കോടികളുടെ തട്ടിപ്പ്: സ്ത്രീ അറസ്റ്റില്‍

Sunday 1 October 2017 1:43 am IST

കണ്ണൂര്‍: ഒരു കോടിയില്‍പ്പരം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ സ്ത്രീ അറസ്റ്റിലായി. അഴീക്കോട് മീന്‍കുന്ന് ഹൈസ്‌കൂള്‍ അധ്യാപികയും കണ്ണൂര്‍ ബെല്ലാര്‍ഡ് റോഡിലെ കാന്‍ഡിഡ് അപ്പാര്‍ട്ട്‌മെന്റില്‍ താമസക്കാരിയുമായ കെ.എന്‍.ജ്യോതി(48)ആണ് അറസ്റ്റിലായത്. അഴീക്കോട് സ്വദേശി മുകുന്ദന്റെ പരാതിയിലാണ് അറസ്റ്റ്. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ നടത്തിയിരുന്ന ഇവര്‍ 2014-15 കാലത്ത് മുകുന്ദന് സ്ഥലം വാഗ്ദാനം ചെയ്ത് 40 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നുവത്രെ. തളിപ്പറമ്പ് പൂവത്തെ സാലി ടോമി എന്നയാളുടെ ഒന്നരയേക്കര്‍ ഭൂമി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞാണ് പല ഘട്ടങ്ങളിലായി മുകുന്ദനില്‍ നിന്നും പണം കൈപ്പറ്റിയത്. എന്നാല്‍ സ്ഥലം വില്‍പ്പന നടക്കുകയോ വാങ്ങിയ പണം തിരിച്ചു നല്‍കുകയോ ചെയ്തില്ല. ഇതേത്തുടര്‍ന്ന് മുകുന്ദന്‍ വളപട്ടണം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതുകൂടാതെ കണ്ണൂര്‍ ടൗണ്‍, തളിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും നിരവധി പേരില്‍ നിന്നും ഇവര്‍ സമാനമായ രീതിയില്‍ പണം തട്ടിയെടുത്തതായും പരാതിയുണ്ട്. ഇവര്‍ സ്ഥിരമായി ഉപയോഗിച്ചിരുന്ന ടാക്‌സി കാറിന്റെ ഡ്രൈവര്‍ക്ക് വണ്ടിച്ചെക്ക് നല്‍കി വഞ്ചിച്ചതായും പരാതിയുണ്ട്. സ്ഥലം വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് കതിരൂര്‍ സ്വദേശിയായ കുഞ്ഞികൃഷ്ണനില്‍ നിന്നും 20 ലക്ഷം രൂപ ഇവര്‍ വാങ്ങിയിരുന്നു. മകളുടെ വിവാഹത്തിന് പണം തിരിച്ചുനല്‍കാന്‍ കുഞ്ഞികൃഷ്ണന്‍ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇതില്‍ മനംനൊന്ത് മകളുടെ വിവാഹദിനത്തില്‍ കുഞ്ഞികൃഷ്ണന്‍ കണ്ണൂരിലെ ഒരു ലോഡ്ജ് മുറിയില്‍ ജീവനൊടുക്കിയിരുന്നു. സ്വത്ത് വാങ്ങി വില്‍പ്പന നടത്തുന്നതിടയില്‍ ആഡംബര ജീവിതത്തിലേക്ക് വഴിമാറിയതോടെയാണ് ഇവര്‍ തട്ടിപ്പ് തുടങ്ങിയതെന്ന് പറയുന്നു. തളിപ്പറമ്പിലെ മംഗലത്ത് ഉണ്ണികൃഷ്ണന്റെ ഭാര്യയാണ് ജ്യോതി. രണ്ടു മക്കളില്‍ ഒരാള്‍ എഞ്ചിനിയറിങ്ങിനും മറ്റൊരാള്‍ മെഡിസിനും പഠിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.