ചെരുപ്പിനൊപ്പം കടത്താന്‍ ശ്രമിച്ച 11.40 കോടിയുടെ സ്വര്‍ണ്ണം പിടിച്ചെടുത്തു

Thursday 28 September 2017 10:08 pm IST

മുംബൈ: ലേഡീസ് ചെരുപ്പുകളുടെ കൂട്ടത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 11.40 കോടിയുടെ (38 കിലോഗ്രാം) സ്വര്‍ണ്ണം പിടിച്ചെടുത്തു. 20 വര്‍ഷത്തിനിടെ കസ്റ്റംസ് നടത്തിയ ഏറ്റവും വലിയ സ്വര്‍ണ്ണവേട്ടയാണ് ഇത്. ദോങ്ഗ്രി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അല്‍ രെഹാം ഇംപെക്‌സ് എന്ന ഗ്രൂപ്പ് ബാത്‌റൂം സ്ലിപ്പേഴ്‌സ് എന്ന പേരില്‍ തായ്‌ലാന്‍ഡില്‍ നിന്നാണ് ഇത് ഇറക്കുമതി ചെയ്തിരിക്കുന്നത്. ഈ മാസം 21നാണ് കണ്ടെയ്‌നര്‍ ഇന്ത്യയില്‍ എത്തിയത്. നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി കസ്റ്റംസ് വിഭാഗം ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ പരിശോധിക്കാറുണ്ട്. കണ്ടയ്‌നറിനുള്ളില്‍ പ്രത്യേകം ബോക്‌സില്‍ സൂക്ഷിച്ചിരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് 38 കിലോ സ്വര്‍ണ്ണം കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് അല്‍ റെഹാം ഇംപെക്‌സ് ഡയറക്ടര്‍മാരെ കസ്റ്റംസിന്റെ ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ചോദ്യം ചെയ്തുവരികയാണ്. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് തായ്‌ലന്‍ഡില്‍ നിര്‍മിച്ചതിന്റെ അടയാളങ്ങളുണ്ട്. ഇതിനു മുമ്പ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജെന്‍സ് (ഡിആര്‍ഐ) 15 കോടിയുടെ (52 കിലോ) സ്വര്‍ണ്ണം കണ്ടെത്തിയതാണ് ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ സ്വര്‍ണ്ണവേട്ട. ദല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വ്യാപാരി ദുബായിയില്‍ നിന്നാണ് ഇത് ഇറക്കുമതി ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.