വീട്ടമ്മയെ കൊന്നത് സ്വര്‍ണം തട്ടിയെടുക്കാന്‍

Thursday 5 October 2017 8:33 pm IST

കട്ടപ്പന: വീട്ടമ്മയെ കൊന്നുതള്ളിയത് സ്വര്‍ണം മോഷ്ടിക്കാന്‍. വെള്ളയാകുടി സ്വദേശിയായിരുന്ന വാസന്തിയുടെ കഴുത്തില്‍ കിടന്നിരുന്ന മാലയും രണ്ട് മോതിരവും അടക്കം മൂന്നര പവന്‍ സ്വര്‍ണവും മൊബൈല്‍ ഫോണും പ്രതികള്‍ കൈക്കലാക്കാനായിരുന്നു സ്ത്രീയുടെ നേതൃത്വത്തിലുള്ള സംഘം അരുംകൊല നടത്തിയത്. പ്രതികളെ പിടികൂടാന്‍ സഹായിച്ചത് സൈബര്‍സെല്ലിന്റെ ഇടപെടലുകൊണ്ടാണ്. കൊലപാതകം നടന്ന് 36 മണിക്കൂറിനുള്ളില്‍ പ്രതികളിലേക്ക് എത്താന്‍ കട്ടപ്പന പോലീസിന് കഴിഞ്ഞു. ജില്ലാ പോലീസ് സൂപ്രണ്ട് ജില്ലയിലെ പ്രധാനപ്പെട്ട സ്റ്റേഷനുകളിലെ യുവ എസ്.ഐമാരെ സംഘത്തില്‍ ഉള്‍പ്പെടുത്തി. തമിഴ്‌നാട്ടിലെ ചിന്നമന്നൂരില്‍ നിന്നും ഒരു മഹാലക്ഷ്മി വാസന്തിയുടെ വീട്ടില്‍ എത്തിയിരുന്നു എന്ന വിവരം മാത്രമേ പൊലീസിന് ആദ്യം ലഭിച്ചിരുന്നുള്ളൂ. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം സംഭവം നടന്ന അന്ന് രാത്രി തമിഴ്‌നാട്ടിലേക്ക് തിരിച്ചത്. സൈബര്‍സെല്ലിന്റെ സഹായത്തോടെ വാസന്തിയുടെ ഫോണിലേക്ക് വന്ന കോളുകള്‍ പരിശോധിക്കുകയും ഇതിലൂടെ മഹാലക്ഷ്മിയുടെ നമ്പര്‍ ലഭിക്കുകയുമായിരുന്നു. ടവര്‍ ലൊക്കേഷന്‍ നോക്കി ഇവരുടെ ചലനം മനസിലാക്കി. ഇങ്ങനെയാണ് ഇവരെ ബുനാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ചിന്നമന്നൂര്‍ ഭാഗത്തുനിന്നും പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ശങ്കറിനെയും , രാജയെയും കമ്പത്തുനിന്നും പിടികൂടാനായി. വാസന്തിയുടെ ആഭരണങ്ങളും പണവും തട്ടിയെടുക്കാന്‍ വേണ്ടി മൂവര്‍സംഘം ഒരുമാസം മുന്‍പേ പദ്ധതികള്‍ തയ്യാറാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.