മുഖ്യമന്ത്രിയുടെ പ്രസ്താവന കുറ്റബോധത്തില്‍ നിന്ന്: കുമ്മനം

Saturday 7 October 2017 9:30 am IST

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ദേശവിരുദ്ധരെ സഹായിക്കുകയാണെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ ആരോപണം ഓരോ കേരളീയനോടുമുള്ള വെല്ലുവിളിയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കുറ്റബോധത്തില്‍ നിന്ന് ഉണ്ടായതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മലയാളിയുടെ അഭിമാന ബോധത്തെയും സുരക്ഷയെയും പറ്റി ആശങ്കയുണ്ടെങ്കില്‍ രാഷ്ട്രവിരുദ്ധ ശക്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രി ശ്രദ്ധിക്കേണ്ടത്. ദേശദ്രോഹികളുടെ സുരക്ഷിത താവളമായി കേരളം മാറിയത് മുഖ്യമന്തി ഉള്‍പ്പടെയുള്ള ഭരണാധികാരികളുടെ നിരുത്തരവാദ നിലപാടുകൊണ്ടാണ്. ഇക്കാര്യം കേരളത്തിന് പുറത്തുള്ള ഒരു നേതാവ് ചൂണ്ടിക്കാട്ടിയതില്‍ മുഖ്യമന്ത്രിക്കുണ്ടായ ജാള്യം മനസ്സിലാകുമെന്നും കുമ്മനം ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു. കശ്മീരില്‍ കൊല്ലപ്പെട്ട തീവ്രവാദികളില്‍ പലരും കേരളത്തില്‍ നിന്നായിരുന്നു. അന്താരാഷ്ട്ര ബന്ധമുണ്ടായിരുന്ന തീവ്രവാദികളെ കണ്ണൂരിലെ കനകമലയില്‍ നിന്നാണ് പിടികൂടിയത്. കേരളാ പോലീസിന്റെ പിടിയിലായ അന്താരാഷ്ട്ര ഭീകരന്‍ തടിയന്റവിട നസീറിനെ വിട്ടയയ്ക്കാന്‍ ഉത്തരവിട്ടത് ആരാണെന്ന കാര്യം മുഖ്യമന്ത്രിക്ക് അറിവുണ്ടാകുമല്ലോ? നേരത്തെ അല്‍ഖ്വയ്ദയ്ക്കും ഇപ്പോള്‍ ഐഎസ് ഭീകരര്‍ക്കുമൊക്കെ ഏറ്റവും കൂടുതല്‍ ഭീകരരെ സംഭാവന ചെയ്യുന്നതും കേരളമാണ്. ലവ്ജിഹാദെന്ന ഓമനപ്പേരില്‍ കേരളത്തിലെ കൊച്ചു പെണ്‍കുട്ടികളെ സിറിയയിലെ ഭീകര ക്യാമ്പുകളില്‍ എത്തിച്ച ഭീകരന്മാര്‍ ഇവിടെ വിഹരിക്കുകയാണ്. അതിന് നേതൃത്വം നല്‍കുന്നത് സത്യസരണി എന്ന കേന്ദ്രമാണ്. നിരവധി തീവ്രവാദ കേസുകളില്‍ പ്രതിയായ അബ്ദുള്‍ നാസര്‍ മദനിയെ വിട്ടയയ്ക്കാന്‍ കേരള നിയമസഭ ഒന്നടങ്കം ശബ്ദമുയര്‍ത്തിയത് ദേശദ്രോഹ പ്രവര്‍ത്തനമല്ലാതെ മറ്റെന്താണ്? മദനിയെ സ്വീകരിക്കാന്‍ ശംഖുംമുഖത്തെ വേദിയില്‍ കേരള മന്ത്രിസഭ ഒന്നടങ്കം എത്തിയപ്പോള്‍ അന്ന് കേരളം ഭരിച്ചിരുന്നത് താങ്കളുടെ പാര്‍ട്ടിയായിരുന്നു. കേരളം കണ്ട ആദ്യ ഐഎസ് മോഡല്‍ അക്രമമായ അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതിയെ പിടികൂടാന്‍ ഒരു ശ്രമമെങ്കിലും നടത്തണമായിരുന്നു. അതേ ഭീകരത തന്നെയാണ് ഫാദര്‍ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ട്‌പോയതും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.