കേരളം മാറിച്ചിന്തിക്കണം

Saturday 7 October 2017 10:28 am IST

കേരളം ഇന്ന് പ്രതിസന്ധിയിലാണ്. ഇരുമുന്നണികളും തീര്‍ത്ത വിഷമസന്ധിയില്‍നിന്ന് കരകയറണമെങ്കില്‍ കേരളം മാറി ചിന്തിക്കണം. ഭരണകൂടഭീകരതയും സിപിഎം അക്രമവും കേരളത്തെ അക്രമങ്ങളുടെ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. കേരളത്തിന്റെ മോചനത്തിനായുള്ള ജനമുന്നേറ്റമാണ് ജനരക്ഷായാത്രയെന്ന് ജന്മഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ ജാഥനായകന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറയുന്നു. എല്ലാവര്‍ക്കും ജീവിക്കണം കേരളത്തില്‍ സാധാരണ ജനങ്ങള്‍ക്ക് ജീവിക്കാന്‍ സാദ്ധ്യമല്ലാത്ത അവസ്ഥയാണുള്ളത്. അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനുള്ള അവസരങ്ങള്‍ ഇല്ല. ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല. ഭക്ഷണം, കുടിവെള്ളം, പാര്‍പ്പിടം തൊഴില്‍ തുടങ്ങി മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങള്‍ക്കുനേരെ സര്‍ക്കാര്‍ കണ്ണടച്ചിരിക്കുന്നു. ഭരണഘടനാദത്തമായ ആവശ്യങ്ങള്‍, അവകാശങ്ങള്‍ നല്‍കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല. പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നാക്ക സമൂഹങ്ങള്‍, ഭൂരഹിതര്‍, സ്ത്രീകള്‍, യുവാക്കള്‍ എല്ലാവരും ഇന്ന് അസംതൃപ്തരാണ്. എല്ലാം ശരിയാകുമെന്ന വാഗ്ദാനം പാഴ്‌വാക്കാണെന്ന് ഒരു വര്‍ഷംകൊണ്ട് ഇടതുസര്‍ക്കാര്‍ തെളിയിച്ചിരിക്കുകയാണ്. എല്ലാവര്‍ക്കും ദുരന്തം ദുരന്തങ്ങളേറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരായി കേരളം മാറിയിരിക്കുന്നു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഒരു ലക്ഷത്തിഎഴുപത്തിഅയ്യായിരം അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ മൂവ്വായിരത്തി എഴുന്നൂറ് ദളിത് പീഡനങ്ങളാണ്. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ രണ്ടായിരം കവിയും. റജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ഭൂരിഭാഗവും അന്വേഷണം പൂര്‍ത്തിയാവുന്നില്ല. പാര്‍ട്ടി സെല്‍ഭരണത്തിന്റെ സമ്മര്‍ദ്ദം കാരണം പല കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെടുന്നതേയില്ല. സമൂഹത്തിലെ എല്ലാ തലത്തിലുമുള്ള ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. കുടിക്കാന്‍ വെള്ളമില്ല, കഴിക്കാന്‍ ആഹാരമില്ല, കേറിക്കിടക്കാന്‍ ഇടമില്ല. നാളെയെ ഭീതിയോടെ നോക്കുന്നവരാണ് ഏറെയും. എല്ലാവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്ന സുപ്രധാന മുദ്രാവാക്യമാണ് ബിജെപി ഉയര്‍ത്തുന്നത്. ക്രമസമാധാന നില തകര്‍ന്നു കൊലവിളികള്‍ നിലയ്ക്കാത്ത നാടായി കേരളം മാറിയിരിക്കുന്നു. ഭരണകൂട മര്‍ദ്ദനോപാധികള്‍ ഉപയോഗിച്ച് സിപിഎം രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. ഉന്മൂലനത്തിന്റെ രാഷ്ട്രീയ പ്രത്യേയശാസ്ത്രം കേരളത്തെ അടക്കി ഭരിക്കാനുള്ള ശ്രമത്തിലാണ്. പാര്‍ട്ടി ഗ്രാമങ്ങളില്‍ നിയമവാഴ്ച തകര്‍ന്നു. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ പോലും നേരിടാന്‍ സിപിഎം പുതിയ നീക്കങ്ങള്‍ നടത്തുന്നു. കൊച്ചിയില്‍ പ്രമുഖ നടിക്കെതിരെ നടന്ന അക്രമത്തില്‍ യഥാര്‍ത്ഥ അക്രമികളെ രക്ഷിക്കാനുള്ള ശ്രമം നടന്നു. രണ്ട് മന്ത്രിമാര്‍ക്ക് ഇതിനകം രാജിവെക്കേണ്ടി വന്നു. മന്ത്രി തോമസ് ചാണ്ടിക്കെതിരായ അന്വേഷണം വേങ്ങര തെരഞ്ഞെടുപ്പിനുശേഷം പുറത്തെടുത്താല്‍ മതിയെന്നാണ് ഇടതുപക്ഷം തീരുമാനിച്ചിരിക്കുന്നത്. മന്ത്രിമാരും നേതാക്കളും ഭൂമി കയ്യേറ്റം നടത്തുകയും അതിന് കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. ഭരണകൂടം ഭൂമാഫിയയുടെ കൂടെ ഒന്നര ലക്ഷം ഭൂരഹിതരാണ് കേരളത്തിലുള്ളത്. സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ഒരിഞ്ച് മിച്ചഭൂമിപോലും വിതരണം ചെയ്യാനായില്ല. അഞ്ച് ലക്ഷം ഹെക്ടര്‍ പാട്ടകാലാവധി കഴിഞ്ഞ ഭൂമി സര്‍ക്കാറിലേക്ക് കണ്ടുകെട്ടാന്‍ കഴിഞ്ഞില്ല. വന്‍കിട ഭൂമാഫിയകള്‍ ഭൂമി കൈവശംവയ്ക്കുന്നു. മൂന്നാറിലും, ആലപ്പുഴയിലും കയ്യേറ്റക്കാരുടെ താല്‍പര്യമാണ് സംരക്ഷിക്കപ്പെടുന്നത്. ഭൂരഹിതരായ ദരിദ്രജനവിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ ഹനിക്കപ്പെടുകയാണ്. ശിശുമരണങ്ങളുടെ അട്ടപ്പാടി ഈ വര്‍ഷം മാത്രം പതിമൂന്ന് നവജാതശശുക്കള്‍ അട്ടപ്പാടിയില്‍ മരിച്ചത് റിപ്പോര്‍ട്ട് ചെയ്തു. ഗര്‍ഭസ്ഥ ശിശുക്കളുടെ മരണവും കുറയ്ക്കാന്‍ സാധിച്ചിട്ടില്ല. ആറ് ഗര്‍ഭസ്ഥ ശിശുക്കള്‍ ഈ വര്‍ഷം മരണപ്പെട്ടു. ആദിവാസികള്‍ക്കിടയിലെ പോഷകാഹാര കുറവുകള്‍ പരിഹരിക്കാനുള്ള പദ്ധതികള്‍ ഏട്ടിലെ പശുവായി നില്‍ക്കുന്നു. കാര്‍ഷികരംഗം തകരുന്നു കാര്‍ഷിക രംഗം തകര്‍ച്ചയിലേക്ക് കൂപ്പു കുത്തുന്നു. കൃഷിയോഗ്യമായ തരിശ് ഭൂമി 1,00, 676 ഹെക്ടര്‍ ആണ് ഇന്ന് കേരളത്തില്‍ ഉള്ളത്. തരിശുഭൂമി കൃഷി ഭൂമിയാക്കാനുള്ള പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും അത് കേരളത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെടുകയാണ്. റബ്ബര്‍, കാപ്പി മേഖലയില്‍ ഉല്‍പാദനം കുത്തനെ ഇടിഞ്ഞു. കാര്‍ഷിക സംസ്‌കൃതിയെ സംരക്ഷിക്കാനുള്ള ഒരു നീക്കവും സര്‍ക്കാറിന്റെ ഭാഗത്തുനിന്നില്ല. മാറ്റത്തിന് മാറി ചിന്തിക്കണം കേരള മാതൃകയുടെ തകര്‍ച്ച എത്ര ഭീകരമാണെന്ന് കേരളം തിരിച്ചറിയുകയാണ് . മദ്യവില്‍പ്പനയും ലോട്ടറിയുംകൊണ്ട് നിലനില്‍ക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ആരോഗ്യരംഗത്ത് കേരളം ഏറെ പ്രതിസന്ധി നേരിടുകയാണ്. പകര്‍ച്ചപ്പനികൊണ്ട് മരിച്ചുവീഴുന്നത് നൂറുകണക്കിനാളുകളാണ്. പുതിയ കേരളസൃഷ്ടിക്ക് പുതിയ സമീപനം ഉണ്ടാകണം. അക്രമത്തിലൂടെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ഇടതു കാപട്യത്തെ ചോദ്യം ചെയ്യുകയാണ് ജനരക്ഷാ യാത്ര. അവസാനവരിയിലെ അവസാനത്തെ ആളിനെ ഭരണത്തിന്റെ ആനുകൂല്യങ്ങളും സംരക്ഷണവും സാധ്യമാക്കുന്ന സാഹചര്യം സൃഷ്ടിക്കണം. രാജ്യത്തിന്റെ പൊതുധാരയില്‍ നിന്ന് കേരളത്തിന് ഒഴിഞ്ഞു മാറാനാകില്ല. നിലവിളിയും കൊലവിളിയുമില്ലാത്ത ഒരു കേരളം, മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഭരണകൂടം അത് സൃഷ്ടിക്കാനുള്ള ജനമുന്നേറ്റമാണ് ജനരക്ഷായാത്ര.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.