ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ച ദേശീയത

Wednesday 4 October 2017 8:54 pm IST

മഹാത്മാഗാന്ധിയുടെ ജീവിതവൃത്തം ഹിന്ദുദര്‍ശനങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. വേദോപനിഷത്തുകളുടെയും ഇതിഹാസങ്ങളുടെയും മന്ത്രങ്ങള്‍ കേട്ടുവളര്‍ന്ന ഗാന്ധിജിയുടെ സ്വത്വം ഹിന്ദുത്വത്തില്‍ അധിഷ്ഠിതമായതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. പാശ്ചാത്യ സംസ്‌ക്കാരത്തിന്റെ സ്വാധീനത്തില്‍, രാജകുമാരനെപ്പോലെ ജീവിച്ച നെഹ്‌റുവിന്റെ ജീവിതത്തില്‍നിന്ന് ഏറെ അകലെയായിരുന്നു ഗാന്ധിജിയുടെ ജീവിതപാത. ഗാന്ധിജി പിന്തുടര്‍ന്ന പാതയില്‍, അത് സാമൂഹ്യമായാലും രാഷ്ട്രീയമായാലും സാംസ്‌ക്കാരികമായാലും അവയിലൊക്കെ വേദാന്ത മതദര്‍ശനങ്ങളുടെ തെളിമ നമുക്ക് കണ്ടെത്താന്‍ കഴിയും. പലപ്പോഴും ഗാന്ധിജി എന്തായിരുന്നു എന്നുകണ്ടെത്താനല്ല ഗാന്ധി അനുകൂലികളും ഗാന്ധി വിമര്‍ശകരും ശ്രമിക്കാറുള്ളത്, ഗാന്ധിജി എന്തായിരുന്നില്ല എന്നു കണ്ടെത്താനാണ്! ഭാരതത്തിന്റെ ആത്മാവ് മതമാണെന്ന തിരിച്ചറിവ് ഗാന്ധിജിക്കുണ്ടായിരുന്നു.~ഒന്നാം നൂറ്റാണ്ടിലുണ്ടായ ക്രിസ്തുമതമോ ആറാം നൂറ്റാണ്ടില്‍ രൂപംകൊണ്ട ഇസ്ലാംമതമോ അല്ല ഭാരതത്തെ നയിക്കുന്നതെന്നും, അവയ്ക്ക് നൂറ്റാണ്ടുകള്‍ക്കുമുന്‍പ് രൂപംകൊണ്ട വേദങ്ങളും ഉപനിഷത്തുകളും ഇതിഹാസങ്ങളുമാണ് ഭാരതത്തിന്റെ ആത്മാവിനെ നയിക്കുന്നതെന്നുമുള്ള സത്യം ഗാന്ധിജി മനസ്സിലാക്കിയിരുന്നു. പടയോട്ടങ്ങള്‍ നടത്തി മതവിശ്വാസികളെ സൃഷ്ടിച്ച് മതസാമ്രാജ്യങ്ങള്‍ സൃഷ്ടിച്ച സെമറ്റിക്ക് മതങ്ങളുടെ പാരമ്പര്യമല്ല ഭാരതം പിന്തുടരുന്നതെന്ന ചരിത്രം ഗാന്ധിജിയുടെ മനസ്സിനെ ഭരിച്ചിരുന്നു. അതിന്റെ തെളിവായിരുന്നു അദ്ദേഹത്തിന്റെ സഹിഷ്ണുതാ വാദം. ഹിന്ദുസംസ്‌കാരം പിന്തുടരുന്നവര്‍ക്ക് മതം എന്നുപറഞ്ഞാല്‍ സത്യാന്വേഷണമാണ്. പരമമായ സത്യത്തെ, ഈശ്വരനെ ദര്‍ശിക്കുവാന്‍ നടത്തുന്ന സത്യാന്വേഷണം. അതൊരനുഭൂതിയാണ്. സാക്ഷാല്‍ക്കാരമാണ്. അങ്ങനെ സാക്ഷാല്‍ക്കാരം നേടിയവരായിരുന്നു ഋഷിമാര്‍. അതുകൊണ്ടാണ് ഭാരതത്തില്‍ യോഗികളെയും സന്ന്യാസിമാരെയും പൗരാണിക കാലംമുതല്‍ ഇന്നും കണ്ടുമുട്ടുന്നത്. ഋഷിമാരും യോഗികളും സന്ന്യാസിമാരും സൃഷ്ടിച്ച പ്രാപഞ്ചിക വീക്ഷണമാണ് ഗാന്ധിയെ സത്യത്തെ മുറുകെപ്പിടിക്കുവാന്‍ പ്രേരിപ്പിച്ചത്. അതുകൊണ്ടാണ് ഗാന്ധിജി സത്യവും അഹിംസയുമാണ് തന്റെ മാര്‍ഗദര്‍ശികള്‍ എന്നു പ്രഖ്യാപിച്ചത്. അതില്‍നിന്നാണ് അദ്ദേഹത്തിന് സത്യഗ്രഹം എന്ന സമരമാര്‍ഗ്ഗം രൂപീകരിക്കാനായത്. ശാന്തവും സ്വച്ഛന്ദവുമായ സമരരീതി-സഹിഷ്ണുതയോടെ സത്യത്തെ ഗ്രഹിക്കാന്‍ നടത്തുന്ന ഉപായം. പില്‍ക്കാലത്ത് ബുദ്ധനും ജൈനനും ക്രിസ്തുവുമൊക്കെ ഏറ്റുപറഞ്ഞുവെങ്കിലും അഹിംസയുടെ ആരംഭചിന്ത കുറിക്കപ്പെട്ടത് ഉപനിഷത്തുകളിലാണെന്ന തിരിച്ചറിവ് ഗാന്ധിജിക്കുണ്ടായിരുന്നു. മനുഷ്യന് മാത്രമല്ല പ്രാണന്‍, ജീവജാലങ്ങള്‍ക്കെല്ലാമുള്ളതാണ്. അതാവട്ടെ ഈശ്വര ചൈതന്യമാണ്. മറ്റ് ജീവജാലങ്ങളുടെ ജീവന്‍ കവര്‍ന്നെടുത്ത്, അവയെ കൊല്ലാന്‍ മനുഷ്യന് അധികാരം നല്‍കിയതാര് എന്നാണ് ഉപനിഷത്തുകള്‍ ചോദിക്കുന്നത്. അല്ലാതെ മനുഷ്യന് മറ്റ് ജീവജാലങ്ങളുടെ പ്രാണന്‍ കവര്‍ന്നെടുക്കാനും അവയെ തിന്നാനും അധികാരമുണ്ടെന്ന സെമറ്റിക്ക് മതങ്ങളുടെ അപരിഷ്‌കൃതവും ഈശ്വരനിഷേധവുമായ തത്വമല്ല ഹിന്ദുസംസ്‌ക്കാരം ഉയര്‍ത്തിപ്പിടിക്കുന്നത്. അതുകൊണ്ടാണ് ഒന്നിനെയും കൊല്ലരുത്, ഒരു ഉറുമ്പിനെപോലും കൊല്ലരുതെന്ന് ആചാര്യന്‍മാര്‍ അരുളിചെയ്തത്. ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ച അഹിംസാമന്ത്രവും ഇതുതന്നെയായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ പല സന്ദര്‍ഭങ്ങളിലും ഹിംസാത്മകമായ സന്ദര്‍ഭങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ടെങ്കിലും ഗാന്ധി എന്ന നായകന്‍ തന്റെ അഹിംസാ സിദ്ധാന്തത്തില്‍നിന്ന് വ്യതിചലിച്ചിരുന്നില്ല. തന്റെ സ്വകാര്യ ജീവിതത്തില്‍പോലും അഹിംസയുടെ പ്രതിരൂപമായി അദ്ദേഹം നിലകൊണ്ടു-ഭക്ഷണത്തിലായാലും ഭാഷണത്തിലായാലും അതില്‍ വിട്ടുവീഴ്ചയില്ലായിരുന്നു. സത്വ, രജസ്, തമോഗുണങ്ങളുടെ അടിസ്ഥാനത്തില്‍ ഗുണകര്‍മ്മാധിഷ്ഠിതമാണ് ജാതി എന്ന് പ്രഖ്യാപിച്ച ഗാന്ധിജി ഭഗവദ്ഗീതാ വാക്യം പിന്തുടരുകയായിരുന്നു. അതിനെ പുനര്‍ജന്മ സിദ്ധാന്തവുമായി കൂട്ടിയിണക്കി എല്ലാവരും ഈശ്വരന്റെ മക്കളാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ ഗീതാ വ്യാഖ്യാനം പുനരാവിഷ്‌ക്കരിക്കുയായിരുന്നു. തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയും മനുഷ്യനെതിരെയുള്ള കുറ്റകൃത്യമാണെന്ന് പ്രഖ്യാപിക്കുകവഴി അയിത്തോച്ചാടന പ്രസ്ഥാനത്തിന് തിരികൊളുത്തി. ഈശ്വരന്റെ മുമ്പില്‍ എല്ലാവരും തുല്യരാണെന്ന് പ്രഖ്യാപിക്കുകവഴി വേദാന്ത ദര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു. ഗാന്ധിജിക്ക് മതം ജീവിതചര്യയായിരുന്നു. അദ്ദേഹം മതനിഷേധിയോ മതം ഇതര വിഷയങ്ങളില്‍നിന്ന് വ്യത്യസ്തമാണെന്നോ വിശ്വസിച്ചിരുന്നില്ല. അതുകൊണ്ടാണദ്ദേഹം പലപ്പോഴും ഭഗവദ്ഗീത ഉദ്ധരിച്ചിരുന്നത്. തനിക്ക് പ്രചോദനം തന്ന ശക്തി ഭഗവദ്ഗീതയാണെന്നുതന്നെ ഗാന്ധിജി പറഞ്ഞിട്ടുണ്ട്. തന്റെ മതവീക്ഷണങ്ങളുമായി മറ്റുള്ളവരോട് താദാത്മ്യം പ്രാപിക്കാനാണദ്ദേഹം ശ്രമിച്ചിരുന്നത്. വേദോപനിഷത്തുകളുടെ അജയ്യത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ മതസഹിഷ്ണുതയുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുവാന്‍ അദ്ദേഹം ശ്രമിക്കുകയും ചെയ്തു. തന്റെ എല്ലാ രാഷ്ട്രീയ ദര്‍ശനങ്ങളിലും സനാതന മതം സംയോജിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു. കടുത്ത മതവിശ്വാസിയായി ജീവിക്കുമ്പോഴും ഭാരതത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സഹിഷ്ണുത പ്രകടിപ്പിക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തുകൊണ്ടിരുന്നു. ഭാരതത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളില്‍, അവര്‍ കൃഷിക്കാരോ തൊഴിലാളികളോ സമ്പന്നരോ ദരിദ്രരോ ആരാണെങ്കിലും അവരുടെ മനസ്സിന്റെ അടിത്തട്ടില്‍ ഉറങ്ങിക്കിടക്കുന്നത് ആര്‍ഷഭാരത സംസ്‌ക്കാരത്തിന്റെ നീരുറവയാണെന്ന് തിരിച്ചറിഞ്ഞാണ് ഗാന്ധിജി ഭഗവദ്ഗീതയാണ് തനിക്ക് പ്രചോദനം തന്നതെന്ന് പ്രഖ്യാപിച്ചത്. മറ്റ് മതങ്ങളുടെ പ്രമാണിത്വമല്ല ഭാരതത്തിനാവശ്യമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. വൈശ്യനായി പിറന്ന ഗാന്ധിജിയെ ബ്രാഹ്മണരടക്കമുള്ള ഉയര്‍ന്ന ജാതിക്കാന്‍ പിന്തുടര്‍ന്നത്, ഗാന്ധിജി ഹിന്ദു സംസ്‌ക്കാരത്തിന്റെ പ്രചാരകനും കൂടിയാണെന്നതിനാലാണ്. അവിടെയാണ് ഗാന്ധിജിയുടെ ഗീതാവിജയരഹസ്യം കുടികൊള്ളുന്നത്. ഗാന്ധിജിയുടെ കാലമായപ്പോഴേക്കും ദേശീയത എന്ന വാക്കുപയോഗിക്കാതെ തന്നെ തന്റെ പ്രവര്‍ത്തികളിലൂടെ ഇതംഗീകരിക്കുകയാണ് ചെയ്തത്. സര്‍വ്വമത സാഹോദര്യത്തിനായി നിലകൊണ്ട ഗാന്ധിജി മതേതരത്വം എന്ന വാക്ക് എവിടെയെങ്കിലും പ്രയോഗിച്ചതായി കാണുന്നില്ല. പകരം വ്യക്തിജീവിതം മുതല്‍ തന്റെ രാഷ്ട്രീയ ദര്‍ശനങ്ങളിലുള്‍പ്പെടെ മതവും രാഷ്ട്രീയവും ഒന്നിപ്പിച്ച് (സമരതന്ത്രങ്ങളുള്‍പ്പെടെ) പോകാനാണ് ശ്രമിച്ചത്. പൂര്‍ണ്ണമായും വേദാന്ത ചിന്തകനും വേദാന്തിയുമായിരുന്നു ഗാന്ധിജി, ഏകം സദ്വിപ്ര ബഹുധാവദന്തി (ഒന്നുമാത്രമേ സത്യമുള്ളൂ അതിനെ പലതായി കാണുന്നു) എന്ന വേദമന്ത്രത്തിന്റെ ഭൂമികയില്‍ നിന്നുകൊണ്ടായിരുന്നു സര്‍വ്വമത സാഹോദര്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചത്. ഗാന്ധിജിയുടെ രാഷ്ട്രസങ്കല്‍പ്പം രാമരാജ്യം ആയിരുന്നു. ആദര്‍ശ പുരുഷനായിരുന്ന ശ്രീരാമന്റെ രാജ്യം. സത്യവും നീതിയും പുലരുന്ന സമൂഹം സൃഷ്ടിക്കണമെന്ന് ആഗ്രഹിച്ച ഗാന്ധിജിയുടെ മനസ്സ് ഹിന്ദുത്വത്തിലധിഷ്ഠിതമായിരുന്നു എന്നു മനസിലാക്കാന്‍ വേറൊരു തെളിവിന്റെയും ആവശ്യമില്ല. ജീവന്റെ ഓരോ ശ്വാസോച്ഛാസത്തിലും വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും ഇതിഹാസങ്ങളും നിറഞ്ഞ മാനസികാവസ്ഥയില്‍ രാമരാജ്യമല്ലാതെ മറ്റെന്താണ് ഗാന്ധിജിക്ക് സങ്കല്‍പ്പിക്കുവാന്‍ കഴിയുക? തലയെണ്ണത്തില്‍ കുറഞ്ഞ മതവിശ്വാസികളുള്ള ഏതെങ്കിലും മതത്തിന് പ്രത്യേക ആനുകൂല്യം നല്‍കണമെന്നും ഗാന്ധിജി നിഷ്‌കര്‍ഷിച്ചിരുന്നില്ല. സര്‍വ്വമത സാഹോദര്യമായിരുന്നു അദ്ദേഹം വിളംബരം ചെയ്തത്. പൂര്‍ണ്ണവേദാന്തിയായ ഗാന്ധിജിക്ക് ഇങ്ങനെ മാത്രമേ ചിന്തിക്കുവാന്‍ കഴിയൂ. ചുരുക്കത്തില്‍ ഭാരതത്തിന്റെ ദേശീയത ഹിന്ദു ദേശീയതയാണെന്ന് പറയാതെ പറയുകയായിരുന്നു ഗാന്ധിജി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.