വിദ്യാരംഭം: കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു

Sunday 1 October 2017 1:38 am IST

കണ്ണൂര്‍: വിദ്യാരംഭ ദിനത്തില്‍ ജില്ലയില വിവിധ ക്ഷേത്രങ്ങില്‍ നൂറുകണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. ചടങ്ങിനോടനുബന്ധിച്ച് ക്ഷേത്രങ്ങളിലെല്ലാം വലിയ തയ്യാറടുപ്പുകള്‍ നടത്തിയിരുന്നു. പ്രധാന ക്ഷേത്രങ്ങളിലല്ലാം രാവിലെ മുതല്‍ തന്നെ വന്‍ തിരക്കായിരുന്നു. കണ്ണൂര്‍ പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിലും ഇരിക്കൂര്‍ മാമാനിക്കുന്ന് ക്ഷേത്രത്തിലുമാണ് ഏറ്റവും അധികം കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചത്. മുഴപ്പിലങ്ങാട് ശ്രീ കൂര്‍മ്പ ഭഗവതിക്ഷേത്രം, കാര്‍ത്തികപുരം പായം കരിഞ്ചാമുണ്ടി ദേവിസ്ഥാനം, ചിറക്കല്‍ ചാമുണ്ടിക്കോട്ടം, തലശ്ശേരി മണ്ണയാട് ചിറക്കക്കാവ്, കണ്ണൂര്‍ ശ്രീകൃഷ്ണന്‍ കോവില്‍, പാലേരി അമ്പലം മഹാശിവക്ഷേത്രം, കിഴുത്തള്ളി മുത്തുമാരിയമ്മന്‍ കോവില്‍, കണ്ണൂര്‍ ചൊവ്വ ശിവക്ഷേത്രം, സുന്ദരേശ്വര ക്ഷേത്രം, കിഴുത്തള്ളി മുത്തുമാരിയമ്മന്‍ കോവില്‍, ചാല ഭഗവതിക്ഷേത്രം, ഹനുമാന്‍ ദേവസ്ഥാനം, കുന്നാട് ശ്രീദുര്‍ഗ്ഗാക്ഷേത്രം, പിള്ളയാര്‍ കോവില്‍, ഊര്‍പ്പഴശ്ശിക്കാവ്, തലശ്ശേരി സിദ്ധാനന്തപുരം മണിമലര്‍ക്കാവിലമ്മ, വട്ടപ്പൊയില്‍ കാശ്യപ വേദഗുരുകുലം, കണ്ണാടിപ്പറമ്പ് ആനന്താലയം, കടക്കര ധര്‍മ്മശാസ്താ ക്ഷേത്രം, ചെക്യാട്ട് ധര്‍മ്മശാസ്താ ക്ഷേത്രം, മുഴപ്പിലങ്ങാട് കൂര്‍മ്പ ഭഗവതിക്ഷേത്രം, പടിയൂര്‍ പൊടിക്കളം ഭഗവതിക്ഷേത്രം, പയ്യാവൂര്‍ ശിവക്ഷേത്രം, ആലക്കോട് ക്ഷേത്രം തുടങ്ങി ജില്ലയിലെ നൂറുകണക്കിന് ക്ഷേത്രങ്ങളില്‍ വിദ്യാരംഭച്ചടങ്ങുകള്‍ നടന്നു. ഇരിട്ടി മേഖലയിലെ ക്ഷേത്രങ്ങളില്‍ ഒന്‍പത് ദിവസമായി നടന്നു വന്നിരുന്ന നവരാത്രി ആഘോഷങ്ങള്‍ക്ക് സമാപനമായി. വിജയ ദശമി ദിവസമായ ഇന്നലെ മേഖലയിലെ പ്രധാന ക്ഷേത്രങ്ങളായ മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രം, കൈരാതി കിരാത ക്ഷേത്രം, കീഴൂര്‍ മഹാദേവക്ഷേത്രം, കീഴൂര്‍ മഹാവിഷ്ണു ക്ഷേത്രം, കീഴൂര്‍ വൈരീഘാതകന്‍ ക്ഷേത്രം, മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം വന്‍ ഭക്തജനത്തിരയ്ക്കാണ് അനുഭവപ്പെട്ടത്. ഇവിടങ്ങളിലെല്ലാം എഴുത്തിനിരുത്ത്, വാഹനപൂജ, സരസ്വതി പൂജ എന്നിവ നടന്നു. മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ അതിരാവിലെ മുതലേ വിദ്യാരംഭം കുറിക്കാനും ദര്‍ശനം നടത്താനായി ഭക്തജനങ്ങളുടെ വന്‍ ഒഴുക്കാണ് അനുഭവപ്പെട്ടത്. വാഹന ബാഹുല്യവും ഭക്തജനത്തിരക്കും കൊണ്ട് ക്ഷേത്രപ്രദേശം മുഴുവന്‍ വീര്‍പ്പുമുട്ടി. മൂന്ന് ഗുരുക്കന്മാരുടെ നേതൃത്വത്തില്‍ നാനൂറിലേറെ കുരുന്നുകള്‍ ഇവിടെ ആദ്യാക്ഷരം കുറിച്ചു. രാവിലെ 8 മണിയോടെ ആരംഭിച്ച വിദ്യാരംഭച്ചടങ്ങുകള്‍ 1 മണിയോടെ ആണ് അവസാനിച്ചത്. മുരളി മുഴക്കുന്ന് രചിച്ച് രാജീവ് നാടുവനാട് സംവിധാനം ചെയ്ത തിരുവക്കാടി എന്ന ഡോക്യുമെന്ററിയുടെ സ്വിച്ചോണ്‍ കര്‍മ്മം ക്ഷേത്രസന്നിധിയില്‍ വെച്ച് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് നിര്‍വഹിച്ചു. കൈരാതി കിരാതക്ഷേത്രത്തിലും വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. നിരവധികുട്ടികളാണ് ഇവിടെയും വിദ്യാരംഭം കുറിക്കാന്‍ എത്തിച്ചേര്‍ന്നത്. മേഖലയിലെ റിട്ടയേഡ് അദ്ധ്യാപകരായ കെ.എ.ദാമോദരന്‍ മാസ്റ്റര്‍, ബാലന്‍മാസ്റ്റര്‍ ആറളം, ഡോ.കൂമുള്ളി ശിവരാമന്‍, കെ.ദാമോദരന്‍ മാസ്റ്റര്‍ തില്ലങ്കേരി എന്നിവര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചുകൊടുത്തു. ക്ഷേത്രസമിതി ഭാരവാഹികളായ എ.പത്മനാഭന്‍, പി.വി.പ്രമോദ്, എ.മനോഹരന്‍, പി.വി.രാജേഷ് എന്നിവര്‍ മറ്റു ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കീഴൂര്‍ മഹാദേവക്ഷേത്രത്തിലും മഹാവിഷ്ണു ക്ഷേത്രത്തിലും രാവിലെ സരസ്വതി പൂജ , വാഹനപൂജ, വിദ്യാരംഭം എന്നിവ നടന്നു. അതിരാവിലെ തന്നെ ആരംഭിച്ച വാഹന പൂജക്കായി ഇരു ക്ഷേത്രങ്ങളിലുമായി നിരവധി വാഹനങ്ങളാണ് എത്തിയത്. നിരവധി കുരുന്നുകളും ഇവിടങ്ങളില്‍ ആദ്യാക്ഷരം കുറിക്കാനെത്തി. കീഴൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നടന്ന വാഹനപൂജക്ക് ക്ഷേത്രം മേല്‍ശാന്തി കുഞ്ഞികൃഷ്ണന്‍ നമ്പൂതിരിയും, മഹാവിഷ്ണു ക്ഷേത്രത്തില്‍ നടന്ന വാഹനപൂജക്കു ക്ഷേത്രം മേല്‍ശാന്തി ഹരിനാരായണന്‍ നമ്പൂതിരിയും മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മഹാദേവക്ഷേത്രത്തില്‍ കെ.ഭുവനദാസന്‍ വാഴുന്നവരും മഹാവിഷ്ണു ക്ഷേത്രത്തില്‍ പി.എന്‍.കരുണാകരന്‍ മാസ്റ്ററും കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചു കൊടുത്തു. കീഴൂര്‍ വൈരീഘാതകന്‍ ക്ഷേത്രത്തിലും, മണത്തണ ചപ്പാരം ക്ഷേത്രത്തിലും, കീഴ്പ്പള്ളി പാലരിഞ്ഞാല്‍ ക്ഷേത്രത്തിലും വിദ്യാരംഭ ചടങ്ങുകളും വിശേഷാല്‍ പൂജകളും നടന്നു. ചെറുപുഴ: മലയോരത്തെ വിവിധ ക്ഷേത്രങ്ങളില്‍ വിഫുലമായ വിജയദശമി ആഘോഷം നടന്നു. നിരവധി കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്നു. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ചെറുപുഴ അയ്യപ്പക്ഷേത്രത്തില്‍ വിദ്യാരംഭഘോഷം നടന്നു. ക്ഷേത്രം മേല്‍ശാന്തി മീത്തലെ പെരിങ്ങോട്ടില്ലത്ത് നാരായണന്‍ നമ്പൂതിരി വിദ്യാരംഭ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. നൂറുകണക്കിന് കുരുന്നുകളാണ് അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ രാവിലെ മുതല്‍ ക്ഷേത്രസന്നിധിയിലെത്തിയത്. മുളപ്ര ധര്‍മശാസ്താ ക്ഷേത്രത്തില്‍ നടന്ന വിദ്യാരംഭം ചടങ്ങിനു പ്രാപ്പൊയില്‍ നാരായണന്‍ നേതൃത്വം നല്‍കി.നിരവധി പേര്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തി. ഗോക്കടവ് ശിവപുരം മഹാദേവ ക്ഷേത്രത്തില്‍ നടന്ന വിദ്യാരംഭം ചടങ്ങിനു സുബ്രഹ്മണ്യന്‍ നമ്പൂതിരി നേതൃത്വം നല്‍കി. വിശേഷാല്‍ പൂജകളും ഉണ്ടായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.