ശരണം നീ നിത്യം

Sunday 1 October 2017 7:47 pm IST

എല്ലാവരും അന്വേഷിക്കുന്ന ആ പരമസത്യത്തെ മാറ്റര്‍ അഥവാ എനര്‍ജി എന്ന് ആധുനിക ശാസ്ത്രവും ഭൗതികമല്ലാത്ത ജീവചൈതന്യം മുതല്‍ ഭൗതികമായ ബ്രഹ്മാണ്ഡ കടാഹം വരെയുള്ള സകലതിന്റെയും സത്യസത്തയായ ബ്രഹ്മമെന്നും അവയെ ദര്‍ശിച്ച മഹര്‍ഷിമാര്‍ വിളിച്ചു. മാറ്റര്‍ (വസ്തു) അല്ലാത്ത ഊര്‍ജ്ജത്തിന് വസ്തുക്കളായി രൂപാന്തരപ്പെടുവാന്‍ എങ്ങനെ കഴിയുന്നു. ഈശ്വരന്‍ സൃഷ്ടിക്കുന്നുവെന്നു വിശ്വാസികള്‍ പറയുന്നു. എന്തിനേറെ, ചിന്തകള്‍പോലും മാറ്ററിന്റെ അടിസ്ഥാന ഘടകമായ ന്യൂറോപെപ്‌റ്റെഡായി മാറുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചു. പക്ഷേ അതെങ്ങനെ എപ്രകാരം സംഭവിക്കുന്നുവെന്നത് വെളിപ്പെടുത്താത്ത രഹസ്യമായി നിലനില്‍ക്കുന്നു ശബ്ദം രൂപമാകുന്നു. പഞ്ചഭൂതങ്ങളാകുന്നുവെന്നത് വിശദീകരണത്തിനപ്പുറമെന്ന് ശാസ്ത്രജ്ഞനും ആസ്തിക വ്യാഖ്യാതക്കളും ഒരുപോലെ സമ്മതിക്കുന്നു. ഈശ്വരശക്തിഭാവമായ ചൈതന്യ-പ്രാണശക്തിയാണിതിനു പിന്നിലെ കേന്ദ്രമെന്ന് മഹര്‍ഷീശ്വരന്മാര്‍ വെളിപ്പെടുത്തുമ്പോള്‍ അതിനെ എതിര്‍ക്കാന്‍ ശാസ്ത്രജ്ഞരുടെ പക്കല്‍ ആയുധങ്ങളില്ല. മനുഷ്യനുള്ളതുപോലെ ലോകത്തിനും കുണ്ഡിലിനി ശക്തിയുള്ളതായി ആചാര്യന്മാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ലോകത്തിന്റെ കുണ്ഡിലിനി നാശരഹിതമായി നിലനില്‍ക്കുന്നതുകൊണ്ടാണ് പ്രളയത്തിനുശേഷം പുനര്‍സൃഷ്ടികര്‍മത്തിനു പ്രാപ്തമാകുന്നത്. അത് ശബ്ദരൂപത്തിനും ഉപരിയായിട്ടുള്ള ഭാവമാണ്. കുണ്ഡിലിനിയുടെ ചെറിയ തോതിലുള്ള ഉദ്ധാരണം ഭാഗ്യോദയത്തിനും ജീവിത വിജയത്തിനും ഇടവരുത്തുന്നു. പ്രാര്‍ത്ഥന, മന്ത്രജപം, ഇതരമന്ത്ര-തന്ത്രവിദ്യകള്‍, ക്ഷേത്രദര്‍ശനം തുടങ്ങിയ ഉപാസനാ മാര്‍ഗ്ഗങ്ങളെല്ലാം അല്‍പ്പമാത്രമായ കുണ്ഡിലിനി ഉണര്‍വ് സാധ്യമാക്കുന്നു. ഏതു മതസ്ഥരുടെ ഏതുവിധ ഉപാസനാദികളുടെയും ഫലസിദ്ധിയുടെ ശാസ്ത്രം കുണ്ഡിലിനി ഉദ്ധാരണമാണ്. ഹിന്ദുധര്‍മ്മാചാര്യന്മാര്‍, അവര്‍ നേരിട്ടറിഞ്ഞ അനുഭവങ്ങള്‍, ലോകത്തിനു പ്രദാനം ചെയ്തിരിക്കുന്നു, മറ്റു മതസ്ഥര്‍ ഈ പ്രക്രിയയെ അറിയാതെയിരിക്കുന്നു എന്നുമാത്രം. ആധുനികലോകത്തിന് കുണ്ഡലിനി സംബന്ധമായ അനുഭൂതി വിശേഷത്തെ സുവ്യക്തമാക്കി വിവരിച്ചു നല്‍കിയിരിക്കുന്നത് ശ്രീരാമകൃഷ്ണ ദേവനാണ്. ശിഷ്യനായ വിവേകാനന്ദ സ്വാമിയും ഈ ശക്തി വിശേഷത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. മനുഷ്യശരീരത്തെ അടിസ്ഥാനപരമായി, യോഗശാസ്ത്രപരമായി അഗ്നി, സൂര്യ, ചന്ദ്ര തലങ്ങളിലായി, ബ്രഹ്മാ-വിഷ്ണു-രുദ്ര ഗ്രന്ഥികളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഷഡാധാരങ്ങളിലെ രണ്ടു ചക്രകള്‍ക്ക് ഒരു ഗ്രന്ഥി എന്ന നിലയിലാണീ മൂന്നു ഗ്രന്ഥികളുള്ളത്. ഉയര്‍ച്ചയ്ക്ക് തടസ്സമായി നിലനില്‍ക്കുന്ന ഈ മൂന്നു ഗ്രന്ഥികളെയും ഭേദിച്ചുകൊണ്ടാണ് കുണ്ഡിലിനിയുടെ ഉയര്‍ച്ചയുണ്ടാകുന്നത്. നട്ടെല്ലിനുള്ളിലുള്ള സുഷുമ്‌ന എന്ന പ്രധാന നാഡിയുടെ ഇടവും വലവുമായി ഇഘ, പിംഗള എന്ന ശീത-ഉഷ്ണ നാഡികളുമുണ്ട്. സുഷുമ്‌ന സമശീതോഷ്ണമുള്ളതാണ്. സുഷുമ്‌നയിലൂടെയുള്ള കുണ്ഡിലിനിയുടെ പ്രസക്തമായ ഉയര്‍ച്ച സാധ്യമാക്കുവാന്‍ ഒരു ഗുരുവിന്റെ ഉപദേശവും ചില സാധനാ രീതികളും അനുവര്‍ത്തിക്കേണ്ടതായി വരുന്നതാണ്. ചെറിയ കാര്യ സാധ്യങ്ങള്‍ക്കൊക്കെ ക്ഷേത്രദര്‍ശനവും ജപപ്രാര്‍ത്ഥനകളും മതിയാകുന്നതാണ്. കുണ്ഡിലിനിയുടെ ഏതാനും ചക്രകളിലേക്കുള്ള ഉയര്‍ച്ച, പലവിധ ശക്തിസിദ്ധികള്‍ നേടിത്തരുന്നതാണ്. ഉദാഹരണത്തിന് റെയ്കീ ഹീലിങ് എന്ന പ്രാണശക്തി ചികിത്സ തന്നെയെടുക്കാം. ഉയര്‍ന്നനിലവാരത്തില്‍ സൂക്ഷ്മശരീരത്തിലൂടെയുള്ള ജീവശക്തി പ്രവാഹവും കാര്യമായ കുണ്ഡിലിനി ഉദ്ധാരണവും നേടിയിട്ടുള്ള ഒരു ഗുരുവില്‍ നിന്നും മന്ത്രദീക്ഷാതുല്യമായ അറ്റിയൂണ്‍മെന്റ് നേടുകയും, സിംബലുകളും അവയുടെ മന്ത്രവും പ്രയോഗിക്കുവാന്‍ ശീലിക്കുകയും ചെയ്തിട്ടുള്ള ഒരാള്‍ക്ക് കുണ്ഡിലിനീ ശക്തി പ്രാപ്തമാക്കാനും ലഭ്യമായ ശക്തി-സിദ്ധികള്‍ ഉപയോഗിച്ച് രോഗനിവാരണവും നിത്യജീവിതത്തിനാവശ്യമായ കാര്യസാദ്ധ്യങ്ങളും നേടാന്‍ കഴിയുന്നു. ഒരു റെയ്കീ ഗ്രാന്‍ഡ് മാസ്റ്ററെന്ന നിലയില്‍ ഇക്കാര്യം ആധികാരികമായി പ്രസ്താവിക്കുവാന്‍ അനുഭവസ്ഥനായ ലേഖകനു കഴിയുന്നു. കുണ്ഡിലിനി ശക്തിയുടെ ഉണര്‍വ്വിന്റെ അടിസ്ഥാനത്തില്‍, മനുഷ്യന്റെ സൂക്ഷ്മശരീരത്തെ സ്‌കാന്‍ ചെയ്യാന്‍ കഴിവുള്ള അതീന്ദ്രിയ കാഴ്ചശക്തിയായ ക്ലയര്‍വയന്‍സ് നേടാനാകുന്നതാണ്. തുടര്‍ച്ചയായ ശക്തമായ ഉപാസനയിലൂടെയുംചുരുക്കം ചിലര്‍ക്ക് ഭാഗ്യമായും (മുജ്ജന്മ സുകൃതഫലം) ഈ ശക്തിവിശേഷം ലഭ്യമാകുന്നതാണ്. ദേവിയുടെ 'ത്രിപുരേശ്വരി' (ത്രിപുരസുന്ദരി) ഭാവമാണ് പ്രാണശക്തി (റെയ്കി)യായി നമുക്ക് ലഭ്യമാകുന്നത്. ഏതുവിധ വേദനയും ഇല്ലാതാക്കാന്‍ ഈ ശക്തിക്കു കഴിയുന്നതാണ്. പ്രപഞ്ചം നിറഞ്ഞുനില്‍ക്കുന്ന 'ത്രിപുരസുന്ദരി' ഭാവത്തിലുള്ള പ്രാണശക്തി സര്‍വ്വശക്തമാണ്, ശിവ-ശക്ത്യാത്മകമാണ്. അതിനാല്‍ റെയ്കിയില്‍ രോഗങ്ങള്‍ സുഖപ്പെട്ടിരിക്കുന്നു എന്ന സങ്കല്‍പമാണുള്ളത്. പഞ്ചഭൂതങ്ങളെയും പ്രതിനിധാനം ചെയ്യുന്നതാണ് സുഷുമ്‌നയിലെ ആദ്യ അഞ്ചു ചക്രാകളും. മൂലാധാരം ഭൂമിതത്വത്തെയും (ബീജാക്ഷരം-ലം), സ്വാധിഷ്ഠാനം ജലതത്വത്തെയും (ബീജാക്ഷരം-വം), മണിപൂരകം-അഗ്നിതത്വം (ബീജാക്ഷരം-രം), അനാഹതം വായുതത്വത്തെയും (ബീജൗക്ഷരം-യം), വിശുദ്ധി ആകാശത്തെയും (ബീജാക്ഷരം-ഹം) പ്രതിനിധാനം ചെയ്യുന്നു. പുരിക മധ്യത്തില്‍ സ്ഥിതിചെയ്യുന്ന ആജ്ഞാചക്രം, മനസ്സ് തത്വത്തെ (ബീജാക്ഷരം-ഓം) പ്രതിനിധാനം ചെയ്യുന്നു. ശിവ-ശക്തിയായ ബ്രഹ്മം മഹത് അഹവും, പ്രാണനും, പഞ്ചഭൂതങ്ങളുമായി (ശബ്ദാക്ഷര ബീജങ്ങളായി) രൂപാന്തരപ്പെട്ട് പ്രപഞ്ചത്തിലും മനുഷ്യശരീരത്തിലും പ്രഭാപൂര്‍ണമായി നിലനില്‍ക്കുന്നു. ശരീരനിര്‍മിതിക്കടിസ്ഥാനമായ അസ്ഥി, രക്തം തുടങ്ങിയ ഓരോ ഘടകത്തിനും ഓരോ ചക്രങ്ങളുമായി ബന്ധപ്പെട്ട് ദേവീശക്തി ഏഴുയോഗിനിമാരായിത്തീര്‍ന്നിരിക്കുന്നു. മൂലാധാരം-അസ്ഥിയോഗിനി-സാകിനീദേവി. സ്വാധിഷ്ഠാനം- മേദോയോഗിനി(മേദസ്സ്) കാകിനീദേവി. മണിപൂരകം -മാംസയോഗിനി -ലാകിനീ ദേവി. അനാഹതം - രക്തയോഗിനി - രാകിണീദേവി. വിശുദ്ധി- ചര്‍മ്മയോഗിനി - ഡാകിനീദേവി. ആജ്ഞ -മജ്ജായോഗിനി - ഹാകിനീദേവി. സഹസ്രാരം -രേതോയോഗിനി- യാകിനീദേവി. ലളിതാസഹസ്രനാമത്തില്‍ ഈ തത്വങ്ങളെ വ്യക്തമാക്കിക്കൊണ്ട് ഈ ഭാവങ്ങളെല്ലാം ശക്തിസ്വരൂപിണിയായ ദേവി തന്നെയെന്നു വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ശരീരത്തിന്റെ മൂന്നുഭാഗങ്ങളെ ശക്തികൂടം, കാമരാജകൂടം, വാഗ്ഭവകൂടം എന്നു മൂന്നുഭാഗങ്ങളിലായും ദേവി സ്ഥിതിചെയ്യുന്നു. ദേവിയുടെ ദിവ്യപഞ്ചദശാക്ഷരീ മന്ത്രങ്ങളാണീ മൂന്നു കൂടങ്ങളും. വാഗ്ഭവകൂടം ആദ്യത്തെ ക മുതല്‍ ഹ്രീംവരെയുള്ള അഞ്ച് മന്ത്രാക്ഷരങ്ങളെയും കാമരാജകൂടം 'ഹ' മുതല്‍ ഹ്രീം വരെയുമുള്ള അഞ്ച് മന്ത്രാക്ഷരങ്ങളെയും ചേര്‍ത്ത് പഞ്ചദശാക്ഷരീ മന്ത്രമാകുന്നു. വാഗ്ഭവകൂടകയില്‍ ആരംഭിക്കുന്നതിനാല്‍ കാദി വിദ്യയെന്നും, കാമരാജകൂടം, 'ഹ'യില്‍ തുടങ്ങുന്നതിനാല്‍ ഹാദി വിദ്യയെന്നും ശക്തികൂടം 'സാ'യില്‍ തുടങ്ങുന്നതിനാല്‍ സാദിവിദ്യയെന്നും അറിയപ്പെടുന്നു. ആദ്യയുഗങ്ങളില്‍ യാഗ-യജ്ഞാദികള്‍ക്കായിരുന്നു പ്രാധാന്യം-പലവിധ കാരണങ്ങളാല്‍ പിന്നീട് ഉപാസനാരീതികള്‍ക്കു മാറ്റമുണ്ടാകുകയും ആഗമതന്ത്രങ്ങള്‍ രചിക്കപ്പെടുകയും ശിവന്‍, വിഷ്ണു, ദേവി തുടങ്ങിയ ദേവതാ ഉപാസനാ തന്ത്രങ്ങള്‍ ഉണ്ടാകുകയും ചെയ്തു. പരശുരാമ സ്വാമി പ്രത്യേകമായ ശിവ-ശക്തി പ്രധാന തന്ത്രങ്ങള്‍ക്ക് (കേരളത്തിനുവേണ്ടി) രൂപംനല്‍കുകയുണ്ടായി. ദേവീ പ്രധാനമായ തന്ത്രവിദ്യ, ബ്രഹ്മശക്തിയായ ദേവിയെ ഉപാസിച്ചു ഭുക്തി-മുക്തികള്‍ നേടാനുള്ള മാര്‍ഗ്ഗത്തെയാണ് കാട്ടിത്തരുന്നത്. ശിവനു ശിവലിംഗംപോലെ, ദേവീ പ്രതീകാത്മകത്വം വഹിക്കുന്നത് ത്രികോണസ്ഥയും, ബിന്ദുസ്വരൂപിണിയുമായിട്ടാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.