മുണ്ടേരി: മുണ്ടേരി ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ ഇക്കോ ക്ലബ്ബ് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെ ഓസോണ്‍ ദിനത്തോടനുബന്ധിച്ച് ചിലചിത്ര പ്രദര്‍ശനം, ഹരിത സന്ദേശ റാലി, പ്രശ്നോത്തരി തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. സേവ് ഓസോണ്‍ എന്ന മുദ്രാവാക്യമുയര്‍ത്തി ഹരിത സന്ദേശത്തിന്റെ പ്രതീകാത്മകമായി കുടയില്‍ ഓസോണ്‍പാളി സംരക്ഷിക്കണമെന്ന സന്ദേശങ്ങള്‍ എഴുതി കുടയും ചൂടിയാണ് നടത്തിയത്. സീനിയര്‍ അസിസ്റ്റന്റ് കെ.എം.നാരായണന് മാസ്റ്റര്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു.
ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പരിസ്ഥിതി സെമിനാറില്‍ മലബാര്‍ പരിസ്ഥിതി സമിതി സെക്രട്ടറി ഭാസ്കരന് വെള്ളൂര്‍ ഓസോണ്‍ പാളിയും ആഗോളതാപനവും എന്ന വിഷയം അവതരിപ്പിച്ചു. മനുഷ്യര്‍ ഉല്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന രാസവസ്തുക്കളാണ് ഓസോണെന്ന് ജീവസംരക്ഷണ കവചത്തിന് ക്ഷതമേല്‍പ്പിക്കുന്നതെന്ന് അദ്ദേഹം കുട്ടികളെ ഓര്‍മ്മിപ്പിച്ചു.
ഹെഡ്മാസ്റ്റര് പി.പ്രദീപ് മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. എസ്.പി.മധുസൂദനന് സ്വാഗതവും ആരിഫ ഷെറിന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: