പമ്പയിലെ ഇളനീര്‍ സ്റ്റാള്‍ ലേലത്തിനും വനംവകുപ്പ് തടയിട്ടു

Wednesday 27 September 2017 9:56 pm IST

പത്തനംതിട്ട: ശബരിമലതീര്‍ത്ഥാടകര്‍ക്ക് ദാഹവും ക്ഷീണവുമകറ്റാന്‍ ഇക്കുറി കരിക്ക് ലഭിച്ചേക്കില്ല. വനംവകുപ്പിന്റെ വിലക്കിനെതുടര്‍ന്ന് ഇളനീര്‍ സ്റ്റാള്‍ ലേലം ചെയ്തുകൊടുക്കാനാവത്തതാണ് കാരണം. പമ്പയില്‍നിന്നു സന്നിധാനത്തേക്കുള്ള കാനനപാതയില്‍ ചെളിക്കുഴി ഭാഗത്താണ് ഇളനീര്‍സ്റ്റാളിനായി ദേവസ്വംബോര്‍ഡ് കുത്തകലേല വിജ്ഞാപനത്തില്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ ഈ സ്ഥലം ദേവസ്വം ബോര്‍ഡിന് പാട്ടത്തിന് നല്‍കിയ ഭൂമിയല്ലെന്നും പെരിയാര്‍ കടുവാസങ്കേതത്തില്‍ ഉള്‍പ്പെട്ട പ്രദേശമാണെന്നും വനം വകുപ്പ് പറയുന്നു. കടുവ അടക്കമുള്ള വന്യജീവികളുടെ വഴിത്താരയാണ് സ്റ്റാളിനായി നിശ്ചയിച്ചസ്ഥലമെന്നും വനംവകുപ്പ് പറയുന്നു. മാസ്റ്റര്‍പ്ലാന്‍ നിഷ്‌കര്‍ഷിക്കുകയോ, ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്റെ അനുമതിയോ ഇല്ലാതെ കടുവാസങ്കേതത്തിലെ വനഭൂമി വനേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് വന്യജീവി (സംരക്ഷണ) നിയമം 1972ലെ സെക്ഷന്‍27ന്റെ ലംഘനമാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ലേലം നടത്തിയാല്‍ സംഭവിക്കാവുന്ന നിയമനടപടികള്‍ക്ക് ദേവസ്വം ബോര്‍ഡ് ഉത്തരവാദിയാണെന്നും ദേവസ്വം അധികൃതര്‍ക്ക് നല്‍കിയ കത്തില്‍ വനംവകുപ്പധികാരികള്‍ സൂചിപ്പിച്ചിട്ടുണ്ട്. വനം വകുപ്പിന്റെ കത്ത് ലഭിച്ചതോടെ ഇളനീര്‍ സ്റ്റാളിന് ലഭിച്ച ടെന്‍ഡര്‍ പോലും കുത്തകപാട്ട ലേലസമയത്ത് തുറക്കാനായിട്ടില്ലെന്നാണ് അറിയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.