ചങ്ങനാശേരി: നായര്‍ സര്‍വീസ് സൊസൈറ്റിക്ക് 151.76 കോടിയുടെ ആസ്തി. എന്‍എസ്എസിന്റെ 2016-17 സാമ്പത്തിക വര്‍ഷത്തെ വരവ് ചെലവ് കണക്കും ഇന്‍കം ആന്‍ഡ് എക്സ്പെന്റിച്ചര്‍ സ്റ്റേറ്റ്മെന്റും ബാക്കിപത്രവും അടിസ്ഥാനപ്പെടുത്തിയുള്ള ആസ്തിയാണിത്.
102,93,80,319 രൂപ വരവും 87,22,30,793 രൂപ ചെലവുമാണ്.151,76,73,655 രൂപയുടെ സ്വത്തു വിവരവും അടങ്ങുന്ന ബാക്കിപത്രവും റിപ്പോര്‍ട്ടും പ്രതിനിധി സഭയില്‍ അധ്യക്ഷനായിരുന്ന എന്‍എസ്എസ് പ്രസിഡന്റ് അഡ്വ.പി.എന്‍. നരേന്ദ്രനാഥന്‍ നായരാണ് അവതരിപ്പിച്ചത്.
എന്‍എസ്എസ് ട്രഷറര്‍ ഡോ.എം. ശശികുമാര്‍ ഓഡിറ്റേഴ്സ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ വരവു-ചെലവു കണക്കും ബാക്കിപത്രവും പ്രതിനിധി സഭ ഐകകണ്ഠ്യേന പാസാക്കി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ഔദ്യോഗിക പ്രമേയങ്ങളും അവതരിപ്പിച്ചു.
ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍, വൈസ് പ്രസിഡന്റ് പ്രൊഫ.വി.പി. ഹരിദാസ്, ട്രഷറര്‍ ഡോ.എം.ശശികുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രതിനിധിസഭാ മന്ദിരത്തില്‍ യോഗം ആരംഭിച്ചത്. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, പ്രതിനിധിസഭാംഗങ്ങള്‍, താലൂക്ക് യൂണിയന് പ്രസിഡന്റുമാര്‍, എന്‍എസ്എസിന്റെ വിവിധ വകുപ്പുതല മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: