ട്രെയിന്‍ യാത്രികര്‍ ദുരിതത്തില്‍

Thursday 5 October 2017 1:50 pm IST

ട്രെയിന്‍ യാത്രികര്‍ ദുരിതത്തില്‍ നാഗര്‍കോവില്‍: കന്യാകുമാരി ജില്ലാ നിവാസികള്‍ക്ക് തിരുവനന്തപുരത്തേക്കുള്ള തീവണ്ടിയാത്ര ദുരിതയാത്രയായി മാറുന്നു. യാതൊരു കാരണവുമില്ലാതെ കന്യാകുമാരിയില്‍ നിന്നും നാഗര്‍കോവിലില്‍ നിന്നും വരുന്ന തീവണ്ടികളെ നേമം സ്‌റ്റേഷനില്‍ മണിക്കൂറുകളോളം പിടിച്ചിട്ട് താമസിപ്പിക്കുന്നതാണ് പരാതിക്ക് കാരണം. രാവിലെ കന്യാകുമാരിയില്‍ നിന്നും പുറപ്പെടുന്ന ജയന്തി ജനത എക്‌സ്പ്രസ്, നാഗര്‍കോവിലില്‍ നിന്നും പുറപ്പെടുന്ന കൊച്ചുവേളി പാസഞ്ചര്‍ തീവണ്ടി എന്നിവയാണ് നേമത്ത് പിടിച്ചിട്ട് താമസിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം നാഗര്‍കോവിലില്‍ നിന്നും എട്ടു മണിക്ക് പുറപ്പെട്ട കൊച്ചുവേളി പാസഞ്ചര്‍ തീവണ്ടി നേമത്ത് ഒന്നേകാല്‍ മണിക്കൂര്‍ പിടിച്ചിട്ടിരുന്നു. പത്ത് മണിക്ക് തിരുവനന്തപുരത്ത് എത്തിച്ചേരേണ്ട തീവണ്ടി എത്തിയത് പതിനൊന്നേകാലിനാണ്. മെഡിക്കല്‍ കോളേജിലും ആര്‍സിസിയിലും എത്തേണ്ട നിരവധി രോഗികളും സര്‍ക്കാര്‍ ജീവനക്കാരും ആശ്രയിക്കുന്നത് ഈ തീവണ്ടിയെയാണ്. പുനലൂര്‍ കന്യാകുമാരി, മുംബൈ കന്യാകുമാരി തീവണ്ടികള്‍ക്ക് കടന്നു പോകാനാണ് തിരുവനന്തപുരത്തേക്കുള്ള പാസഞ്ചര്‍ തീവണ്ടിയെ നേമത്ത് അനിശ്ചിതമായി പിടിച്ചിടുന്നത്. കഴിഞ്ഞ ദിവസം വര്‍ക്കല എത്തിയ ജയന്തിജനതക്ക് വഴി ഒരുക്കാനാണ് നേമത്ത് പാസഞ്ചര്‍ തീവണ്ടി ഒരു മണിക്കൂറില്‍ കൂടുതല്‍ പിടിച്ചിട്ട് യാത്രക്കാരെ പീഡിപ്പിച്ചത്. റെയില്‍വെ വികസനമെന്നത് തിരുവനന്തപുരത്തു നിന്ന് എറണാകുളം ഭാഗത്തേക്ക് എന്നതാണ് അധികൃതരുടെ കാഴ്ചപ്പാട് എന്നാണ് യാത്രക്കാരുടെ പൊതുവെയുള്ള പരാതി. ഇത് ശരിവെയ്ക്കുന്ന രീതിയിലാണ് തിരുവനന്തപുരം റെയില്‍വെ ഡിവിഷന്‍ അധികൃതരുടെ നടപടിയും. പാത ഇരട്ടിപ്പിക്കല്‍ താമസിപ്പിച്ചും തീവണ്ടിയാത്ര ദുരിതപൂര്‍ണ്ണമാക്കിയും യാത്രക്കാരെ പരമാവധി കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധരാക്കാന്‍ ഡിവിഷന്‍ അധികൃതര്‍ നടത്തുന്ന നീക്കമാണോ എന്ന സംശയവും പലരും ഉയര്‍ത്തുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.