തിരുവനന്തപുരം: ആര്‍എസ്എസ് പഥസഞ്ചലനത്തിനിടെ സ്വയം സേവകന് കുഴഞ്ഞുവീണു മരിച്ചു. വിജയദശമിയോടനുബന്ധിച്ച് പാപ്പനംകോട് നഗറിന്റെ ആഭിമുഖ്യത്തില്‍ നടന്ന പഥസഞ്ചലനത്തില്‍ പങ്കെടുക്കുമ്പോള്‍ പാപ്പനംകോട് സിജിഎസ് നഗറില്‍ നീതു നിവാസില്‍ ഉണ്ണിക്കൃഷ്ണന് (70) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. തളിയലില്‍ നിന്നും ആരംഭിച്ച പഥസഞ്ചലനം കരമനയിലെത്തിയപ്പോള് ദേഹാസ്വാസ്ഥ്യത അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു.
സേവാഭാരതിയുടെ ആമ്പുലന്‍സില്‍ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഞ്ചുമണിയോടെ മരിച്ചു. റിട്ട. എജിഎസ് ഉദ്യോഗസ്ഥനാണ്.
പ്രായമേറിയതിനാല്‍ പഥസഞ്ചലനത്തില്‍ പങ്കെടുക്കാതെ പൊതുപരിപാടിയില്‍ പങ്കെടുത്താല്‍ മതിയെന്ന് കൂടെയുള്ള സ്വയം സേവകര്‍ പറഞ്ഞെങ്കിലും ഉണ്ണിക്കൃഷ്ണന് അത് കൂട്ടാക്കാതെ ഗണവേഷത്തില്‍ പഥസഞ്ചലനത്തില്‍ പങ്കെടുക്കുകയായിരുന്നു.
ഭാര്യ: ഷീലാ ദേവി, മകള്‍: നീതുകൃഷ്ണ. മൃതശരീരം ഊക്കോടുള്ള മരുമകന്റെ വീട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം ഇന്ന് രാവിലെ 11 ന് തൈക്കാട് ശാന്തികവാടത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: