അഗളി: വനവാസികളുടെ ഉന്നമനത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടുകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതായി കേന്ദ്ര പട്ടികവര്‍ഗ ക്ഷേമവകുപ്പ് മന്ത്രി ജുവല്‍ ഒറാം. ജില്ല വനവാസി വികാസകേന്ദ്രത്തിന്റെ കീഴില്‍ അട്ടപ്പാടി നക്കുപ്പതി പിരിവില്‍ ആരംഭിച്ച മല്ലീശ്വര ജനസേവാകേന്ദ്രത്തിന്റെയും, കമ്പ്യുട്ടര്‍, തയ്യല്‍ പരിശീലന കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് ആശങ്കാജനകമാണ്. ഈ മൂന്നു വര്‍ഷത്തിനിടെ നിരവധി പദ്ധതികളിലായി കോടിക്കണക്കിന് രൂപയാണ് വനവാസികളുടെ ഉന്നമനത്തിനായി അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ഇവ കൃത്യമായി വിനിയോഗിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
വനവാസികളുടെ തനതുസംസ്കാരവും, പൈതൃകവും സംരക്ഷിക്കപ്പെടേണ്ടത് സാമൂഹത്തിന്റെ ആവശ്യമാണ്. പല മേഖലകളിലും തനതു സംസ്കാരം വെച്ചുപുലര്‍ത്തുന്നവരാണ് ആദിവാസി സമൂഹം. ആയുര്‍വേദം, സംഗീതം, കല, എന്നിവയില്‍ നിഷേധിക്കാനാവാത്ത സ്ഥാനം വനവാസി സമൂഹത്തിനുണ്ടായിരുന്നു. ചരിത്രം പരിശോധിച്ചാല്‍ ഇവ മനസ്സിലാകും. എന്നാല്‍ പില്ക്കാലത്ത് ഇവര്‍ അടിച്ചമര്‍ത്തപ്പെടുകയായിരുന്നു. ഇത്തരത്തില്‍ അടിച്ചമര്‍ത്തപ്പെട്ട വനവാസി വിഭാഗത്തിനെ മുഖ്യധാരയിലേക്കെത്തിക്കുകയെന്നത് സമൂഹത്തിന്റെ കടമയാണ്.
രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് വനവാസി വിഭാഗത്തിന്റെ ഉന്നമനത്തിനായി ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു. അഖില ഭാരതീയ വനവാസി കല്ല്യാണാശ്രം ദേശീയ പ്രസിഡന്റ് ജഗദേവ് റാംജി ഒറാം അധ്യക്ഷത വഹിച്ചു. ഓലശ്ശേരി ദയാനന്ദാശ്രമം മഠാധിപതി സ്വാമി കൃഷ്ണാത്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ സമ്പര്‍ക്ക് പ്രമുഖ് എ.ആര്.മോഹനന്, വനവാസി കേന്ദ്രം സംസ്ഥാന പ്രസിഡന്റ് മധുക്കര്‍ വി.ഗോറെ, ജില്ലാ പ്രസിഡന്റ് വി.പി. മുരളീധരന്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി.പൈതല്‍, വിവേകാനന്ദ മെഡിക്കല്‍ മിഷന് ആശുപത്രി സിഎംഒ ഡോ.വി. നാരായണന്, നക്കുപ്പതി ഊരുമൂപ്പത്തി കാടയമ്മ എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ അട്ടപ്പാടിയിലെ വിവിധ ഊരുകളില്‍ നിന്നെത്തിയ മൂപ്പന്മാരെ ആദരിച്ചു. രാവിലെ 11 മണിയോടെ കോയമ്പത്തൂര്‍ വഴി അഗളിയിലെത്തിയ കേന്ദ്രമന്ത്രിയെ തനത് ആദിവാസി കലാരൂപങ്ങളുടെ അകമ്പടിയോടെ ബിജെപി അഗളി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് രാകേഷ് ബാബു, സെക്രട്ടറി സി.സി. മോഹന്‍ദാസ്, അഗളി ഗ്രാമപഞ്ചായത്തംഗം കവിതാ സൗന്ദര്രാജന് എന്നിവര്‍ സ്വീകരിച്ചു. ആദിവാസി ശാക്തീകരണവും, വിദ്യാഭ്യാസ ഉന്നതിയും ലക്ഷ്യമാക്കി 25ലക്ഷം രൂപാ ചെലവിട്ടാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: