ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പ്രാവര്‍ത്തികമാക്കും: കേന്ദ്രമന്ത്രി

Wednesday 4 October 2017 9:20 am IST

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ സംയോജിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ടൂറിസം സര്‍ക്യൂട്ട് പ്രാവര്‍ത്തികമാക്കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ശിവഗിരിയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ശ്രീനാരായണഗുരു വിശ്വ സര്‍വകലാശാലയ്ക്ക് കേന്ദ്രമന്ത്രിയെന്ന നിലയില്‍ എല്ലാ സഹായവും ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ആഗോള ശ്രീനാരായണ പ്രസ്ഥാന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക ചരിത്രത്തിലെ ഏറ്റവും വലിയ വിപ്ലവ നായകരില്‍ ഒരാളാണ് ശ്രീനാരായണഗുരു. ഒരു ജാതി ഒരുമതം ഒരു ദൈവം മനുഷ്യന് എന്നു പറയാന്‍ ധൈര്യമുണ്ടായ ലോകത്തെ ഏക ആദ്ധ്യാത്മികാചാര്യന്‍. ജനാധിപത്യ രാജ്യത്ത് ജനങ്ങളാണ് ഏറ്റവും വലുത്. സമൂഹത്തില്‍ കഴിവും സാമ്പത്തികശേഷിയുമുള്ളവര്‍ കഴിവില്ലാത്തവരെ സഹായിക്കണമെന്നാണ് ശ്രീനാരായണ ഗുരുദേവന്‍ പറഞ്ഞത്. ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ ഓരോരുത്തരും ചെയ്യേണ്ടത് അതാണ്. ശിവഗിരിധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ ഗുരു വിശ്വ സര്‍വകലാശാലയെക്കുറിച്ച് ഡോ. ബി. അശോക് പ്രബന്ധം അവതരിപ്പിച്ചു. എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍ മുഖ്യപ്രഭാഷണം നടത്തി. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ ,ഡോ. എം. അനിരുദ്ധന്‍ (ചിക്കാഗോ), ഡോ. കെ. രവി (ലണ്ടന്‍), ടി.എസ്. പ്രകാശ് (ശ്രീലങ്ക), ഗുലാബ് ഗോപിനാഥ് (പൂനെ), ബിനു ശങ്കരന്‍ (സൗദിഅറേബ്യ) തുടങ്ങിയവര്‍ സംസാരിച്ചു. സ്വാമിമാരായ സച്ചിദാനന്ദ, ശിവസ്വരൂപാനന്ദ, ധര്‍മ്മചൈതന്യ, വിശാലാനന്ദ തുടങ്ങിയവരും സംബന്ധിച്ചു. സ്വാമി ധര്‍മ്മതീര്‍ത്ഥര്‍ രചിച്ച 'ദി പ്രോഫറ്റ് ഒഫ് പീസ്' എന്ന ഗ്രന്ഥം പ്രദീപ് കെടാവിത്തുവിളയ്ക്ക് നല്‍കി കേന്ദ്രമന്ത്രി കണ്ണന്താനം പ്രകാശനം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.