ഹരിശ്രീ കുറിച്ച് കുരുന്നുകള്‍

Saturday 30 September 2017 9:51 pm IST

  കൊച്ചി: വിജയദശമിക്ക് ഹരിശ്രീ കുറിച്ച് കുരുന്നുകള്‍ അറിവിന്റെ ലോകത്തേക്ക് പിച്ചവെച്ചു. ദക്ഷിണ മൂകാംബി എന്നറിയപ്പെടുന്ന വടക്കന്‍ പറവൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ മൂവായിരത്തോളം കുട്ടികളാണ് ഹരിശ്രീ കുറിച്ചത്. രാവിലെ ആറ് മണിയോടെ ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ മനയ്ക്കല്‍ വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പൂജയെടുത്തു. ഇരുപത്തി അഞ്ചോളം ഗുരുക്കന്മാരാണ് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചത്. ആയിരക്കണക്കിന് ഭക്തജനങ്ങള്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി ക്ഷേത്ര ദര്‍ശനത്തിന് എത്തി. പുലര്‍ച്ചെ മൂന്ന് മണിക്കാരംഭിച്ച തിരക്ക് വൈകിട്ട് നാല് മണി വരെ നീണ്ടു. സേവാഭാരതി, ഹിന്ദു ഐക്യവേദി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിലെത്തിയവര്‍ക്ക് ലഘുഭക്ഷണം നല്‍കി. സത്യസായി സേവാസമിതി, അമൃതാനന്ദമയി സത്സംഗ സമിതി എന്നിവയുടെ നേതൃത്വത്തില്‍ ശുദ്ധജലം, മോരു വെള്ളം , ചുക്ക് വെള്ളം എന്നിവയും വിതരണം ചെയ്തു. ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ അന്നദാനവും ഒരുക്കി. ചോറ്റാനിക്കര ദേവീക്ഷേത്രത്തിലും ഹരിശ്രീകുറിക്കാന്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. പുലര്‍ച്ചെ നാലുമുതല്‍ തന്നെ വിദ്യാരംഭത്തിനായി ഭക്തര്‍ ക്യൂനിന്നു. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ പ്രശാന്ത് നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പന്തീരടി പൂജയുണ്ടായിരുന്നു. സരസ്വതി മണ്ഡപത്തില്‍ മേല്‍ശാന്തി രാമന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ സരസ്വതീ പൂജ നടത്തി. തുടര്‍ന്ന് കീഴ്ശാന്തി രാമചന്ദ്രന്‍ എമ്പ്രാന്തിരിയുടെ കാര്‍മ്മികത്വത്തില്‍ 13ല്‍പ്പരം ഗുരുക്കന്മാര്‍ കുട്ടികളെ എഴുത്തിനിരുത്തി. കുട്ടികള്‍ക്ക് സ്ലേറ്റ്, പുസ്തകം, ബിസ്‌കറ്റ്, പഴം, സാരസ്വതാരിഷ്ടം, പഞ്ചാമൃതം എന്നിവ നല്‍കി. നവരാത്രി മണ്ഡപത്തില്‍ അക്ഷരശ്ലോക സദസ്സ്, ഓട്ടന്‍തുള്ളല്‍ നൃത്തനൃത്യങ്ങള്‍ എന്നിവ അരങ്ങേറി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.എന്‍. ഉണ്ണികൃഷ്ണന്‍, മാനേജര്‍ ബിജു ആര്‍.പിള്ള, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അങ്കമാലി ചമ്പന്നൂര്‍ വെട്ടിപ്പുഴക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നെടുമ്പാശേരി ഹൈസ്‌കൂള്‍ റിട്ട. പ്രഥമാദ്ധ്യാപിക പി.എന്‍. കമലം വിദ്യാരംഭം കുറിച്ചു. എറണാകുളം ജില്ലാ സഹകരണ ബാങ്കിനു കീഴില്‍ കാക്കനാടുള്ള ഇഎംഎസ്. സഹകരണ ലൈബ്രറിയില്‍ കവി. ചെമ്മനം ചാക്കോ, സാഹിത്യകാരന്‍ കെ.എല്‍. മോഹനവര്‍മ്മ, കാര്‍ട്ടൂണിസ്‌ററ് എം.എം. മോനായി തുടങ്ങിയവര്‍ കുട്ടികളെ എഴുത്തിനിരുത്തി. ഇടപ്പള്ളി മാതാ അമൃതാനന്ദമയീ മഠത്തില്‍ സ്വാമി പൂര്‍ണാമൃതനന്ദപുരി കുരുന്നുകളെ ആദ്യാക്ഷരം കുറിപ്പിച്ചു. നൃത്തനൃത്യങ്ങള്‍, നാമസങ്കീര്‍ത്തനം, പ്രസാദവിതരണം എന്നിവയുണ്ടായിരുന്നു. പെരുമ്പാവൂര്‍: രായമംഗലം കൂട്ടുമഠം ക്ഷേത്രത്തിലെ പൂജയെടുപ്പ് വിദ്യാരംഭ ചടങ്ങുകള്‍ക്ക് മേല്‍ശാന്തി ദാമോദരന്‍ നമ്പൂതിരി, ജയന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഇരിങ്ങോള്‍ ഭഗവതി ക്ഷേത്രത്തില്‍ മേല്‍ശാന്തി പ്രകാശന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. പെരുമ്പാവൂര്‍ കുഴിപ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഇന്നലെ രാവിലെ പൂജയെടുപ്പ് നടന്നു. പോഞ്ഞാശ്ശേരി പൂക്കുളം സു ബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ സംഗീത പഠനക്ലാസ്സിന്റെ പുതിയ ബാച്ചിന് തുടക്കമായി. വടക്കേ എഴിപ്രം ഭഗവതി ക്ഷേത്രത്തില്‍ കഴിഞ്ഞദിവസം പഞ്ചാരിമേളം അരങ്ങേറ്റം നടത്തിയ വാദ്യകലാകാരന്മാര്‍ ചെണ്ടമേളം അവതരിപ്പിച്ചു. ഇരിങ്ങോള്‍ ഇരവിച്ചിറ മഹാദേവക്ഷേത്രത്തില്‍ പൂജയെടുപ്പിന് ശേഷം സംഗീതാരാധനയും നടന്നു. മൂവാറ്റുപുഴ: വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റി പെരിങ്ങഴ ശാഖയുടെ ആഭിമുഖ്യത്തില്‍ മഹാനവമി, വിജയദശമി ദിനങ്ങളില്‍ പൂജവയ്പ്പ്, വിദ്യാരംഭം എന്നിവ നടത്തി. സി.എ. രവി ആചാരിയുടെ നേതൃത്വത്തില്‍ ശാഖാ മന്ദിരത്തില്‍ കുരുന്നുകളെ എഴുത്തിനിരുത്തി. ശാഖാ പ്രസിഡന്റ് മണികണ്ഠന്‍.ടി.കെ, സെക്രട്ടറി അരുണ്‍കുമാര്‍, ഖജാന്‍ജി.കെ.ജി എന്നിവര്‍ സംസാരിച്ചു. പിറവം: രാമമംഗലം പെരുംതൃക്കോവില്‍ ക്ഷേത്രത്തില്‍ പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തില്‍ മേല്‍ശാന്തി അഭിജിത്ത് നമ്പൂതിരി സരസ്വതി പൂജ നടത്തി. ദേവന്‍ കക്കാട് കുട്ടികളെ എഴുത്തിനിരുത്തി. രാമമംഗലം ഷഡ്കാലഗോവിന്ദമാരാര്‍ സ്മാരക കലാസമിതിയുടെ സരസ്വതിപൂജക്കുശേഷം കുട്ടികളെ എഴുത്തിനിരുത്തി. പാഴൂര്‍ പെരുംതൃക്കോവില്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തി പരമേശ്വരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ സരസ്വതി പൂജയും കുട്ടികളെ എഴുത്തിനിരുത്തല്‍ ചടങ്ങും നടന്നു. ഏഴയ്ക്കരനാട് പേരിയക്കാവില്‍ ക്ഷേത്രം രക്ഷാധികാരി പാടിവട്ടം ദാമോദരന്‍ നമ്പൂതിരി കുട്ടികളെ എഴുത്തിനിരുത്തി. പിറവം പള്ളിക്കാവ് ക്ഷേത്രം, പിഷാരുകോവില്‍ ക്ഷേത്രം, പള്ളിപ്പാട്ട് ക്ഷേത്രം, കളമ്പൂക്കാവ്, കക്കാട് ശ്രീ പുരുഷമംഗലം ക്ഷേത്രം, പെരിങ്ങാമല ശ്രീ ബാല ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഊരമന ശ്രീധര്‍മ്മശാസ്താ-നരസിംഹ സ്വാമിക്ഷേത്രം എന്നിവിടങ്ങളിലെല്ലാം വിജയദശമി ആഘോഷത്തിന്റെ '-ഭാഗമായി സരസ്വതി പൂജയും വിദ്യാരംഭവും നടന്നു.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.