ഫിഷറീസ് വകുപ്പിനെതിരെ തുറമുഖട്രസ്റ്റ്

Sunday 1 October 2017 9:58 pm IST

പള്ളുരുത്തി: നീതിമാന്‍ബോട്ട് കപ്പല്‍ചാലില്‍ മുങ്ങിയ സംഭവത്തില്‍ ഫിഷറീസ് വകുപ്പിനെതിരെ അടിയന്തര നിയമനടപടിക്കൊരുങ്ങി തുറമുഖട്രസ്റ്റ്. ഫിഷറീസ് വകുപ്പ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ബോട്ട് മത്സ്യബന്ധനത്തിനിടയില്‍ അപകടം പിണഞ്ഞതിന് കാരണം ഫിഷറീസ് വകുപ്പിന്റെ മാത്രം ഉത്തരവാദിത്വമാണെന്ന നിലപാടാണ് പോര്‍ട്ട് ട്രസ്റ്റിന്റേത്. ബോട്ടിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരാണ്. ബോട്ട് നേരില്‍ കാണാതെയാണ് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയതെന്നും ആരോപണമുണ്ട്. അപകടമുണ്ടായ ദിവസം ബോട്ട് നിയന്ത്രിച്ചിരുന്ന തൊഴിലാളിക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും വിവരമുണ്ട്. നിലവിലെ ബോട്ടിന്റെ ഉടമയ്ക്ക് മറ്റൊരാളില്‍ നിന്നും കൈമാറിക്കിട്ടിയതാണ് നീതിമാന്‍. 15 വര്‍ഷത്തോളം പഴക്കം കണക്കാക്കുന്ന ബോട്ട് ഉപയോഗിച്ച ഉടമക്കെതിരേയും നിയമ നടപടിയുണ്ടാകും. ചൈനയില്‍ നിന്നും ദുബായില്‍ നിന്നുമടക്കമുള്ള നിരവധി കപ്പലുകള്‍ മടങ്ങാനുണ്ടായ സാഹചര്യവും കോടികളുടെ നഷ്ടവും കണക്കാക്കിയ ശേഷം അതിവേഗം നടപടി തുടരാനുള്ള സാഹചര്യം പരിശോധിക്കുകയാണ് കേന്ദ്രഷിപ്പിംഗ് മന്ത്രാലയം. ബോട്ടുകളുടെ ഫിറ്റ്‌നസ് ശരിപ്പെടുത്തി നല്‍കുന്ന ഏജന്റ്മാര്‍ പ്രവര്‍ത്തിക്കുന്നതായുള്ള പരാതികള്‍ രേഖാമൂലം പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചതായും വിവരമുണ്ട്. കപ്പല്‍ ചാലില്‍ നിന്നും ബോട്ടുയര്‍ത്താന്‍ ചെലവായ തുകയടക്കം ഈടാക്കുന്നതിനാണ് പോര്‍ട്ടിന്റെ തീരുമാനം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.