കുരുമുളക് വിപണി തകര്‍ച്ചയിലേക്ക്‌

Wednesday 4 October 2017 10:48 am IST

നിലമ്പൂര്‍: ഡിസംബര്‍, ജനുവരി മാസങ്ങളില്‍ കുരുമുളക് വിളവെടുപ്പിന് കര്‍ഷകര്‍ കാത്തിരിക്കുമ്പോള്‍ വിപണിയില്‍ അനുദിനം കുരുമുളക് വില ഇടിയുകയാണ്. 2016ല്‍ ക്വിന്റലിന് 70000 രൂപ വിലയുണ്ടായിരുന്ന കുരുമുളകിന് നിലവില്‍ 38000 മുതല്‍ 40000 രൂപയാണുള്ളത്. 2013ലാണ് ഇതിനു മുന്‍പ് കുരുമുളക് വില ക്വിന്റലിന് 40000ത്തിലേക്ക് കൂപ്പുകുത്തിയത്. കര്‍ഷകരെ സഹായിക്കാനെന്ന പേരില്‍ വന്‍കിട വ്യാപാരികളെയും കയറ്റുമതിക്കാരെയും മുന്നില്‍ കണ്ട് അവധി വ്യാപാരം ഉദാരമാക്കിയപ്പോള്‍ കര്‍ഷകര്‍ക്ക് കാഴ്ചക്കാരായി നോക്കിനില്‍ക്കേണ്ട അവസ്ഥയാണുള്ളത്. ഉല്‍പാദനം ഗണ്യമായി കുറഞ്ഞതോടെ ആഭ്യന്തര ആവശ്യങ്ങള്‍ക്ക് പോലും ഇറക്കുമതിയെ ആശ്രയിക്കേണ്ട സാഹചര്യമാണ്. തീരുവയും മറ്റും വര്‍ധിപ്പിച്ച് ഇറക്കുമതി നിയന്ത്രിക്കുകയും അതോടൊപ്പം അതില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യേണ്ടതിന് പകരം ഗുണനിലവാരത്തില്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്ന ഇന്ത്യന്‍ മുളകുമായി കലര്‍ത്തി ഇറക്കുമതി ചെയ്ത മുളക് വീണ്ടും കയറ്റി അയക്കാന്‍ വ്യാപാരികള്‍ക്ക് നിയമപരമായി അല്ലെങ്കില്‍ പോലും അവസരം നല്‍കിയിരക്കുകയാണ്. ഇതോടെ നമ്മുടെ കുരുമുളകിന് അന്താരാഷ്ട്ര വിപണിയില്‍ നിറം മങ്ങുകയും ചെയ്തു. കഴിഞ്ഞ പത്തുദിവസം കൊണ്ട് മാത്രം ക്വിന്റലിന് 6000 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഈ അവസ്ഥ തുടര്‍ന്നാല്‍ വിളവെടുപ്പ് സമയത്ത് ക്വിന്റലിന് 30000ത്തില്‍ താഴേ പോകുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍. 2016ല്‍ ക്വിന്റലിന് റെക്കോര്‍ഡ് വിലയായ 70000ത്തിലേക്ക് എത്തിയിരുന്നതോടെകര്‍ഷകര്‍ ഈ മേഖലയില്‍ കൂടുതല്‍ സജീവമായിരുന്നു. ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളില്‍ കുരുമുളക് കൃഷി മുന്‍കാലങ്ങളെ അപേക്ഷിച്ച് അത്ര ശക്തമല്ലെങ്കിലും തെറ്റില്ലാത്ത ഉല്‍പാദനം ഇപ്പോഴും മലയോരമേഖലയില്‍ നടന്നുവരുന്നുണ്ട്. റബര്‍, കൊക്കോ, ജാതി തുടങ്ങിയവയുടെ വിലയിടിവിന് പുറമെ കുരുമുളക് വിലയും ഇടിയുന്നത് കാര്‍ഷികമേഖലക്ക് കനത്ത തിരിച്ചടിയാവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.