ദോഷൈകദൃക്കുകളെ തുറന്നുകാട്ടി പ്രധാനമന്ത്രി

Thursday 5 October 2017 9:18 pm IST

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകരണമെന്ന് കൊതിക്കുന്നവരാണ് ഒരുവിഭാഗം മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരുമെന്ന് തോന്നുന്ന വിധമാണ് കാര്യങ്ങള്‍. ഇത്തരക്കാരെ തുറന്നുകാട്ടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കാതെ വയ്യ. ദോഷൈകദൃക്കുകളെന്നാണ് അത്തരക്കാരെ പ്രധാനമന്ത്രി വിശേഷിപ്പിച്ചിരിക്കുന്നത്. ചില ആളുകള്‍ക്ക് നിഷേധ ചിന്തകള്‍ പ്രചരിപ്പിച്ചാലേ ഉറക്കം വരൂ എന്നും മോദി പരിഹസിച്ചിട്ടുണ്ട്. സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ വളര്‍ച്ചാ നിരക്കില്‍ വന്ന നേരിയ ഇടിവിനെ പര്‍വ്വതീകരിക്കുന്നവരെയും, അതില്‍ ആശ്വാസം കണ്ടെത്തുന്നവരെയുമാണ് പ്രധാനമന്ത്രി പരിഹസിച്ചതെന്ന് വ്യക്തം. ഏപ്രില്‍-ജൂണ്‍ മാസത്തിലെ വളര്‍ച്ചാ നിരക്ക് 5.7 ശതമാനമായി കുറഞ്ഞതിനെ തുടര്‍ന്നാണ് മോദിവിരുദ്ധത മനസ്സില്‍ സൂക്ഷിക്കുന്ന വിഭാഗക്കാരെല്ലാം രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായ പ്രചാരണങ്ങളുമായി രംഗത്തിറങ്ങിയത്. ഇന്ത്യ വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും രാജ്യത്ത് സാമ്പത്തിക മാന്ദ്യം രൂക്ഷമെന്നുമുള്ള തരത്തില്‍ വാര്‍ത്തകളും ഇത്തരക്കാര്‍ പ്രചരിപ്പിച്ചു. സമ്പദ് വ്യവസ്ഥയിലെ പരിഷ്‌ക്കരണങ്ങളുടെ ഭാഗമായുള്ള നേരിയ ഇടിവാണ് സംഭവിച്ചിരിക്കുന്നതെന്ന് കേന്ദ്രധനമന്ത്രാലയവും ധനമന്ത്രിയും വിശദീകരിച്ചെങ്കിലും വ്യാജപ്രചാരണക്കാര്‍ക്ക് യാതൊരു മനംമാറ്റവുമുണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് ദല്‍ഹിയില്‍ നടന്ന പരിപാടിയില്‍ സമ്പദ് വ്യവസ്ഥയെ മോശമാക്കി ചിത്രീകരിക്കുന്നവര്‍ക്ക് പ്രധാനമന്ത്രി കനത്ത പ്രഹരമേല്‍പ്പിച്ചത്. മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് എട്ടു തവണയാണ് വളര്‍ച്ചാ നിരക്ക് 5.7 ശതമാനത്തില്‍ നിന്ന് താഴേക്ക് പോയതെന്ന് മോദി ചൂണ്ടിക്കാട്ടി. ഏകീകൃത ചരക്കു സേവന നികുതി രാജ്യത്ത് നടപ്പാക്കിയതുമായി ബന്ധപ്പെട്ട വിഷമതകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വികസന പാതയിലേക്ക് തിരികെ എത്തുമെന്നുമാണ് പ്രധാനമന്ത്രിയുടെ ഉറപ്പ്. വളര്‍ച്ചാ നിരക്ക് 7.7ശതമാനമാകുമെന്ന് റിസര്‍വ്വ് ബാങ്ക് പ്രവചിക്കുന്നുണ്ട്. മോട്ടോര്‍ വാഹനങ്ങളുടെ വില്‍പ്പനയും വിമാനയാത്രക്കാരുടെ എണ്ണത്തിലെ വര്‍ദ്ധനയും ടെലിഫോണ്‍-മൊബൈല്‍ വരിക്കാരുടെ എണ്ണവുമെല്ലാം വര്‍ദ്ധിക്കുന്നത് സമ്പദ് വ്യവസ്ഥ കരുത്താര്‍ജ്ജിക്കുന്നതിന്റെ ലക്ഷണങ്ങളാണ്. നോട്ട് നിരോധനത്തിന് ശേഷം കള്ളപ്പണം ശേഖരിച്ചുവയ്ക്കുന്നത് അത്ര എളുപ്പമല്ലെന്നും കള്ളപ്പണത്തിന്റെ മരണമണി മുഴങ്ങിക്കഴിഞ്ഞതായും പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നു. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തെ നയപരമായ തളര്‍ച്ചയാണ് രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ മാന്ദ്യത്തിലേക്ക് നയിച്ചത്. ഉയര്‍ന്ന പണപ്പെരുപ്പ നിരക്കും കറന്റ് അക്കൗണ്ട് കമ്മിയും ധനക്കമ്മിയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തു. എന്നാല്‍ മൂന്നുവര്‍ഷം കൊണ്ട് ഉറച്ച അടിത്തറയിലേക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ എത്തിയിരിക്കുന്നു. താല്‍ക്കാലിക നേട്ടത്തിനായി ശോഭനമായ ഭാവിയെ ഇല്ലാതാക്കാനാവില്ലെന്നും, സാമ്പത്തിക പരിഷ്‌ക്കരണ നടപടികളുമായി ഇനിയും മുന്നോട്ടു പോകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്. തുടര്‍ച്ചയായ മൂന്നുവര്‍ഷം ശരാശരി 7.5 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ സാധിച്ച സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളതെന്നും ദോഷൈകദൃക്കുകളെ കണക്കിലെടുക്കുന്നില്ലെന്നും പ്രധാനമന്ത്രി പറയുമ്പോള്‍ ഏറെ ശുഭാപ്തി വിശ്വാസമാണ് രാജ്യത്തെ ജനങ്ങളില്‍ നിന്നുയരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.