ഇടതു സര്‍ക്കാര്‍ രാജ്യവിരുദ്ധര്‍ക്കൊപ്പം: ആര്‍എസ്എസ്

Saturday 30 September 2017 10:34 pm IST

  നാഗ്പ്പൂര്‍: കേരള, ബംഗാള്‍ സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ച് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ജിഹാദികള്‍ അടക്കമുള്ള രാഷ്ട്ര വിരുദ്ധ ശക്തികള്‍ക്ക് സകല ഒത്താശകളും നല്‍കുകയാണ് ഈ സര്‍ക്കാരുകളെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ 92-ാം ജന്മദിനത്തില്‍ വിജയദശമി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗോവധത്തിന്റെ പേരിലുള്ള അക്രമങ്ങളെ അതിശക്തമായി അപലപിച്ച അദ്ദേഹം, റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്ക് അഭയം നല്‍കുന്നത് രാജ്യത്തിന് കൊടിയ ആപത്തുണ്ടാക്കുമെന്നും വ്യക്തമാക്കി. സങ്കുചിത രാഷ്ട്രീയ കാഴ്ചപ്പാടുള്ള കേരളത്തിലെയും ബംഗാളിലെയും സര്‍ക്കാരുകള്‍ രാഷ്ട്ര വിരുദ്ധ ശക്തികള്‍ക്ക് സകല സഹായങ്ങളും നല്‍കുന്നു. അതീവ ഗുരുതരമായ ദേശീയ പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയ നിറം നല്‍കി ഉദാസീനതയോടെയാണ് രണ്ടു സര്‍ക്കാരുകളും കൈകാര്യം ചെയ്യുന്നത്. ഭരണകൂടത്തോട് വലിയ തോതിലുള്ള അനാദരവും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുമാണ് അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നടക്കുന്നത്. ഇതിനു പുറമേയാണ് മ്യാന്മറില്‍ നിന്നുള്ള അനധികൃത റോഹിങ്ക്യന്‍ കുടിയേറ്റം. കാലങ്ങളായി മ്യാന്മറില്‍ റോഹിങ്ക്യകള്‍ നടത്തുന്ന വിഘടനവാദ പ്രവര്‍ത്തനങ്ങളാണ് അവര്‍ക്ക് തിരിച്ചടിയായത്. ഇതു മൂലമാണ് അവരെ അവിടെ നിന്നു തുരത്തുന്നത്. ഇന്ത്യയുടെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും അവര്‍ വലിയ ഭീഷണിയാകും. ഇതു മനസില്‍ വച്ചു വേണം റോഹിങ്ക്യന്‍ കുടിയേറ്റക്കാരുടെ പ്രശ്‌നത്തില്‍ തീരുമാനമെടുക്കാന്‍. മ്യാന്മര്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ശക്തമായ നിലപാടുകൊണ്ടു മാത്രമേ പ്രശ്‌നം പൂര്‍ണ്ണമായി പരിഹരിക്കാന്‍ കഴിയൂ, സര്‍സംഘചാലക് പറഞ്ഞു. ഗോസംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ മതപരമല്ല. നിയമപരവും ഭരണഘടനാപരവുമായ ചട്ടക്കൂടില്‍ നിന്നു വേണം ഗോസംരക്ഷണ പ്രവര്‍ത്തനം നടത്താന്‍. മുസ്ലിങ്ങളടക്കം ഗോസംരക്ഷണ പ്രവര്‍ത്തനം നടത്തുന്നുണ്ട്. വസ്തുതകള്‍ തിരിച്ചറിഞ്ഞ് യഥാര്‍ത്ഥ കുറ്റവാളികളെ പിടിക്കാനും നിരപരാധികളെ സംരക്ഷിക്കാനും സര്‍ക്കാരുകള്‍ തയാറാവണം, അദ്ദേഹം ആവശ്യപ്പെട്ടു. മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവര്‍ നാഗ്പൂരിലെ വിജയദശമി ആഘോഷപരിപാടിയില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.