കോട്ടയം - ആലപ്പുഴ ബോട്ട് സര്‍വീസ് പുനരാരംഭിച്ചു

Wednesday 4 October 2017 10:16 pm IST

കോട്ടയം: അഞ്ച് വര്‍ഷത്തിന് ശേഷം കോടിമതയില്‍ നിന്ന് കോട്ടയം - ആലപ്പുഴ ബോട്ട് സര്‍വീസ് പുനരാരംഭിച്ചു. ആലപ്പുഴയ്ക്കുള്ള ആദ്യ ട്രിപ്പില്‍ തന്നെ കോട്ടയത്ത് നിന്ന് 25 പേരുണ്ടായിരുന്നു. ദിവസം 10,000 ത്തിനും 15,000 ത്തിനും ഇടയില്‍ കളക്ഷന്‍ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. വിനോദ സഞ്ചാര സീസണായതിനാല്‍ ആലപ്പുഴയില്‍ നിന്ന് കോട്ടയത്തേക്കും തിരിച്ചും വിദേശ സഞ്ചാരികളെയും പ്രതീക്ഷിക്കുന്നുണ്ട്. രണ്ട് മാസത്തിനുള്ളില്‍ കോട്ടയം - കുമരകം- മുഹമ്മ- ആലപ്പുഴ റൂട്ടില്‍ അതിവേഗ എ.സി ബോട്ട് സര്‍വീസ് തുടങ്ങുമെന്ന് ജലഗതാഗത വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ യാത്രക്കാര്‍ക്കും സഞ്ചാരികള്‍ക്കും പ്രത്യേകം ഇരിപ്പടങ്ങള്‍ ഉണ്ടാകും. വിദേശ സഞ്ചാരികള്‍ക്കായി മാറ്റി വയ്ക്കുന്ന ഭാഗം എ.സിയായിരിക്കും. ബോട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി വരുകയാണ്. കോടിമതയില്‍ യാത്രാ ബോട്ടിന്റെ ആദ്യ സര്‍വീസ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു. ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി. നായര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.