ന്യൂദല്‍ഹി: പാക്ക് ചാരസംഘടനയായ ഐഎസ്ഐക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് അമേരിക്ക. ഐഎസ്ഐക്ക് ഭീകരരുമായി വ്യക്തമായ ബന്ധമുണ്ടെന്ന് യുഎസ് സംയുക്ത സൈനിക ചെയര്മാന് ജനറല്‍ ജോസഫ് ഡണ്‍ഫോര്‍ഡ് വെളിപ്പെടുത്തിയതായി വാഷിങ്ങ്ടണിലെ ഒരു പ്രസിദ്ധീകരണം റിപ്പോര്‍ട്ട് ചെയ്തു.
ഐഎസ്ഐ സ്വന്തം നയങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസും ആരോപിച്ചു. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ തന്ത്രങ്ങളെക്കുറിച്ച് വിലയിരുത്തുന്ന കമ്മിറ്റിയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. ഭീകരര്‍ക്കെതിരെ പാക്കിസ്ഥാന് ഉടന്‍ നടപടിയെടുത്തില്ലെങ്കില്‍ നാറ്റോ ഇതര വമ്പന്‍ സഖ്യ കക്ഷിയെന്ന അവരുടെ പദവി എടുത്തുകളയുമെന്ന് മാറ്റിസ് മുന്നറിയിപ്പ് നല്കി.
ഒരിക്കല്‍കൂടി പാക്കിസ്ഥാനൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് മാറ്റിസും ഡണ്‍ഫോര്‍ഡും വ്യക്തമാക്കി. എന്നാല്‍ വീണ്ടും ഞങ്ങളുടെ പരിശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യമായി നടപടികള്‍ സ്വീകരിക്കുമെന്ന് മാറ്റിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: