പ്രപഞ്ചത്തിനും ഒരു ഡിഎന്‍എ ടെസ്റ്റ്!

Sunday 1 October 2017 8:39 pm IST

നമുക്കെല്ലാം അറിയാം, അച്ഛന്‍ എന്നത് നമുക്ക് അമ്മ കാട്ടിത്തന്ന ആളാണ്. വേറെ തെളിവുകള്‍ ഒന്നും ഉണ്ടായിരുന്നില്ലല്ലോ. ഇപ്പോള്‍ തര്‍ക്കംവരുേമ്പാള്‍ മുട്ടുശാന്തിക്ക് ഡിഎന്‍എ ടെസ്റ്റ് നടത്തി തെളിവ് വെളിയില്‍കൊണ്ടുവരികയാണ് ചെയ്യുന്നത്. ദൈവത്തിന്റെ കാര്യവും ഇതുതന്നെ. ആളുണ്ടെന്ന് അറിയുന്നു. കണ്ടവരാരുമില്ല. കണ്ടവര്‍ അധികം മിണ്ടുകയുമില്ല. കണ്ടെത്താനും കാര്യം അറിയാനും വലിയ നിവൃത്തിയൊന്നുമില്ല. പ്രകൃതിക്കും അഥവാ ഈ പ്രപഞ്ചത്തിനും ഒരു ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ പറ്റിയെങ്കില്‍ ആളെ കണ്ടുപിടിക്കാമായിരുന്നു. പത്മനാഭന്റെ അറ തുറക്കുന്നതുവരെ ഇവിടെ ദൈവത്തിന്റെ കാര്യം മിണ്ടിപ്പോവരുതെന്നാണ് ബുദ്ധിജീവികളായി നടിക്കുന്നവര്‍ പറഞ്ഞുനടന്നത്. അഭിപ്രായം ഇരുമ്പുലയക്കയല്ലാത്തതുകൊണ്ടും, പ്ലേറ്റ് തിരിച്ചുവയ്ക്കുന്ന ശീലം എല്ലായിടത്തുമുള്ളതുകൊണ്ടും അതൊക്കെ മാറിയും തിരിഞ്ഞും വന്നുകൊണ്ടിരിക്കുന്നു. എന്തായാലും പത്മനാഭനേയും ഗുരുവായൂരപ്പനെയും കാനനവാസനായ അയ്യപ്പനെയും എല്ലാവര്‍ക്കും 'ക്ഷ' പിടിത്തംതന്നെ. വേറെ ദൈവങ്ങളെയൊന്നും കണ്ണെടുത്താല്‍ കണ്ടുകൂടെങ്കിലും ഇവരെ മൂന്നുപേരെയും കേരളത്തിലെ പുരോഗമിക്കാത്ത പുരോഗമനവാദികള്‍ക്ക് പെരുത്ത് ഇഷ്ടമാണ്. പറഞ്ഞുവരുന്നത് ദൈവമില്ല എന്നുപറയുന്നവര്‍ക്ക് അച്ഛനില്ല എന്നു നമ്മള്‍ പറയുന്നതും സമ്മതിച്ചുതരേണ്ടിവരും എന്നുമാത്രം. അതിനും തെളിവൊന്നും ഇല്ലല്ലോ. ആകാശത്ത് പകല്‍ നക്ഷത്രങ്ങളില്ല എന്നുപറയുന്നവരെപ്പോലെ, അത്യത്ഭുതകരമായി സൃഷ്ടിച്ചിരിക്കുന്ന ഈ പ്രപഞ്ചത്തിന് ഒരു ശില്‍പിയില്ലയെന്ന് വിഡ്ഢികള്‍ക്കേ പറയാന്‍ കഴിയൂ. ഒരു ഇല കീറി പരിശോധിച്ചാല്‍ കാണുന്ന അത്ഭുതംതന്നെ അപാരമാണ്. എത്ര മനോഹരമായിട്ടാണ്, എത്ര സൂക്ഷ്മതയോടെയാണ് എല്ലാം അടുക്കിവച്ചിരിക്കുന്നതെന്ന് അറിയുന്ന ഒരു ശാസ്ത്രജ്ഞനും ഈ പ്രപഞ്ചശില്‍പിയെ വന്ദിക്കാതിരിക്കാന്‍ ആവില്ലതന്നെ. ശരീരം കീറി പഠിക്കുന്ന ഡോക്ടറോട് ചോദിച്ചുനോക്കൂ, അയാള്‍ ദിവസവും കാണുന്ന ദൈവത്തിന്റെ അത്ഭുതലീലകളെക്കുറിച്ച്. ബഹിരാകാശയാത്രക്കാരോട് ചോദിച്ചുനോക്കൂ ഈശ്വരനുണ്ടോയെന്ന്. നീല്‍ ആംസ്‌ട്രോങ് ആദ്യം വിളിച്ചുപറഞ്ഞത് ദൈവം ഉണ്ടെന്ന് അയാള്‍ക്ക് മനസ്സിലായെന്നാണ്. അത്രയ്ക്കാണ് അയാള്‍ ബഹിരാകാശത്തു കണ്ട അത്ഭുതങ്ങള്‍. അറിവുള്ളവന്‍ ചിന്തിച്ചിരിക്കും. അറിവില്ലാത്തവന്‍ മിണ്ടിക്കൊണ്ടിരിക്കും. നിറയാത്ത കുടം തുളുമ്പിക്കൊണ്ടിരിക്കും. നിറകുടം തുളുമ്പില്ല. എല്ലാറ്റിനേയും നിഷേധിക്കുന്നത് എന്തോ വലിയ കാര്യമാണ് എന്ന ഒരു മാറാരോഗം ഇവിടെ പല ബുദ്ധിജീവികളെയും പിടികൂടിയിരിക്കുന്നത്. അടിയന്തര ചികിത്‌സ ആവശ്യമായ മേഖലയാണത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.