മാന്നാനം കെഇ കോളേജ് എസ്എഫ്‌ഐക്കാര്‍ അടിച്ചു തകര്‍ത്തു

Wednesday 4 October 2017 9:55 pm IST

ഗാന്ധിനഗര്‍ (കോട്ടയം): മാന്നാനം കെഇ കോളേജില്‍ എസ്എഫ്‌ഐക്കാരുടെ അഴിഞ്ഞാട്ടം. കണ്ണില്‍കണ്ടതെല്ലാം തകര്‍ത്തെറിഞ്ഞു. പ്രിന്‍സിപ്പലിനെ മുറിയില്‍ പൂട്ടിയിട്ടു. പോലീസെത്തിയാണ് പ്രിന്‍സിപ്പലിനെ രക്ഷിച്ചത്. ഇന്നലെ ഉച്ചയോടെയാണ് കോളേജില്‍ സംഘര്‍ഷം ആരംഭിച്ചത്. ഹാജര്‍ കുറവായതിനാല്‍ എസ്എഫ്‌ഐയില്‍പ്പെട്ട ചില വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല. ഇതിനെ ചോദ്യം ചെയ്ത് പ്രിന്‍സിപ്പലിന്റെ ഓഫീസിലേക്ക് വിദ്യാര്‍ത്ഥികള്‍ ഇരച്ചുകയറി. പുറത്തുനിന്നുള്ള സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജിന്റെ പ്രധാന കവാടം ബലമായി പൂട്ടിയിട്ടു. വിവരമറിഞ്ഞെത്തിയ പോലീസിന് അകത്ത് കടക്കാനും കഴിഞ്ഞില്ല. ഇതിനോടകം സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കണ്ണില്‍ കണ്ടതെല്ലാം അടിച്ചു തകര്‍ത്തു. ചെറിയ കവാടം ബലം പ്രയോഗിച്ച് തുറന്നാണ് പോലീസ് കോമ്പൗണ്ടിനുള്ളില്‍ കടന്നത്. ഇതോടെ പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ത്ഥികള്‍ ഭയന്നോടി. മുറി ബലമായി തുറന്ന് പ്രിന്‍സിപ്പലിനെ പോലീസ് മോചിപ്പിച്ചു. 65 ശതമാനം ഹാജരുണ്ടെങ്കില്‍ മാത്രമേ പരീക്ഷയ്ക്ക് ഇരുത്താന്‍ പ്രിന്‍സിപ്പലിന് കഴിയൂ. ഹാജര്‍ അതില്‍ കുറവാണെങ്കില്‍ യൂണിവേഴ്‌സിറ്റിക്കാണ് അധികാരം. വ്യവസ്ഥ ഇതായിരിക്കേ യാതൊരു പ്രകോപനവുമില്ലാതെ കോളേജില്‍ അക്രമം അഴിച്ചുവിട്ട എസ്എഫ്‌ഐക്കെതിരെ പ്രതിഷേധം വ്യാപകം. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ തകര്‍ക്കുവാനുള്ള ദുരുദ്ദേശ്യമാണ് ഇതിന് പിന്നിലെന്ന് നാട്ടുകാരും കോളേജ് അധികൃതരും ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.