നെല്ല് സംഭരിക്കാന്‍ തയ്യാറായത് ഏഴ് മില്ലുകള്‍ കര്‍ഷകരുടെ ആശങ്കയ്ക്ക് പരിഹാരമായില്ല

Wednesday 27 September 2017 10:32 pm IST

കോട്ടയം: നെല്ല് സംഭരണം സംബന്ധിച്ച കര്‍ഷകരുടെ ആശങ്കകള്‍ക്ക് പരിഹാരമായില്ല. സംഭരണം സുഗമമായി നടക്കുമെന്ന് സര്‍്ക്കാര്‍ പറയുന്നുണ്ടെങ്കിലും ഏഴ് മില്ലുകള്‍ മാത്രമാണ് സംഭരണത്തിന് തയ്യാറായത്. കഴിഞ്ഞ ദിവസം ആലപ്പുഴ, കോട്ടയം ജില്ലകളിലെ സംഭരണവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നെങ്കിലും പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായി പരിഹരിച്ചില്ല. കഴിഞ്ഞ വര്‍ഷം 54 മില്ലുകളാണ് നെല്ല് സംഭരിക്കാന്‍ എത്തിയത്. ഈ വര്‍ഷം ഏഴ് മില്ലുകളെ കൂടാതെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏതാനും മില്ലുകളെ കൂടി പങ്കെടുപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. എന്നാല്‍ എത്രത്തോളം വിജയിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ട്. ഈ സീസണില്‍ കാലാവസ്ഥ അനുകൂലമായതിനാല്‍ മെച്ചപ്പെട്ട വിളവാണ് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത്. അതേ സമയം കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാക്കുന്ന തരത്തില്‍ മില്ലുടമകള്‍ തീരുമാനം എടുക്കില്ലെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പ് അധികതര്‍ പറയുന്നത്. മില്ലുടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ട് വന്ന് പരിഹരിക്കാനുളള നീക്കമാണ് നടക്കുന്നത്. മില്ലുകാര്‍ സംഭരിക്കുന്ന നെല്ല് കുത്തി അരിയാക്കി സപ്ലൈക്കോയ്ക്ക് മടക്കി നല്‍കുകയാണ് ചെയ്യുന്നത്. 100 കിലോ നെല്ല് കുത്തി 68 കിലോയാക്കിയാണ് തിരിച്ച് നല്‍കുന്നത്. ഇത് 64 കിലോയാക്കണമെന്നും കൈകാര്യ ചെലവ് വര്‍ദ്ധിപ്പിക്കണമെന്നാണ് മില്ലുകാരുടെ ആവശ്യം. അതേ സമയം റേഷന്‍ അരി കലര്‍ത്തി നല്‍കാനുളള സാധ്യത അടഞ്ഞതാണ് മില്ലുകാര്‍ സമ്മര്‍ദ്ദ തന്ത്രവുമായി രംഗത്ത് വന്നതെന്നാണ് സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.