പഠനം ഒരു സ്‌കൂളില്‍ തന്നെ വേണമെന്നില്ല: ഹൈക്കോടതി

Thursday 28 September 2017 10:30 pm IST

കൊച്ചി: കുട്ടികള്‍ക്ക് ഒന്നു മുതല്‍ അഞ്ചു വരെയോ ആറു മുതല്‍ എട്ടു വരെയോ പഠിക്കാന്‍ ഒരു സ്‌കൂളില്‍ തന്നെ സൗകര്യമൊരുക്കണമെന്ന് വിദ്യാഭ്യാസാവകാശ നിയമത്തിലോ ചട്ടത്തിലോ പറയുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രാഥമിക വിദ്യാഭ്യാസം പുനഃക്രമീകരിച്ച് എല്‍പി സ്‌കൂളുകളില്‍ അഞ്ചാം ക്ലാസും യുപി സ്‌കൂളുകളില്‍ എട്ടാം ക്ലാസും അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ മാനേജര്‍മാരടക്കമുള്ളവര്‍ നല്‍കിയ ഒരുകൂട്ടം ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് ഹൈക്കോടതിയുടെ നിലപാട്. വിദ്യാഭ്യാസം ലഭിക്കുന്നതിനു സമീപ പ്രദേശത്തു കുട്ടികള്‍ക്ക് സൗകര്യമൊരുക്കാനാണ് സര്‍ക്കാരിന് ബാദ്ധ്യതയുള്ളത്. ഒരു സ്‌കൂളില്‍ തന്നെ ഇതു സാദ്ധ്യമാകണമെന്ന് നിയമത്തിലോ ചട്ടത്തിലോ പറയുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസാവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ എല്‍പി, യുപി സ്‌കൂളുകള്‍ പുനഃക്രമീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ ആക്ഷേപം. ഇത്തരത്തില്‍ പുനഃക്രമീകരിക്കാന്‍ ഫണ്ടു വേണമെന്നും അദ്ധ്യാപകരെ പുനര്‍വിന്യസിക്കേണ്ടി വരുമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കി. കുട്ടികള്‍ക്ക് എത്താന്‍ കഴിയുന്നത്ര സമീപത്ത് പ്രാഥമിക വിദ്യാഭ്യാസത്തിന് സൗകര്യം വേണമെന്നേയുള്ളൂ. ഒരു സ്‌കൂളില്‍ തന്നെ ഒന്നു മുതല്‍ എട്ടുവരെ പഠിക്കാന്‍ സൗകര്യമൊരുക്കണമെന്ന് ചട്ടത്തിലോ നിയമത്തിലോ പറഞ്ഞിട്ടില്ല. ഒരു പ്രദേശത്ത് സ്‌കൂള്‍ അനുവദിക്കുന്നതും അപ്‌ഗ്രേഡ് ചെയ്യുന്നതും ആ പ്രദേശത്തെ ആവശ്യം പരിഗണിച്ചാണ്. മാത്രമല്ല, വിദ്യാഭ്യാസാവകാശ നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടിയും എടുത്തിട്ടുണ്ടെന്നും അഡ്വക്കേറ്റ് ജനറല്‍ ഹാജരായി ബോധിപ്പിച്ചു. ഈ സാഹചര്യത്തില്‍ ഹര്‍ജിക്കാരുടെ ആവശ്യം നിലനില്‍ക്കില്ലെന്ന് സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.