ലേഖനങ്ങളില്‍ വെറും നിഗമനങ്ങള്‍ മാത്രം

Thursday 28 September 2017 10:12 pm IST

 

ന്യൂദല്‍ഹി: അച്ഛനു മറുപടി നല്‍കിയപ്പോള്‍ മകന്‍ നിലവിലുള്ള ഇന്ത്യയുടെ സാമ്പത്തിക മേഖലയെക്കുറിച്ച് ആഴത്തില്‍ സ്പര്‍ശിച്ചു. ബിജെപി സര്‍ക്കാരിന്റെ സാമ്പത്തിക നയത്തെ വിമര്‍ശിച്ച് മുന്‍കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ രംഗത്തു വന്നപ്പോള്‍ മകനും കേന്ദ്രമന്ത്രിയുമായ ജയന്ത് സിന്‍ഹ കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ ലേഖനത്തിലൂടയാണ് മറുപടി നല്‍കിയത്.

സമ്പദ് വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളെപ്പറ്റി ഇപ്പോള്‍ വരുന്ന ലേഖനങ്ങളില്‍ ചില വസ്തുതകള്‍ മാത്രം വച്ചുള്ള നിഗമനങ്ങളാണെന്ന് ജയന്ത് സിന്‍ഹ പറയുന്നു. സമ്പദ് വ്യവസ്ഥയെ മാറ്റിമറിക്കുന്ന ഘടനാപരമായ പരിഷ്‌കാരങ്ങളെക്കുറിച്ച് ലേഖനങ്ങളില്‍ ഒന്നും മിണ്ടുന്നില്ല.
ഘടനാപരമായ പരിഷ്‌ക്കാരങ്ങളുടെ ഫലങ്ങള്‍ വിലയിരുത്താന്‍ ഒന്നോ രണ്ടോ ത്രൈമാസ ജിഡിപി അവലോകനങ്ങളോ ചില കണക്കുകളോ മതിയാവില്ല. അത്തരം പരിഷ്‌കാരങ്ങളുടെ ദീര്‍ഘകാല ഫലങ്ങളാണ് നോക്കേണ്ടത്. ചരക്ക് സേവന നികുതിയും നോട്ട് അസാധുവാക്കലും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ഔപചാരികമാക്കും. ഇന്ത്യക്കാര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കും. ദീര്‍ഘകാല വളര്‍ച്ചക്ക് ഉതകുന്ന, കൂടുതല്‍ തൊഴിലവസരം നല്‍കുന്ന,കുരുത്തുള്ള പുതിയ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം.

നികുതി വ്യവസ്ഥക്ക് പുറത്തു നടന്നിരുന്ന, അനൗപചാരികമായ സാമ്പത്തിക ഇടപാടുകളെല്ലാം ഔപചാരികമായി, നികുതി വ്യവസ്ഥയില്‍ ഉള്‍പ്പെട്ടു. ഭാവിയില്‍ നികുതി വരുമാനം കൂടും, സര്‍ക്കാരിന് കൂടുതല്‍ വിഭവം (പണം) കൈവരും, സമ്പദ് വ്യവസ്ഥയിലെ സംഘര്‍ഷങ്ങള്‍ കുറയും, ക്രമേണ മൊത്തം ആഭ്യന്തര വളര്‍ച്ച കൂടും- ജയന്ത് സിന്‍ഹ തുടരുന്നു.

വിവിധ മന്ത്രാലയങ്ങളുടെ നയരൂപീകരണം നിയമാധിഷ്ഠിതമായി, പ്രകൃതി വിഭവങ്ങള്‍ ലേലം ചെയ്യുന്നതും ലൈസന്‍സുകള്‍ നല്‍കുന്നതും സുതാര്യമായ പ്രക്രിയയായി. കേന്ദ്ര നേട്ടങ്ങള്‍ വിവരിച്ച് ജയന്ത് എഴുതുന്നു. വിദേശ നിക്ഷേപം 2014ല്‍ 3600 കോടി ഡോളറായിരുന്നു. 2017ല്‍ ഇത് 600 കോടി ഡോളറായി. ജന്‍ധനും ആധാറും മൊബൈലും ബന്ധിപ്പിക്കുക വഴി, അനര്‍ഹര്‍ ആനുകൂല്യങ്ങള്‍ നേടി എടുക്കുന്നത് തടയാനായി. അര്‍ഹതയുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ നേരിട്ട് എത്തിക്കാനായി. ഇതുവരെ 1.75 ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങളാണ് അര്‍ഹരായവര്‍ക്ക് നേരിട്ട് അവരുടെ അക്കൗണ്ടുകളില്‍ എത്തിച്ചത്.

റെയില്‍വേ, വൈദ്യുതി, ദേശീയ പാത, ഗ്രാമീണ റോഡുകള്‍, ഭവന നിര്‍മ്മാണം, വിമാന സര്‍വ്വീസുകള്‍ തുടങ്ങി അടിസ്ഥാന മേഖലയില്‍ വന്‍ തോതിലാണ് നിര്‍മ്മാണങ്ങള്‍ നടക്കുന്നത്. അടുത്ത വര്‍ഷത്തോടെ മുഴുവന്‍ വീടുകളിലും വൈദ്യുതി എത്തിക്കാന്‍ കഴിയും. 2014ല്‍ 18,452 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിയിരുന്നില്ല. ഇന്ന് വെറും 4941 ഗ്രാമങ്ങളില്‍ മാത്രമാണ് വൈദ്യുതി എത്താത്തത്.

ദിവസം 133 കിലോമീറ്റര്‍ റോഡാണ് രാജ്യത്ത് നിര്‍മ്മിക്കുന്നത്. 2014ല്‍ ഇത് 69 കിലോമീറ്റര്‍ റോഡ് മാത്രമായിരുന്നു. 2004 മുതല്‍ 2014വരെ 13.8 കോടി വീടുകള്‍ നിര്‍മ്മിക്കാനാണ് അനുമതി നല്‍കിയത്. മോദി സര്‍ക്കാര്‍ വന്ന മൂന്നു വര്‍ഷം കൊണ്ട് ഇത് 17.7 കോടിയായി- ജയന്ത് കുറിച്ചു.

ജിഡിപി

മൊത്തം ആഭ്യന്തര ഉല്പ്പാദനം. ഇത് മൂന്നു മാസം കൂടുമ്പോള്‍ വിലയിരുത്തിയാണ് സാമ്പത്തിക വളര്‍ച്ചയുടെ തോത് സാധാരണ നിശ്ചയിക്കുന്നത്.
ആഴത്തിലുള്ള, ദീര്‍ഘകാല പരിഷ്‌കാരങ്ങള്‍ രാജ്യത്ത് പ്രതിഫലിക്കാന്‍ സമയമെടുക്കും. ഇപ്പോള്‍ കേന്ദ്രം വരുത്തിയ പരിഷ്‌ക്കാരങ്ങള്‍ എല്ലാം ആഴത്തിലുള്ളവയാണ്. അവയെ വിലയിരുത്താന്‍ കൂടുതല്‍ സമയം വേണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.