വയനാടന്‍ കുരുമുളക് വിപണി കൂപ്പുകുത്തി

Thursday 28 September 2017 9:05 pm IST

കല്‍പ്പറ്റ: ലോകത്തില്‍ ഏറ്റവും ഗുണമേന്മയുണ്ടായിരുന്ന വയനാട്, ഇടുക്കി, കുടക്, നീലഗിരി ജില്ലകളിലെ കുരുമുളക് കര്‍ഷകരെയും കൃഷിയെയും കണ്ണീരിലാഴ്ത്തി ഉത്തരേന്ത്യന്‍ ലോബി. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് പ്രധാനമായും കുരുമുളക് കയറ്റി അയച്ചിരുന്നത് ഇന്ത്യയില്‍ നിന്നാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ കുരുമുളക് ഉത്പാദിപ്പിച്ചിരുന്ന വയനാട് അടക്കമുള്ള ജില്ലകളില്‍ രോഗബാധയും കാലാവസ്ഥാ വ്യതിയാനവും കൃഷിക്ക് തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് ഗുണനിലവാരമില്ലാത്ത വിയറ്റ്‌നാം കുരുമുളക് വന്‍തോതില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തു തുടങ്ങിയത്. ഗുണനിലവാരം കുറഞ്ഞ വിയറ്റ്‌നാം കുരുമുളക് ഇന്ത്യന്‍ വിപണിയിലേക്ക് തള്ളി ഇവിടെ ഉല്‍പാദിപ്പിക്കുന്ന നല്ല കുരുമുളകിനൊപ്പം കലര്‍ത്തി ഉത്തരേന്ത്യന്‍ മാര്‍ക്കറ്റിലും വിദേശത്തേക്കും കയറ്റി അയക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സ്വതന്ത്ര വ്യാപാര കരാര്‍ അനുസരിച്ച് കുരുമുളക് ഉല്പാദന രാജ്യമായ ഇന്ത്യയിലേക്ക് കുരുമുളക് ഇറക്കുമതി ചെയ്താല്‍ 54 ശതമാനം ഡ്യൂട്ടി അടക്കണം. ഇത് മറികടക്കാന്‍ ഈ മുളക് നേപ്പാളിലേക്ക് കയറ്റി അയക്കുകയാണ് ചെയ്യുന്നത്. നേപ്പാളില്‍ ഡ്യൂട്ടി വേണ്ട എന്ന സൗകര്യം മുതലാക്കിയാണ് ഇങ്ങനെ ചെയ്യുന്നത്. പിന്നീട് ഇതേ വിയറ്റ്‌നാം കുരുമുളക് രേഖയുണ്ടാക്കി കൊല്‍ക്കത്ത തുറമുഖത്തിറക്കി അവിടെ നിന്ന് കര്‍ണാടകത്തിലേക്കും മലബാറിന്റെ വിവിധ ഭാഗങ്ങളിലേക്കും എത്തിച്ച് ഇവിടത്തെ നല്ല കുരുമുളകിനൊപ്പം കലര്‍ത്തി വില്പന നടത്തുകയാണ്. ഇത്തരത്തില്‍ വയനാട്, ഗുഡല്ലൂര്‍ എന്നിവിടങ്ങളിലേക്ക് 2000 ടണ്‍ വിയറ്റ്‌നാം കുരുമുളക് ശേഖരിച്ചിട്ടുള്ളതായാണ് അറിയുന്നത്. 750, 800 രൂപവരെ വിലഉണ്ടായിരുന്ന വയനാടന്‍ കുരുമുളകിന്റെ ഇപ്പോഴത്തെ വില 400 രൂപയും അതിനു താഴെയുമാണ്. വയനാട്ടില്‍ ഇപ്പോഴും പ്രതീക്ഷയോടെ കുരുമുളക് കൃഷിയിലേക്ക് തിരിഞ്ഞ നിരവധി കര്‍ഷകര്‍ക്ക് ഈ വിലക്കുറവ് തിരിച്ചടിയായിട്ടുണ്ട്. ഇന്ത്യന്‍ കുരുമുളകിന്റെ വിലയിടിക്കാന്‍ വയനാട്ടിലെ അടക്കമുള്ള വന്‍കിട വ്യാപാരികളും ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുകയാണെന്നും കര്‍ഷകര്‍ പറയുന്നു. ഉല്‍പ്പാദനക്കുറവും രോഗബാധയും മൂലം കുരുമുളക് കൃഷി വയനാട്ടില്‍ കുറഞ്ഞിരുന്നു. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി കര്‍ഷകര്‍ വീണ്ടും കുരുമുളക് കൃഷി പുനരാരംഭിക്കുകയായിരുന്നു. നല്ല വില കിട്ടുന്നതാണ് കര്‍ഷകരില്‍ ഈ പ്രതീക്ഷ നല്‍കിയത്. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന വിയറ്റ്‌നാം കുരുമുളക് ഗുണമേന്മയുള്ള വയനാടന്‍ കുരുമുളകിനെ ലോക വിപണിയില്‍ നിന്ന് പിന്തള്ളുന്ന അവസ്ഥയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.