കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട

Wednesday 4 October 2017 9:32 pm IST

കൊച്ചി: നഗരത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. ആംഫിറ്റമിന്‍ എന്ന പേരില്‍ അറിയപ്പെടുന്ന അതിമാരകമായ ലഹരിമരുന്നുമായി കോഴിക്കോട് സ്വദേശി അറസ്റ്റില്‍. ബേപ്പൂര്‍ സ്വദേശി മുഹമ്മദ് വാസീറാ (26)ണ് പിടിയിലായത്. ലോകരാജ്യങ്ങളില്‍ അതീവ നിയന്ത്രണമുള്ള ഈ രാസവസ്തു ആദ്യമായാണ് കേരളത്തില്‍ പിടികൂടുന്നത്. ഇയാളില്‍ നിന്ന് ഏകദേശം പതിനഞ്ച് ലക്ഷം രൂപ വിലവരുന്ന മുന്നൂറ്റി അമ്പതോളം ആംഫിറ്റമിന്‍ ടാബ്‌ലെറ്റുകള്‍ കണ്ടെടുത്തു. ദുബായിയില്‍ നിന്ന് ഗോവ വഴി കേരളത്തിലേക്ക് കൊക്കൈയിനും ബ്രൗണ്‍ഷുഗറും അടക്കമുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ എത്തിച്ച് വില്‍പ്പന നടത്തുന്ന റാക്കറ്റിലെ പ്രധാന കണ്ണിയാണ് ഇയാള്‍. ഇയാള്‍ക്ക് ലഹരിമരുന്ന് എത്തിച്ച് നല്‍കിയ ദുബായിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു നക്ഷത്ര ഹോട്ടലില്‍ നടന്ന റേവ് പാര്‍ട്ടിയില്‍ ഇത്തരം രാസലഹരി വസ്തുക്കള്‍ വിതരണം ചെയ്യുമെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ കറുപ്പ് സ്വാമിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ക്രൈം ഡിറ്റാച്ച്‌മെന്റ് അസി. കമ്മീഷണര്‍ ബിജി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘം ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ ആംഫിറ്റമിന്‍ ടാബ് ലെറ്റുമായി പിടിയിലായ കൊച്ചി സ്വദേശിയില്‍ നിന്നാണ് ഈ ലഹരിമരുന്ന് റാക്കറ്റിനെ കുറിച്ചുള്ള സൂചന ലഭിച്ചത്. വിദേശരാജ്യങ്ങളില്‍ നിര്‍മ്മിക്കുന്ന ഈ ലഹരിമരുന്ന് ദുബായ് വഴി ഗോവയില്‍ എത്തിച്ച് അവിടെ നിന്ന് വിമാനമാര്‍ഗമാണ് കേരളത്തില്‍ എത്തിച്ചത്. പത്ത് ടാബ്ലെറ്റ് അടങ്ങുന്ന ഒരു സ്ട്രിപ്പ് അമ്പതിനായിരത്തോളം രൂപയ്ക്കായിരുന്നു ഇയാള്‍ വിതരണം ചെയ്തിരുന്നത്. ആഡംബരകാറുകളില്‍ സഞ്ചരിച്ചായിരുന്നു ഇയാള്‍ ലഹരിവസ്തുകള്‍ വിറ്റഴിച്ചത്. നഗരത്തിലെ ലഹരി ഉപഭോക്താകള്‍ക്കിടയില്‍ ഈ ലഹരിവസ്തു പരിചയപ്പെടുത്തി വിപണി കണ്ടെത്തുന്നതിനായി രണ്ടാഴ്ച്ച മുമ്പ് നടത്തിയ രഹസ്യ വീക്കെന്റ് റേവ് പാര്‍ട്ടികളില്‍ ലഹരിമരുന്ന് മാഫിയ ഇത് സൗജന്യമായി വിതരണം ചെയ്തിരുന്നു. സെന്‍ട്രല്‍ സിഐ അനന്തലാല്‍, ഷാഡോ എസ്‌ഐ ഹണി കെ. ദാസ്, സെന്‍ട്രല്‍ എസ്‌ഐ ജോസഫ് സാജന്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്. എഎസ്‌ഐ നിസാര്‍, സിപിഒമാരായ ഹരിമോന്‍, അഫ്‌സല്‍, സാനു, സന്ദീപ്, യൂസഫ്, രാഹുല്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ആംഫിറ്റമിന്‍, ദി ഡെഡ് ഡ്രഗ് ഉപഭോക്താക്കള്‍ക്കിടയില്‍ ബെന്നീസ് എന്നറിയപ്പെടുന്ന ഈ ലഹരിമരുന്ന് ഒരു സൈക്കോട്രോപിക്ക് ഡ്രഗാണ്. ആദ്യ ഉപയോഗത്തില്‍ തന്നെ ഇരകളെ അടിമകളാക്കുവാന്‍ ഇതിന് കഴിവുണ്ട്. ആല്‍ഫാ മീഥൈയില്‍ ഫീനൈല്‍ ഈഥൈല്‍ അമീന്‍ എന്ന ഈ രാസപദാര്‍ത്ഥത്തിന്റെ മൈക്രോ മില്ലീഗ്രാം പോലും മനുഷ്യന്റ കേന്ദ്ര നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. ഇതിന്റെ ലഹരി ഏകദേശം 48 മണിക്കൂര്‍ വരെ നിലനില്‍ക്കും. അമിതോപയോഗം തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ കേടുപാട് വരുത്തി മരണം വരെ ഉണ്ടായേക്കാം. ഉപഭോക്താക്കള്‍ക്കിടയില്‍ സ്പീഡ്, കാര്‍ട്ട്‌വീല്‍, മൊളീസ് എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. പത്ത് മില്ലീഗ്രാം ആം ഫിറ്റമിന്‍ അനധികൃതമായി സൂഷിച്ചാല്‍ പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതിമാരകമായ ഈ ലഹരിമരുന്ന് ഉപയോഗിക്കാനും രഹസ്യമായി സൂക്ഷിക്കുവാനും എളുപ്പമായതിനാലാണ് ഉപഭോക്താക്കള്‍ ഈ ലഹരിവലയത്തിലേക്ക് ആകര്‍ഷരാകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.