പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കണം; കേന്ദ്രം

Wednesday 4 October 2017 11:04 pm IST

ന്യൂദല്‍ഹി: പെട്രോള്‍, ഡീസല്‍ തുടങ്ങിയവയുടെ മൂല്യവര്‍ധിത നികുതി (വാറ്റ്) അഞ്ചു ശതമാനം കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസം ഇവയുടെ എക്‌സൈസ് തീരുവ ലിറ്ററിന് രണ്ടു രൂപ വച്ച് കേന്ദ്രം കുറച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിലവര്‍ധന ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് കുറയ്ക്കാന്‍ സംസ്ഥാനങ്ങളോടും നികുതി കുറയ്ക്കാന്‍ ആവശ്യപ്പെട്ടത്. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ കത്തെഴുതും. വിവിധ സംസ്ഥാനങ്ങള്‍ 22 മുതല്‍ 28 ശതമാനം വരെ മൂല്യവര്‍ധിത നികുതിയാണ് പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഇൗടാക്കുന്നത്. ഇക്കാര്യം മറച്ചുവച്ചാണ് വിലവര്‍ധനക്ക് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ നിരന്തരം കുറ്റപ്പെടുത്തുന്നത്. കേന്ദ്രം എക്‌സൈസ് തീരുവ ലിറ്ററിന് രണ്ടു രൂപ കുറച്ചതോടെ പല സംസ്ഥാനങ്ങളിലും പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ടേകാല്‍ മുതല്‍ രണ്ടര രൂപയുടെ വരെ കുറവ് ഉണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര വിലയില്‍ വരുന്ന മാറ്റമനുസരിച്ച് ഇന്ധന വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്തുന്നത് എണ്ണക്കമ്പനികളാണ്. തങ്ങളുടെ ലാഭം ഉപേക്ഷിച്ചായാലും വില കുറയ്ക്കാന്‍ കേന്ദ്രം എണ്ണക്കമ്പനികളോടും അഭ്യര്‍ഥിച്ചിട്ടുണ്ട്. എക്‌സൈസ് തീരുവ ലിറ്ററിന് രണ്ടു രൂപ കുറച്ചതു വഴി ഖജനാവിന് വരുന്ന നഷ്ടം പ്രതിവര്‍ഷം 26,000 കോടി രൂപയാണ്. ഇതു സഹിച്ചാണ് കേന്ദ്രം ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.