എസ്എഫ്‌ഐ അക്രമം: എബിവിപി ഇന്ന് പഠിപ്പുമുടക്കും

Tuesday 3 October 2017 9:19 pm IST

ആലപ്പുഴ: ജില്ലയിലെ കോളേജുകളില്‍ എസ്എഫ്‌ഐ നടത്തുന്ന വ്യാപക അക്രമങ്ങളില്‍ പ്രതിഷേധിച്ച് എബിവിപി ഇന്ന് പഠിപ്പു മുടക്കുമെന്ന് ജില്ലാ കണ്‍വീനര്‍ അഖില്‍ അറിയിച്ചു. ഇന്നലെ ഹരിപ്പാട് ടികെഎംഎം കോളേജിലും ആലപ്പുഴ എസ്ഡി കോളേജിലുമാണ് എസ്എഫ്‌ഐ ഏകപക്ഷീയമായി അക്രമം അഴിച്ചുവിട്ടത്. എസ്ഡി കോളേജില്‍ മാഗസിന്‍ എഡിറ്റര്‍ സ്ഥാനാര്‍ത്ഥിയും മൈക്രോബയോളജി രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ ബി. ബിനുവിനെയാണ് തല്ലിച്ചതച്ചത്. ദളിത് സമുദായത്തില്‍പ്പെട്ട ബിനുവിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച ശേഷമായിരുന്നു മര്‍ദ്ദനം. എസ്എഫ്‌ഐ നേതാക്കളായ വിനയകുമാര്‍, അശ്വിന്‍, പ്രകാശ്, അനന്തുരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. ബിനു ജനറല്‍ആശുപത്രിയില്‍ ചികിത്സ തേടി. സൗത്ത് പോലീസ് കേസെടുത്തു. ടികെഎംഎം കോളേജില്‍ എബിവിപി ജില്ലാ ജോ. കണ്‍വീനര്‍ ഹരീഷ് ഹരികുമാറിനെ ഇരുമ്പു വടിക്കാണ് അക്രമിച്ചത്. കാലിന് സാരമായി പരിക്കേറ്റ ഹരീഷിനെ ഹരിപ്പാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. എബിവിപി പ്രവര്‍ത്തകരായ അതുല്‍, അര്‍ജുന്‍, അശ്വിന്‍ എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു. കഴിഞ്ഞ കുറേ നാളുകളായി കാമ്പസുകള്‍ കേന്ദ്രീകരിച്ച് എസ്എഫ്‌ഐക്കാര്‍ പുറമെ നിന്നെത്തുന്ന ഡിവൈഎഫ്‌ഐ സിപിഎമ്മുകാരുമായി ചേര്‍ന്ന് അക്രമം അഴിച്ചുവിടുകയാണെന്ന് എബിവിപി കുറ്റപ്പെടുത്തി. കോളേജുകളില്‍ സംഘടനാ സ്വാതന്ത്ര്യം പോലും അനുവദിക്കാത്ത ഫാസിസ്റ്റ് പ്രവണതയാണ് എസ്എഫ്‌ഐ കാട്ടുന്നതെന്നും എബിവിപി വിമര്‍ശിച്ചു. അതിനിടെ കായംകുളത്ത് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്നാരോപിച്ച് കെഎസ്‌യുവും ഇന്ന് ജില്ലയില്‍ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.