ന്യൂദൽഹി: ദൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിനോട് പൊട്ടിത്തെറിച്ച് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്വരിവാൾ. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് കെജ്രിവാൾ ഗവർണറോട് കയർത്ത് സംസാരിച്ചത്. താൻ ഭീകരനല്ലെന്നും മറിച്ച് ജനങ്ങൾ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയെന്നുമാണ് കെജ്രിവാൾ പറഞ്ഞത്.
ദൽഹിയിലെ 15,000 കരാർ അടിസ്ഥാനത്തിൽ നിയമിതരായ അധ്യാപകരുടെ സ്ഥിരനിയമനവുമായി ബന്ധപ്പെട്ട പ്രശ്നത്തെച്ചൊല്ലിയാണ് കെജ്രിവാൾ ഇത്തരത്തിൽ പ്രതികരിച്ചത്. ” ഞാൻ ലഫ്റ്റനന്റ് ഗവർണറോട് ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു, ഞാൻ ഒരു ഭീകരനല്ല, തന്നെ ജനങ്ങൾ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതാണ്, അതു പോലെ തന്നെയാണ് വിദ്യാഭ്യാസ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട മനീഷ് സിസോദിയായുമെന്ന് താങ്കൾ ഓർക്കണം’ കെജ്രിവാൾ പറഞ്ഞു.
അധ്യാപകനിയമനം നടത്തുവാൻ ദൽഹി സർക്കാരിന്റെ അധികാര പദവിക്കപ്പുറമാണെന്ന് ഗവർണർ ബൈജാൽ ചൊവ്വാഴ്ച അറിയിച്ചിരുന്നു. ഇത്തരത്തിലുള്ള തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് മുൻപ് കെജ്രിവാളും സംഘങ്ങളും പുനരാലോചന നടത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതാണ് കെജ്രിവാളിനെ ഏറെ ചൊടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: