'ജന്മഭൂമി'ക്കെതിരായ പോപ്പുലര്‍ ഫ്രണ്ടിന്റെ പരാതി പ്രസ് കൗണ്‍സില്‍ തള്ളി

Wednesday 4 October 2017 10:03 pm IST

ന്യൂദല്‍ഹി: ജന്മഭൂമിക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് നല്‍കിയ പരാതി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ തള്ളി. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ പ്രസിദ്ധീകരിച്ച 'വീണ്ടും ലൗ ജിഹാദ് സജീവം' എന്ന വാര്‍ത്തയ്‌ക്കെതിരെ നല്‍കിയ പരാതിയാണ് പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് ചന്ദ്രമൗലി കുമാര്‍ പ്രസാദ് അധ്യക്ഷനായ സമിതി തള്ളിക്കളഞ്ഞത്. വാര്‍ത്തയില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ പരാമര്‍ശങ്ങളുണ്ടെന്നും ഇത് സംഘടനയ്ക്ക് മാനക്കേട് ഉണ്ടാക്കിയെന്നുമായിരുന്നു പരാതി. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മറ്റിക്ക് വേണ്ടി ജനറല്‍ സെക്രട്ടറി മുഹമ്മദ് ബഷീര്‍ നല്‍കിയ പരാതിയാണ് പ്രസ് കൗണ്‍സില്‍ തള്ളിയത്. ആസൂത്രിത മതപരിവര്‍ത്തനത്തിന് പോപ്പുലര്‍ഫ്രണ്ട് നേതൃത്വം നല്‍കുന്നതായും മഞ്ചേരിയിലെ സത്യസരണി എന്ന സ്ഥാപനം ഇതിനായി ഉപയോഗിക്കുന്നുവെന്നും ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തതിനെതിരായാണ് പോപ്പുലര്‍ ഫ്രണ്ട് പ്രസ് കൗണ്‍സിലിന് പരാതി നല്‍കിയത്. വാര്‍ത്ത തിരുത്തണമെന്നും ഇതിനായി പ്രസ് കൗണ്‍സില്‍ നിര്‍ദ്ദേശം നല്‍കണമെന്നുമായിരുന്നു പിഎഫ്‌ഐയുടെ ആവശ്യം. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്ന് തെളിയിക്കുന്ന യാതൊന്നും പ്രസ് കൗണ്‍സിലിന് മുന്നില്‍ ഹാജരാക്കാന്‍ പിഎഫ്‌ഐക്ക് സാധിച്ചില്ല. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടേയും രാജ്യത്തെ വിവിധ കോടതികളുടേയും വിധികള്‍ ഉദ്ധരിച്ചാണ് വാര്‍ത്ത എഴുതിയതെന്ന് ജന്മഭൂമി പ്രസ് കൗണ്‍സിലിനെ അംഗീകരിച്ചു. അഡ്വ. ജോജോ ജോസ് ജന്മഭൂമിക്ക് വേണ്ടി ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.