ചെങ്ങന്നൂര്‍: ഒടിപി നമ്പര്‍ കൈക്കലാക്കി ഓണ്‍ലൈനിലൂടെ വൃദ്ധദമ്പതികളുടെ 1,90,000 തട്ടിയെടുത്തു. ചെങ്ങന്നൂര്‍ കീഴ്ച്ചേരിമേല്‍ ബിഎസ്എന്‍എല്‍ ഓഫീസിനു സമീപം ശ്രീകോവില്‍ വീട്ടില്‍ ശ്രീധരന് നായരുടെയും, ഭാര്യ സൂസന്റെയും ഇന്ത്യന്‍ ബാങ്ക് ചെങ്ങന്നൂര്‍ ശാഖയിലെ പെന്ഷന് അക്കൗണ്ടുകളില്‍ നിന്നുമാണ് പണം തട്ടിയെടുത്തത്. ശ്രീധരന് നായര്‍ ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി ജീവനക്കാരനും, സൂസന് അദ്ധ്യാപികയുമായിരുന്നു.
ഇന്നലെ റിസര്‍വ് ബാങ്ക് തിരുവനന്തപുരം ഓഫീസില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി ലാന്‍ഡ് ഫോണില്‍ കോള്‍ എത്തി. ഇരുവരുടെയും അക്കൗണ്ടുകള്‍ ആധാറുമായി ലിങ്കു ചെയ്തിട്ടില്ലെന്നും അക്കൗണ്ടുകള്‍ അപ്ഡേറ്റു ചെയ്യണമെന്നും പറഞ്ഞു.
മൊബൈലില്‍ ഒടിപി നമ്പര്‍ ലഭിക്കുന്നതെങ്ങനെയെന്നും വിശദീകരിച്ചു. ഇതനുസരിച്ച് തങ്ങളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് എടുത്ത ഒറ്റിപി നമ്പര്‍ ഇയാള്‍ക്ക് കൈമാറി. അല്‍പ്പ സമയത്തിനുള്ളില്‍ ഇരുവരുടെയും അക്കണ്ടുകളില്‍ നിന്നും 98,000, 92,000 രൂപ വീതം പിന്‍വലിച്ചു എന്ന് മൊബൈല്‍ ഫോണില്‍ സന്ദേശം എത്തിയപ്പോഴാണ് ചതി മനസ്സിലാകുന്നത്. ചെങ്ങന്നൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: