രോഗം വിതയ്ക്കുന്ന ഐസ്‌

Tuesday 3 October 2017 10:23 pm IST

തൃശൂര്‍: ചൂടായാലും തണുപ്പായാലും നമുക്ക് തണുത്തുറഞ്ഞ പാനീയങ്ങളോടാണ് പ്രിയം. ശീതളപാനീയ വിപണനം വലിയ സാമ്പത്തിക നേട്ടം കിട്ടുമെന്ന തിരിച്ചറിവില്‍ നാടിന്റെ മുക്കിലും മൂലയിലും ശീതളപാനിയ വില്‍പ്പന കേന്ദ്രങ്ങള്‍ പൊട്ടിമുളച്ചിരിക്കുകയാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ് പാതയോരങ്ങള്‍ കയ്യേറി ശീതളപാനീയ ഷോപ്പുകള്‍ ആരംഭിച്ചിരിക്കുന്നത്. ശീതളപാനീയങ്ങള്‍ക്കൊപ്പം നമ്മള്‍ നുരയുന്നത് രോഗങ്ങള്‍കൂടിയാണ്. ശീതളപാനീയങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങിയതോടെയാണ് ആരോഗ്യവകുപ്പ് അധികൃതര്‍ കൂടുതല്‍ ശ്രദ്ധചെലുത്താന്‍ തുടങ്ങിയത്. ശീതളപാനീയങ്ങള്‍ സ്ഥിരമായി ഉപയോഗിച്ചവര്‍ക്ക് ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ജലജന്യരോഗങ്ങളാണ് വ്യാപകമായിക്കൊണ്ടിരിക്കുന്നത്. മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന വിലകുറഞ്ഞ ഭക്ഷ്യയോഗ്യമല്ലാത്ത ഐസാണ് ശീതളപാനീയങ്ങളില്‍ ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് തന്നെ കണ്ടെത്തിയിട്ടുണ്ട്. വിലകുറഞ്ഞ ഐസിന്റെ പ്രധാന ആവശ്യക്കാര്‍ ജ്യൂസ് കടക്കാരാണ്. മത്സ്യത്തിന് വേണ്ട ഐസ് നിര്‍മ്മിക്കുന്ന ഐസ് പ്ലാന്റുകളില്‍ നേരം പുലരുന്നതിന് മുമ്പ് തന്നെ ജ്യൂസ് കടകളില്‍ നിന്നുള്ളവരും ഐസ് ക്രീം നിര്‍മ്മാണം നടത്തുന്നവരുമെത്തി ഐസ് വാങ്ങിപ്പോരുന്നതാണ് പതിവ്. വളരെ കുറഞ്ഞ വിലയില്‍ ആവശ്യത്തിന് ഐസ് ലഭിക്കുന്നതാണ് കച്ചവടക്കാരെ ഇതിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം. മത്സ്യത്തിന് ഉപയോഗിക്കുന്ന ഐസ് നിര്‍മ്മിക്കുന്നത് മലിനമായ കനാലുകളിലെ വെള്ളം ഉപയോഗിച്ചാണ്. പല കനാലുകളിലേയും വെള്ളം ഒഴുക്ക് നിലച്ച് കറുത്ത് ദുര്‍ഗന്ധം വമിക്കുന്ന നിലയിലുള്ളതാണ്. ഈ വെള്ളം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഐസാണ് ശീതളപാനീയ വില്‍പ്പനക്കാരും ഐസ്‌ക്രീം വില്‍പ്പനക്കാരും ഉപയോഗിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.