നാഗ്പൂര്‍: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര 4-1ന് സ്വന്തമാക്കിയതിനു പിന്നാലെ ടീം അംഗങ്ങളെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഓസീസ് പരമ്പര ടീമിനു സമ്മാനിച്ച മുതല്‍ക്കൂട്ടാണ് ഹര്‍ദിക് പാണ്ഡ്യ എന്ന് കോഹ്ലി പറഞ്ഞു. പരമ്പരയിലുടനീളം മിന്നും പ്രകടനം കാഴ്ച വച്ച ഹര്‍ദികായിരുന്നു പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഇതിനു പിന്നാലെയാണ് ക്യാപ്റ്റന്റെ വക അഭിനന്ദനം.
പരമ്പരയിലെ ഒന്നിലേറെ മത്സരങ്ങളില്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണാക പങ്കുവഹിച്ചതും ഹര്‍ദിക് തന്നെയായിരുന്നു. പരമ്പരയിലുടനീളം 222 റണ്‍സും ആറു വിക്കറ്റുകളും സ്വന്തമാക്കിയാണ് ഹര്‍ദിക് പരമ്പരയുടെ താരമായത്. ടീമിലെ മുഴുവന്‍ കളിക്കാരും മിന്നും ഫോമിലാണെന്നും ആരെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തുമെന്നത് ഇപ്പോള്‍ ഏറെ ശ്രമകരമായ ജോലിയാണെന്നും കോഹ്ലി പറഞ്ഞു.
ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ എന്നിവരെയെല്ലാം പേരെടുത്ത് പറഞ്ഞ് അഭിനന്ദിക്കാനും ഇന്ത്യന്‍ ക്യാപ്റ്റന്‍ മറന്നില്ല. ഈ മാസം ഏഴിന് ആരംഭിക്കുന്ന ട്വന്റി-20 പരമ്പരയിലും ഈ മികവ് തുടരാനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: