ലഭ്യതേളപി തത് കൃപയൈവ

Tuesday 3 October 2017 9:06 pm IST

ഭഗവത് കൃപകൊണ്ടുമാത്രമാണ് സത്ഗുരു സംഗമം ലഭ്യമാകുന്നത്. എല്ലാവര്‍ക്കും അതു ലഭ്യമാകണമെന്നില്ല. കാലം ദേശം ഇവയെല്ലാം അതിനനുകൂലമാകുന്നത് ഇച്ഛകാലാണ്. അതിനുള്ള അവസരം ഒരുങ്ങുന്നതും ആ ഭഗവാന്റെ ഇച്ഛയാലാണ്. ഇതു പറയുമ്പോള്‍ വിദുര-മൈത്രേയ സംവാദത്തിന്റെ സാഹചര്യമാണ് ഓര്‍മയില്‍ വരുന്നത്. ഉദ്ധവര്‍ക്ക് ബ്രഹ്മോപദേശം കൊടുക്കാന്‍ ഭഗവാന്‍ സ്വയം തയ്യാറായി. ഭഗവാനില്‍ നിന്ന് ബ്രഹ്മോപദേശം ലഭിച്ച സന്തോഷത്തിലായിരുന്നു ഉദ്ധവര്‍. ആ ഉദ്ധവരെ മാര്‍ഗമധ്യത്തില്‍ കണ്ട വിദുരര്‍ക്ക് അത് അറിയണമെന്ന് താല്‍പ്പര്യം. ഭാഗ്യവാനായ അങ്ങ് ആ ബ്രഹ്മോപദേശം എന്തെന്ന് എനിക്കുകൂടി പറഞ്ഞുതരുമോ എന്ന് വിദുരര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. എന്നാല്‍ വിദുരരുടെ താല്‍പ്പര്യത്തിനനുസരിച്ച് അത് വിശദീകരിക്കാന്‍ ഉദ്ധവന്‍ തയ്യാറായില്ല. അതിന്റെ കാരണവും ഉദ്ധവര്‍ വ്യക്തമാക്കി. ഹേ മഹാത്മാവായ വിദുരരേ, അങ്ങയ്ക്ക് ബ്രഹ്മോപദേശം നല്‍കാന്‍ ഞാനാളല്ല. അതിനായി ഭഗവാന്‍ തന്നെ മൈത്രേയ മഹര്‍ഷിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മഹാത്മാവായ മൈത്രേയ മഹര്‍ഷിയാണ് അങ്ങയ്ക്ക് ഉപദേശം നല്‍കാന്‍ അര്‍ഹമായ മഹത്വം ഉള്ള വ്യക്തി. അതുകൊണ്ടു വിദുരരേ, അങ്ങ് മൈത്രേയ മഹര്‍ഷിയെ സന്ദര്‍ശിച്ചാലും. ഭഗവാനെ കണ്ടെത്തി തിരിച്ചറിഞ്ഞയാളാണ് വിദുരര്‍. അതുകൊണ്ടുതന്നെ ഭഗത് കൃപ അദ്ദേഹത്തിലേക്കൊഴുകിയെത്തി. വിദുരോപദേശങ്ങള്‍ ഇന്നും ഭാരതീയര്‍ക്ക് ഏറെ മാര്‍ഗദര്‍ശകമാണ്. കാരണം ഭഗവാനെ അറിഞ്ഞവര്‍ ഭഗവത് കൃപയാല്‍ സ്വയം സാരൂപ്യവും സായുജ്യവും നേടി ഭഗവാനുമായി താദാത്മ്യം പ്രാപിക്കുന്നു. അതിനാല്‍ അവര്‍ ഭഗവാന്‍ തന്നെയായി നമുക്കനുഭവപ്പെടുന്നു. ഇക്കാര്യം അടുത്ത സൂത്രത്തില്‍ പ്രകടമായിപ്പറയുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.