മോദിക്കും സുഷമയ്ക്കും നന്ദി പറഞ്ഞ് ഫാ.ടോം

Thursday 28 September 2017 10:19 pm IST

ന്യൂദല്‍ഹി: യെമനില്‍ ഭീകരരുടെ പിടിയില്‍ നിന്ന് മോചിപ്പിച്ച ഫാ. ടോം ഉഴുന്നാലില്‍ ഇന്ത്യയില്‍ തിരിച്ചെത്തി. ദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് എന്നിവരെ നേരില്‍ കണ്ട ഫാദര്‍, മോചനത്തിനായി നടത്തിയ പരിശ്രമങ്ങള്‍ക്ക് അവരോട് നന്ദി അറിയിച്ചു. രാജ്യം എന്നും എപ്പോഴും കൂടെയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫാ. ടോം ഉഴുന്നാലിലിനോട് പറഞ്ഞു. ആരോഗ്യവിവരങ്ങള്‍ ചോദിച്ചറിഞ്ഞ് വിശ്രമിക്കണമെന്ന ഉപദേശവും നല്‍കി. വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ വത്തിക്കാനില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ ഫാദറിനെ കേന്ദ്രസര്‍ക്കാരിന് വേണ്ടി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വിമാനത്താവളത്തില്‍ സ്വീകരിച്ചു. വത്തിക്കാനിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് ഫാ. ടോം ഉഴുന്നാലില്‍ ഇന്ത്യയിലേക്കെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് കേന്ദ്രമന്ത്രിയുടെ കാറിലാണ് കാതലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ ഓഫീസിലേക്ക് കൊണ്ടുവന്നത്. 11 മണിയോടെ ലോക് കല്യാണ്‍ മാര്‍ഗ്ഗില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ കൂടിക്കാഴ്ചയ്ക്കായി തിരിച്ചു. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ അഡ്വ. ജോര്‍ജ്ജ് കുര്യന്‍, മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ്, ജോസ് കെ. മാണി എന്നിവരും സലേഷ്യന്‍ സഭയുടെ പ്രതിനിധികളും ഫാ. ടോം ഉഴുന്നാലിലിനൊപ്പം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു. വിദേശകാര്യമന്ത്രാലയത്തിലെത്തി സുഷമാ സ്വരാജിനെയും ഫാ. ടോം ഉഴുന്നാലില്‍ സന്ദര്‍ശിച്ചു. ഭീകരരുടെ പ്രവൃത്തികള്‍ ചോദിച്ചറിഞ്ഞ സുഷമാ സ്വരാജ്, മോചനത്തിനായി ഇന്ത്യ ചെയ്ത നടപടികള്‍ ഫാ. ടോം ഉഴുന്നാലിലിനെ അറിയിച്ചു. വിദേശകാര്യസഹമന്ത്രി ജനറല്‍ വി.കെ. സിങ്ങും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. യെമനിലെ ഭീകരരില്‍ നിന്ന് മോചിപ്പിക്കുന്നതിനായി പണമോ മറ്റു മോചന ദ്രവ്യങ്ങളോ നല്‍കിയതായി അറിയില്ലെന്ന് ഫാ. ടോം മാധ്യമങ്ങളെ അറിയിച്ചു. ഇക്കാര്യത്തില്‍ ഒമാന്‍ സര്‍ക്കാരും വത്തിക്കാനും തമ്മില്‍ നടത്തിയ ഇടപെടലുകളെപ്പറ്റി അറിയില്ല. തട്ടിക്കൊണ്ടുപോയവര്‍ ഐഎസ് ഭീകരര്‍ ആണോയെന്ന് വ്യക്തമല്ല. തടവില്‍ കഴിഞ്ഞ ദിനങ്ങളെപ്പറ്റി യാതൊന്നും ഒളിച്ചുവെയ്ക്കാനില്ല, ഫാ. ടോം പറഞ്ഞു. തടവില്‍ കഴിഞ്ഞ കാലത്ത് അനിശ്ചിതത്വം അനുഭവപ്പെട്ടിരുന്നു. അവര്‍ ശാരീരിക ഉപദ്രവം ഏല്‍പ്പിച്ചിരുന്നില്ല. അതിനാല്‍ തന്നെ മരണഭയം കുറഞ്ഞിരുന്നു. കുടുംബത്തിന്റെയും സഭയുടേയും മാത്രമല്ല, ജാതിമത ചിന്തകള്‍ക്ക് അതീതമായി എല്ലാ ഇന്ത്യാക്കാരുടേയും പ്രാര്‍ത്ഥന തനിക്ക് ലഭിച്ചു. പുതിയ ജന്മത്തില്‍ എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും ഫാ. ടോം പറഞ്ഞു. വൈകിട്ട് സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ ഫാ. ടോം ഉഴുന്നാലില്‍ ദിവ്യബലിയും അര്‍പ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.