എല്ലാവര്‍ക്കും ജീവിക്കണം

Wednesday 4 October 2017 11:37 am IST

സംസ്ഥാനം രൂപീകരിക്കപ്പെട്ടശേഷം വിവിധ രാഷ്ട്രീയപാര്‍ട്ടികളും സമുദായസംഘടനകളും തെക്കു-വടക്ക് നടത്തിയ നിരവധി യാത്രകള്‍ കേരളം കണ്ടിട്ടുണ്ട്. വടക്ക് കാസര്‍കോടുനിന്ന് തെക്ക് പാറശ്ശാലയിലേക്കും, തലസ്ഥാനമായ തിരുവനന്തപുരത്തു നിന്ന് വടക്കോട്ടും തലങ്ങും വിലങ്ങും യാത്രകള്‍ നടന്നു. കേരള രക്ഷായാത്ര, കേരള ജനരക്ഷായാത്ര തുടങ്ങിയ പേരുകളിട്ട് വിവിധ പാര്‍ട്ടികള്‍ നടത്തിയ ഇത്തരം യാത്രകളിലൂടെ സൃഷ്ടിക്കപ്പെട്ട നേതാക്കളും കേരളത്തില്‍ കുറവല്ല. ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായാണ് ബിജെപി സംസ്ഥാനഘടകം 'എല്ലാവര്‍ക്കും ജീവിക്കണം' എന്ന മുദ്രാവാക്യവുമായി ഒരു യാത്ര ആരംഭിച്ചിരിക്കുന്നത്. യാത്രയുടെ ആരംഭം കേരളത്തിന്റെ വടക്കേ അതിര്‍ത്തിയായ കാസര്‍കോടു നിന്നല്ല, കമ്മ്യൂണിസ്റ്റ് ഭീകരത എറ്റവും കൂടുതല്‍ നടമാടുന്ന കണ്ണൂര്‍ ജില്ലയില്‍ നിന്നാണ്്. യാത്ര ഉദ്ഘാടനം ചെയ്തതാകട്ടെ ബിജെപി ദേശീയഅധ്യക്ഷന്‍ അമിത് ഷായും. അതില്‍ നിന്നുതന്നെ യാത്രയുടെ പ്രാധാന്യം എന്തെന്ന് വ്യക്തമാണ്. ഇന്ന് കേരളത്തിലെ ജനങ്ങളുടെ സമാധാനജീവിതത്തിന് വലിയ വെല്ലുവിളിയായിത്തീര്‍ന്നിരിക്കുന്നത് ജിഹാദി-ചുവപ്പ് ഭീകരതയാണ്. ഭരണകൂടത്തിന്റെ ഒത്താശയോടെ ഇടതുമുന്നണിക്ക് നേതൃത്വം നല്‍കുന്ന സിപിഎം നടത്തിവരുന്ന സംഘര്‍ഷങ്ങളും രാഷ്ട്രീയകൊലപാതകങ്ങളും ഇന്ന് കേരളത്തെ എവിടെ എത്തിച്ചിരിക്കുന്നെന്ന് എല്ലാവര്‍ക്കുമറിയാം. ഉന്മൂലന സിദ്ധാന്തത്തിന്റെ ചുവടുപിടിച്ച് ഭരണത്തണലില്‍ രാഷ്ട്രീയ എതിരാളികളെ അരിഞ്ഞുവീഴ്ത്തുക എന്ന കമ്മ്യൂണിസ്റ്റ് ശൈലി കേരളത്തില്‍ പൊതുവെയും കണ്ണൂര്‍ ജില്ലയില്‍ പ്രത്യേകിച്ചും സിപിഎം നടപ്പാക്കിവരുന്നതാണ്. സ്റ്റാലിനിസ്റ്റ് മനോഭാവമുള്ള പാര്‍ട്ടിനേതാവിന്റെ കൈകളിലേക്ക് സംസ്ഥാനഭരണം ലഭിച്ചതോടെ, ഭരണത്തിന്റെ ആദ്യ പതിമ്മൂന്നു മാസങ്ങള്‍ക്കുള്ളില്‍ കൊലചെയ്യപ്പെട്ട ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ എണ്ണം 14 ആണെന്നത് ഇതിന് തെളിവാണ്. കണ്ണൂരില്‍ ആരംഭിച്ച് കേരളമെമ്പാടും വ്യാപിപ്പിച്ച കൊലപാതക രാഷ്ട്രീയം കഴിഞ്ഞമാസങ്ങളില്‍ തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ മൂക്കിനു താഴെയും അഴിഞ്ഞാടി എന്നത് ആശങ്കാജനകമാണ്. കണ്ണൂരും പാലക്കാടും തൃശ്ശൂരും തിരുവനന്തപുരത്തും സിപിഎം അക്രമികള്‍ നടത്തിയ കൊലപാതകങ്ങളും ആക്രമണങ്ങളും ഏതൊരു പരിഷ്‌കൃതജനതയെയും ലജ്ജിപ്പിക്കും. എതിര്‍രാഷ്ട്രീയചേരിയിലുള്ളവരെ കൊന്നും കൊല്ലാക്കൊല ചെയ്തും കേരളത്തെ ചോരയില്‍മുക്കി ഭരിക്കുകയാണ് പിണറായി സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ജന്മനാടും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന നിയമസഭാമണ്ഡലവുമായ ധര്‍മടത്തെ പിണറായി ഗ്രാമത്തിലടക്കം സിപിഎം അല്ലാത്ത മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ക്ക് സമാധാനമായി ജീവിക്കാന്‍ കഴിയില്ല. അവര്‍ ചെയ്ത ഏക തെറ്റ് സിപിഎമ്മില്‍ ചേരാതെ മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ്. എതിരാളികളില്‍ സിപിഎം ഏറ്റവും ഭയക്കുന്നത് സംഘപരിവാര്‍ പ്രസ്ഥാനങ്ങളെയാണ്. ആര്‍എസ്എസും ബിജെപിയും എക്കാലത്തും സിപിഎമ്മിന്റെ കണ്ണിലെ കരടാണ്. പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുന്നതിനെക്കുറിച്ച് ആലോചിക്കുന്നവരെ പോലും കൊന്നുതള്ളിയ പാരമ്പര്യം കണ്ണൂരില്‍ പ്രത്യേകിച്ചും പിണറായിയില്‍ സിപിഎമ്മിനുണ്ട്. സമീപകാലത്ത് പിണറായി കേന്ദ്രീകരിച്ചു നടന്ന അക്രമസംഭവങ്ങള്‍ മനുഷ്യത്വമുള്ളവര്‍ക്കാര്‍ക്കും ന്യായീകരിക്കാന്‍ കഴിയില്ല. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ ഊരുവിലക്ക് കല്‍പിച്ച് നാട്ടില്‍ നിന്ന് തല്ലിയോടിച്ചു. എതിര്‍പ്പുകള്‍ അവഗണിച്ച് നാട്ടില്‍ തുടരാന്‍ ശ്രമിച്ചവര്‍ക്ക് ക്രൂരവും കിരാതവും കേട്ടുകേള്‍വിയില്ലാത്തതുമായ ആക്രമണമാണ് നേരിടേണ്ടിവന്നത്. ഇവരുടെ വീടുകളും വാഹനങ്ങളും നശിപ്പിച്ച സിപിഎം ഗുണ്ടകള്‍ കുടിവെള്ളം പോലും മുട്ടിച്ചു. ബാര്‍ബര്‍ഷോപ്പുകളില്‍ നിന്നു ശേഖരിച്ച തലമുടി ബിജെപി-മഹിളാമോര്‍ച്ച പ്രവര്‍ത്തകരുടെ വീടുകളിലെ കിണറുകളിലിട്ടാണ് സിപിഎമ്മുകാര്‍ കലി അടക്കിയത്. മുമ്പൊക്കെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തിരുന്നത് സിപിഎം മാത്രമായിരുന്നെങ്കില്‍ ഇന്ന് അവരോടൊപ്പം ഇസ്ലാമിക തീവ്രവാദികളും സജീവമാണ്. ദേശവിരുദ്ധ പ്രവര്‍ത്തനത്തിലൂടെ രാജ്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന വിധ്വംസകശക്തികള്‍ക്ക് സിപിഎം കുടപിടിക്കുന്ന കാഴ്ചയാണ് ഇന്ന് കേരളത്തില്‍ കാണുന്നത്. വോട്ടുബാങ്ക് ലക്ഷ്യമിട്ട് ന്യൂനപക്ഷപ്രീണനം മാത്രം കൈമുതലാക്കിയ ഇടതുസര്‍ക്കാര്‍ കേരളത്തിലെ യഥാര്‍ഥപ്രതിപക്ഷമായ ബിജെപിയെ ഇല്ലാതാക്കാന്‍ ഇസ്ലാമികതീവ്രവാദികളോടൊപ്പം ചേര്‍ന്നിരിക്കുകയാണ്. അത്തരം സംഘടനകളെയും തീവ്രവാദികളെയും മുന്നില്‍ നിര്‍ത്തിയാണ് സിപിഎം ഇപ്പോള്‍ ആര്‍എസ്എസിനും ബിജെപിക്കും എതിരെ ഏകപക്ഷീയ ആക്രമണങ്ങള്‍ നടത്തുന്നത്. ലൗജിഹാദ് അടക്കമുള്ള ഇസ്ലാമിക ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളവും വളവും നല്‍കുന്ന സിപിഎം, ലൗ ജിഹാദില്‍നിന്ന് പാര്‍ട്ടി അണികളും അവരുടെ കുടുംബാംഗങ്ങളും നേരിടുന്ന വെല്ലുവിളികള്‍ പോലും അവഗണിക്കുന്നു. അനധികൃത ഇസ്ലാം മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കാതെ സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന കേരളത്തെ തകര്‍ക്കാനാണ് സിപിഎം ശ്രമം. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ചൂണ്ടിക്കാണിച്ച ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന പിണറായി സര്‍ക്കാര്‍ ഇവയ്‌ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ലൗ ജിഹാദ് കേസില്‍ കേരള ഹൈക്കോടതിയെ അടക്കം ഇസ്ലാമികതീവ്രവാദികള്‍ ഭീഷണിപ്പെടുത്തിയ സംഭവങ്ങളില്‍ സര്‍ക്കാര്‍ ഉറക്കം നടിച്ചു. അതേസമയം, സംസ്ഥാനത്തെ ബിജെപിയുടെ വളര്‍ച്ച ഉയര്‍ത്തിക്കാട്ടി ന്യൂനപക്ഷങ്ങള്‍ക്ക് ഭീഷണിയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് മുഖ്യമന്ത്രിയുടെ പാര്‍ട്ടി ശ്രമിക്കുന്നത്. സ്ഥാനത്തും അസ്ഥാനത്തും ന്യൂനപക്ഷപ്രീണനം കുത്തകയാക്കിയ സിപിഎമ്മിന് പക്ഷേ ദളിത് വേട്ട ഹരമാണ്. ദളിതര്‍ക്കും ആദിവാസികള്‍ക്കും എതിരെ ഭരണകൂട ഭീകരതയാണ് കേരളത്തില്‍ നടക്കുന്നത്. പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഭീമമായ ഫണ്ടുപോലും സംസ്ഥാനസര്‍ക്കാര്‍ ചെലവഴിക്കുന്നത് നാമമാത്രമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം ദളിത്-ആദിവാസി വിഭാഗങ്ങളെ വേട്ടയാടുന്നതില്‍ സര്‍ക്കാരും പാര്‍ട്ടിയും മത്സരിക്കുന്നു. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ നിരന്തരം ആക്രമിക്കുന്ന സിപിഎമ്മും ഇസ്ലാമിക ജിഹാദികളും തങ്ങളാണ് നിരന്തരം ആക്രമിക്കപ്പെടുന്നതെന്ന വ്യാജപ്രചാരണവും അഴിച്ചുവിടുന്നു. ഗീബല്‍സ് പോലും തോല്‍ക്കുന്ന നുണകളാണ് സിപിഎം പ്രചരിപ്പിക്കുന്നത്. സിപിഎം തുടരുന്ന അക്രമം പൊതുസമൂഹത്തിനു മുന്നില്‍ തുറന്നുകാണിക്കാന്‍ ബിജെപി നിരവധി യാത്രകള്‍ നടത്തിയിട്ടുണ്ട്. ഇപ്പോള്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി, 'എല്ലാവര്‍ക്കും ജീവിക്കണം' എന്ന ആവശ്യമുയര്‍ത്തിയാണ് ഈ യാത്ര. സമാധാനവും ശാന്തിയും കളിയാടുന്ന സമൂഹത്തില്‍ മാത്രമേ പുരോഗതിയും വികസനവും ഉണ്ടാകൂ. അതിനാല്‍ ബിജെപിയുടെ ഈ മുദ്രാവാക്യത്തെയും അതുന്നയിച്ചു നടത്തുന്ന യാത്രയെയും കേരളത്തിന്റെ പൊതുസമൂഹം നെഞ്ചോടു ചേര്‍ക്കുമെന്ന് തീര്‍ച്ചയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.