മാധ്യമശില്‍പ്പശാല നടത്തി

Sunday 1 October 2017 1:27 am IST

തലശ്ശേരി: മീസില്‍സ് റൂബെല്ലാ പ്രതിരോധ കുത്തിവെപ്പ് കാമ്പയിന്റെ ഭാഗമായി ദേശിയ ആരോഗ്യ പ്രോഗ്രാം വിഭാഗം തലശ്ശേരിയില്‍ മാധ്യമ ശില്‍പശാല നടത്തി. കുത്തിവെപ്പിനെ തുടര്‍ന്ന് ഒരു വിധ ശാരീരിക പ്രശ്‌നങ്ങളും ഉണ്ടാവില്ലെന്ന് ഡോക്ടര്‍മാര്‍ വിശദീകരിച്ചു. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ തോന്നുന്ന കുട്ടികള്‍ക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഓരോ കുട്ടിയിലും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് രോഗത്തെ പൂര്‍ണ്ണമായി തടയുകയാണ് ലക്ഷ്യമെന്ന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് പ്രതിനിധികള്‍ കൂടിയായ ഡോക്ടര്‍മാര്‍ വിശദീകരിച്ചു. നേരത്തെ കുത്തിവയ്പ് എടുത്ത കുട്ടികള്‍ക്കും ഇപ്പോള്‍ നല്‍കുന്ന അധിക ഡോസ് നല്‍കാം. മുന്‍പ് അഞ്ചാംപനി വന്ന കുട്ടികള്‍ക്കും ഇത് നല്‍കണം. ഒമ്പത് മാസം മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് പ്രതിരോധ കുത്തിവയ്പ് നല്‍കുന്നത്. വിദഗ്ദ ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും മേല്‍നോട്ടത്തില്‍ മാത്രമാണ് കുത്തിവെപ്പ് നല്‍കുക. ഒക്ടോബര്‍ മൂന്നിന് ജില്ലയിലെ കാമ്പയിന് തുടക്കമിടും. മൂന്ന് ആഴ്ചകള്‍ നീളുന്നതാണ് കാമ്പയിന്‍ പ്രവര്‍ത്തനം. ഡോക്ടര്‍മാരായ പി.എം.ജ്യോതി, പുഷ്പരാജ്, ജോണി സബാസ്റ്റ്യന്‍, എം.കെ.സന്തോഷ്, പി.പി.സക്കറിയ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.