങ്ങള്‍ക്ക് പോലീസ് അടിസ്ഥാനസൗകര്യം, ഫോറന്‍സിക് സയന്‍സ് ലബോറട്ടറികള്‍, സ്ഥാപനങ്ങളോടൊപ്പം ക്രിമിനല്‍ നിയമ സംവിധാനത്തിലെ പ്രധാനപ്പെട്ട പഴുതുകള്‍ അടയ്ക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുക എന്നിവയ്‌ക്കെല്ലാം സഹായം നല്‍കുന്നതിനും പുതിയ പദ്ധതിയില്‍ സംവിധാനമുണ്ട്. കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളുടെയും ദേശീയ വിവരശേഖരണ കേന്ദ്രങ്ങളാക്കി പോലീസ് സ്‌റ്റേഷനുകളെ സംയോജിപ്പിക്കും. അതോടൊപ്പം ജയിലുകള്‍, ഫോറന്‍സിക് സയന്‍സ് ലബോറട്ടറികള്‍, പ്രോസിക്യൂഷന്‍ ഓഫീസര്‍മാര്‍ എന്നിവരുമായി ഇതിനെ ബന്ധിപ്പിക്കുകയും ചെയ്യും. പദ്ധതിയുടെ ഭാഗമായി അമരാവതിയില്‍ ഏറ്റവും ആധുനിക സംവിധാനങ്ങളോടു കൂടിയ ഒരു ഫോറന്‍സിക് ലബോറട്ടറി സ്ഥാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.